
ഷാര്‍ജ: അവസാന ഓവറിലേക്കും, അവസാന വിക്കറ്റിലേക്കും നീണ്ട ത്രില്ലറില്‍ അഫ്ഗാനിസ്താനെതിരേ പാകിസ്താനു നാടകീയ വിജയം. ഏഷ്യാ കപ്പിന്റെ സൂപ്പര്‍ ഫോറില്‍ വിജയമുറപ്പിച്ച അഫ്ഗാന്റെ കണ്ണീര് വീഴ്ത്തി പാകിസ്താന്റെ ആനന്ദനൃത്തം. തുടരെ രണ്ടാം ജയത്തോടെ പാകിസ്താന്‍ ഫൈനലിലേക്കു മുന്നേറുകയും ചെയ്തു. ഞായറാഴ്ചത്തെ ഫൈനലില്‍ ശ്രീലങ്കയാണ് പാക് പടയുടെ എതിരാളികള്‍. ഇന്ത്യക്കൊപ്പം അഫ്ഗാനും ടൂര്‍ണമെന്റില്‍ നിന്നും പുറത്താവുകയും ചെയ്തു.
130 റണ്‍സെന്ന ചെറിയ വിജയ ലക്ഷ്യമാണ് പാകിസ്താന് അഫ്ഗാന്‍ നല്‍കിയത്. ഈ സ്‌കോര്‍ പാകിസ്താന്‍ അനായാസം മറികടക്കുമെന്നാണ് കരുതപ്പെട്ടിരുന്നത് പക്ഷെ അഫ്ഗാന്‍ ആദ്യ ബോള്‍ മുതല്‍ തന്നെ വീറോടെ പൊരുതി. ഒടുവില്‍ അവസാന ഓവറില്‍ ഒരു വിക്കറ്റ് കൈയിലിരിക്കെ 11 റണ്‍സാണ് പാക് ടീമിനു ജയിക്കാന്‍ വേണ്ടിയിരുന്നത്. ഫസലുല്‍ ഫറൂഖിയുടെ ആദ്യ രണ്ടു ബോളും സിക്‌സറിലേക്കു പറത്തി യുവ പേസര്‍ നസീം ഷാ പാകിസ്താന്റെ അപ്രതീക്ഷിത ഹീറോയായി മാറി. നാലു ബോളില്‍ രണ്ടു സിക്‌സറുകളടക്കം താരം 14 റണ്‍സ് അടിച്ചെടുത്തു.
36 റണ്‍സെടുത്ത ഷദാബ് ഖാനാണ് പാകിസ്താന്റെ ടോപ്‌സ്‌കോറര്‍. ഇഫ്തിഖാര്‍ അഹമ്മദ് 30ഉം മുഹമ്മദ് റിസ്വാന്‍ 20ഉം റണ്‍സെടുത്തു. അഫ്ഗാനു വേണ്ടി ഫസല്‍ഹഖും ഫരീദ് മാലിക്കും മൂന്നു വിക്കറ്റുകള്‍ വീതം കൊയ്തപ്പോള്‍ റാഷിദ് ഖാന്‍ രണ്ടു വിക്കറ്റുകളെടുത്തു. ഒരു ഘട്ടത്തില്‍ മൂന്നിന് 86 റണ്‍സെന്ന നിലയില്‍ പാക് ടീം അനായാസ വിജയത്തിലേക്കു നീങ്ങിയിരുന്നു. പക്ഷെ പിന്നീട് കൂട്ടത്തകര്‍ച്ചയാണ് അവര്‍ക്കു നേരിട്ടത്. ഒമ്പതിനു 118ലേക്കു അവര്‍ കൂപ്പുകുത്തി. തുടര്‍ന്നായിരുന്നു നസീമിന്റെ ഹീറോയിസം.

ടോസ് നഷ്ടപ്പെട്ട് ബാറ്റിങിനു അയക്കപ്പെട്ട അഫ്ഗാനു ആറു വിക്കറ്റിനു 129 റണ്‍സെടുക്കാനേ സാധിച്ചുള്ളൂ. അഫ്ഗാന്‍ നിരയില്‍ ഒരാള്‍ മാത്രമാണ് 30 പ്ലസ് സ്‌കോര്‍ ചെയ്തത്. മൂന്നാം നമ്പറില്‍ ഇറങ്ങിയ ഇബ്രാഹിം സദ്രാനാണ് (35) ടീമിന്റെ ടോപ്‌സ്‌കോറര്‍. 37 ബോളുകള്‍ നേരിട്ട താരം രണ്ടു ബൗണ്ടറികളും ഒരു സിക്‌സറുമടിച്ചു.
ഓപ്പണര്‍ ഹസ്‌റത്തുള്ള സസായിയാണ് (21) മറ്റൊരു പ്രധാന സ്്‌കോറര്‍. 17 ബോളില്‍ താരം നാലു ബൗണ്ടറികളടിച്ചു. റഹ്മാനുള്ള ഗുര്‍ബാസ് (17), കരീം ജന്നത്ത് (15), നജീബുള്ള സദ്രാന്‍ (10), നായകന്‍ മുഹമ്മദ് നബി (0) എന്നിവരാണ് പുറത്തായത്. ഇന്നിങ്‌സ് അവസാനിക്കുമ്പോള്‍ 18 റണ്‍സോടെ റാഷിദ് ഖാനും 10 റണ്‍സുമായി അസ്മത്തുള്ള ഒമര്‍സായിയുമായിരുന്നു ക്രീസില്‍. പാകിസ്താനു വേണ്ടി ഹാരിസ് റൗഫ് രണ്ടു വിക്കറ്റുകളെടുത്തു. നസീം ഷാ, മുഹമ്മദ് ഹസ്‌നെയ്ന്‍, മുഹമ്മദ് നവാസ്, ഷദാബ് ഖാന്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീതം പങ്കിട്ടു.
ഓപ്പണിങ് വിക്കറ്റില്‍ 36 റണ്‍സ് അഫ്ഗാന്‍ നേടിയിരുന്നു. പിന്നീട് അവര്‍ക്കു വിക്കറ്റുകള്‍ നഷ്ടമായിക്കൊണ്ടിരുന്നു. ടോസിനു ശേഷം പാക് നായകന്‍ ബാബര്‍ ആസം ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു. നേരത്തേ ചിരവൈരികളായ ഇന്ത്യയെ തോല്‍പ്പിച്ച അതേ ടീമിനെ തന്നെ നിലനിര്‍ത്തിയാണ് പാകിസ്താന്‍ ഇറങ്ങിയിരിക്കുന്നത്. എന്നാല്‍ അഫ്ഗാന്‍ ടീമില്‍ രണ്ടു മാറ്റങ്ങളുണ്ട്. ഫരീദ് മാലിക്ക്, അസ്മത്തുള്ള എന്നിവരാണ് ടീമിലേക്കു വന്നത്.

സൂപ്പര്‍ ഫോറിലെ ആദ്യ പോരാട്ടത്തില്‍ ചിരവൈരികളായ ഇന്ത്യയെ പാക് പട തോല്‍പ്പിച്ചിരുന്നു. അഞ്ചു വിക്കറ്റിനായിരുന്നു ബാബര്‍ ആസമിന്റെയും സംഘത്തിന്റെയും വിജയം. ഗ്രൂപ്പുഘട്ടത്തില്‍ ഇന്ത്യയോടേറ്റ പരാജയത്തിനു പാക് പട സൂപ്പര്‍ ഫോറില്‍ അതേ നാണയത്തില്‍ കണക്കുതീര്‍ക്കുകയായിരുന്നു.
ടൂര്‍ണമെന്റില്‍ ഉജ്ജ്വലമായിട്ടായിരുന്നു മുഹമ്മദ് നബി നയിച്ച അഫ്ഗാനിസ്താന്റെ തുടക്കം. ഉദ്ഘാടന മല്‍സരത്തില്‍ ശ്രീലങ്കയ്‌ക്കെതിരേ എട്ടു വിക്കറ്റിന്റെ ആധികാരിക വിജയം അവര്‍ ആഘോഷിച്ചിരുന്നു. രണ്ടാമത്തെ മല്‍സരത്തില്‍ ബംഗ്ലാദേശിനെ ഏഴു വിക്കറ്റിനും തോല്‍പ്പിച്ച് അഫ്ഗാന്‍ ഗ്രൂപ്പ് വിജയികളായി സൂപ്പര്‍ ഫോറിലേക്കു മുന്നേറുകയായിരുന്നു. പക്ഷെ സൂപ്പര്‍ ഫോറിലെ ആദ്യ കളിയില്‍ ലങ്കയ്ക്കു മുന്നില്‍ അഫ്ഗാനു അടിതെറ്റി. നാലു വിക്കറ്റിനായിരുന്നു തോല്‍വി.
പാകിസ്താന്‍ പരാജയത്തോടെയായിരുന്നു ടൂര്‍ണമെന്റില്‍ തുടങ്ങിയത്. ബദ്ധവൈരികളായ ഇന്ത്യയോടു അഞ്ചു വിക്കറ്റിനു അവര്‍ തോല്‍ക്കുകയായിരുന്നു. എന്നാല്‍ നിര്‍ണായകമായ അടുത്ത കളിയില്‍ ഹോങ്കോങിനെ പാക് പട നാണംകെടുത്തി. 155 റണ്‍സിന്റെ വമ്പന്‍ ജയമാണ് ഹോങ്കോങ് ആഘോഷിച്ചത്.
പ്ലെയിങ് ഇലവന്‍
പാകിസ്താന്‍- ബാബര്‍ ആസം (ക്യാപ്റ്റന്‍), മുഹമ്മദ് റിസ്വാന്‍ (വിക്കറ്റ് കീപ്പര്‍), ഫഖര്‍ സമാന്‍, ഇഫ്തിഖര്‍ അഹമ്മദ്, ഖുശ്ദില്‍ ഷാ, ആസിഫ് അലി, മുഹമ്മദ് നവാസ്, ഷദാബ് ഖാന്‍, ഹാരിസ് റൗഫ്, മുഹമ്മദ് ഹസ്‌നയ്ന്‍, നസീം ഷാ.
അഫ്ഗാനിസ്താന്‍- ഹസ്‌റത്തുള്ള സസായ്, റഹ്മാനുള്ള ഗുര്‍ബാസ് (വിക്കറ്റ് കീപ്പര്‍), ഇബ്രാഹിം സദ്രാന്‍, നജീബുള്ള സദ്രാന്‍, മുഹമ്മദ് നബി (ക്യാപ്റ്റന്‍), കരീം ജന്നത്ത്, റാഷിദ് ഖാന്‍, അസ്മത്തുള്ള ഒമര്‍സായ്, മുജീബുര്‍ റഹ്മാന്‍, ഫരീദ് അഹമ്മദ് മാലിക്ക്, ഫസലുള്‍ ഫറൂഖി.