Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

Asia Cup 2022: ജയം തുടര്‍ന്ന് ഇന്ത്യ, സൂപ്പര്‍ ഫോര്‍ ടിക്കറ്റ്

1

ദുബായ്: കുഞ്ഞന്മാരായ ഹോങ്കോങും കടന്ന് നിലവിലെ ചാംപ്യന്‍മാരായ ഇന്ത്യ ഏഷ്യാ കപ്പിന്റെ സൂപ്പര്‍ ഫോറിലേക്കു ടിക്കറ്റെടുത്തു. ഇതോടെ അഫ്ഗാനിസ്താനു പിറകെ സൂപ്പര്‍ ഫോറിലെത്തിയ രണ്ടാമത്തെ ടീമായി ഇന്ത്യ മാറുകയും ചെയ്തു. 40 റണ്‍സിനാണ് അസോസിയേറ്റ് ടീം കൂടിയായ ഹോങ്കോങിനെ ഇന്ത്യ മറികടന്നത്. 193 റണ്‍സിന്റെ വലിയ വിജയലക്ഷ്യമാണ് ഇന്ത്യ ഹോങ്കോങിനു മുന്നില്‍ വച്ചത്. ഹോങ്കോങ് വീറോടെ തന്നെ പൊരുതി നോക്കി. പക്ഷെ അവര്‍ക്കു അഞ്ചു വിക്കറ്റിനു 152 റണ്‍സെടുക്കാനേ സാധിച്ചുള്ളൂ. ബാബര്‍ ഹയാത്ത് (41), കിന്‍ചിത്ത് ഷാ (30), സീഷാന്‍ അലി (26*) എന്നിവരാണ് ഹോങ്കോങ് നിരയില്‍ ഭേദപ്പെട്ട ബാറ്റിങ് കാഴ്ചവച്ചത്.

വിരാട് കോലിയടക്കം ആറു ബൗളര്‍മാരെ ഇന്ത്യ ഈ മല്‍സരത്തില്‍ പരീക്ഷിച്ചു. ഇവരില്‍ ഭുവനേശ്വര്‍ കുമാര്‍, അര്‍ഷ്ദീപ് സിങ്, രവീന്ദ്ര ജഡേജ, ആവേശ് ഖാന്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീതം നേടി. യുസ്വേന്ദ്ര ചഹലിനും കോലിക്കും വിക്കറ്റൊന്നും കിട്ടിയില്ല. പക്ഷെ ആവേശിന്റെയും അര്‍ഷ്ദീപിന്റെയും പ്രകടനം തീര്‍ച്ചയായും ഇന്ത്യക്കു ആശങ്കയുണ്ടാക്കുന്നതാണ്. ആവേശ് നാലോവറില്‍ 53 റണ്‍സ് വാരിക്കോരി നല്‍കിയപ്പോള്‍ അര്‍ഷ്ദീപ് നാലോവറില്‍ 44 റണ്‍സും വിട്ടുകൊടുത്തു.

ടോസ് നഷ്ടപ്പെട്ട് ബാറ്റിങിന് അയക്കപ്പെട്ട ഇന്ത്യ രണ്ടു വിക്കറ്റിനു 192 റണ്‍സ് അടിച്ചെടുക്കുകയായിരുന്നു. സൂര്യകുമാര്‍ യാദവിന്റെ (68*) വെടിക്കെട്ട് ഫിഫ്റ്റിയും വിരാട് കോലിയുടെ (59*) ഫിഫ്റ്റിയുമാണ് ഇന്ത്യയെ വന്‍ സ്‌കോറിലെത്തിച്ചത്. 42 ബോളില്‍ 98 റണ്‍സ് വാരിക്കൂട്ടിയ കോലി- സൂര്യ ജോടിയാണ് ഇന്ത്യയെ 200ന് അരികിലെത്തിച്ചത്. വെറും 22 ബോളുകളില്‍ നിന്നായിരുന്നു സൂര്യ ഫിഫ്റ്റി കണ്ടെത്തിയത്. 26 ബോളുകള്‍ നേരിട്ട അദ്ദേഹം ആറു വീതം ബൗണ്ടറികളും സിക്‌സറുമടക്കമാണ് പുറത്താവാതെ 68 റണ്‍സ് വാരിക്കൂട്ടിയത്. കോലിയാവട്ടെ 44 ബോളില്‍ മൂന്നു സിക്‌സറും ഒരു ബൗണ്ടറിയുമടിച്ചു. കെഎല്‍ രാഹുല്‍ (36), നായകന്‍ രോഹിത് ശര്‍മ (21) എന്നിവരാണ് പുറത്തായത്.

2

ഇന്ത്യയുടെ തുടക്കം അത്ര മികച്ചതായിരുന്നില്ല. ടീം സ്‌കോര്‍ 38ല്‍ നില്‍ക്കെയാണ് പുള്‍ ഷോട്ടിനു ശ്രമിച്ച് രോഹിത് ക്യാച്ച് സമ്മാനിച്ച് മടങ്ങിയത്. 13 ബോളില്‍ രണ്ടു ബൗണ്ടറികളും ഒരു സിക്‌സറുമടക്കമാണ് അദ്ദേഹം 21ലെത്തിയത്. രണ്ടാം വിക്കറ്റില്‍ കോലി- രാഹുല്‍ ജോടി 56 റണ്‍സ് നേടി. പക്ഷെ ഇന്ത്യ ആഗ്രഹിച്ചതു പോലെയൊരു വേഗമേറിയ ഇന്നിങ്‌സായിരുന്നില്ല ഇത്. 39 ബോളില്‍ രണ്ടു സിക്‌സറുകള്‍ മാത്രമാണ് രാഹുല്‍ നേടിയത്. അദ്ദേഹം പുറത്തായ ശേഷം സൂര്യ വന്നതോടെയാണ് ഇന്ത്യ ടോപ് ഗിയറിലേക്കു കയറിയത്. പിന്നീട് അടിയുടെ പൊടിപൂരമാണ് കണ്ടത്. 20ാം ഓവറില്‍ നാലു സിക്‌സറുകളാണ് സൂര്യ പായിച്ചത്.

ടോസിനു ശേഷം ഹോങ്കോങ് നായകന്‍ നിസാഖാത്ത് ഖാന്‍ ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു. പാകിസ്താനുമായുള്ള മല്‍സരത്തിലെ ടീമില്‍ ഒരു മാറ്റത്തോടെയാണ് ഇന്ത്യ ഇറങ്ങിയത്. സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യക്കു വിശ്രമം നല്‍കിയ ഇന്ത്യ പകരം റിഷഭ് പന്തിനെ തിരിച്ചുവിളിക്കുകയായിരുന്നു.

ഞായറാഴ്ച നടന്ന ആദ്യ കളിയില്‍ ചിരവൈരികളായ പാകിസ്താനെ തോല്‍പ്പിച്ചതിന്റെ ആത്മവിശ്വാസത്തിലാണ് രോഹിത് ശര്‍മയും സംഘവും. അവസാന ഓവറിലേക്കു നീണ്ട ത്രില്ലറില്‍ പാകിസ്താനെ അഞ്ചു വിക്കറ്റിനായിരുന്നു ഇന്ത്യ കീഴടക്കിയത്. പക്ഷെ പ്രതീക്ഷിച്ചതു പോലെ ആധികാരികമായിരുന്നില്ല ഇന്ത്യയുടെ പ്രകടനം. പ്രത്യേകിച്ചും ബാറ്റിങില്‍ തുടക്കം മുതല്‍ ഇന്ത്യ പതറിയിരുന്നു.

പ്ലെയിങ് ഇലവന്‍

ഇന്ത്യ- രോഹിത് ശര്‍മ (ക്യാപറ്റന്‍), കെഎല്‍ രാഹുല്‍, വിരാട് കോലി, സൂര്യകുമാര്‍ യാദവ്, റിഷഭ് പന്ത് (വിക്കറ്റ് കീപ്പര്‍), രവീന്ദ്ര ജഡേജ, ദിനേശ് കാര്‍ത്തിക്, ആര്‍ അശ്വിന്‍, ഭുവനേശ്വര്‍ കുമാര്‍, അര്‍ഷ്ദീപ് സിങ്, യുസ്വേന്ദ്ര ചഹല്‍.

ഹോങ്കോങ്- യാസിന്‍ മുര്‍ത്തസ, നിസാക്കാത്ത് ഖാന്‍ (ക്യാപ്റ്റന്‍), ബാബര്‍ ഹയാത്ത്, കിന്‍ചിത്ത് ഷാ, അയാസ് ഖാന്‍, സ്‌കോട്ട് മക്കെന്‍സി (വിക്കറ്റ് കീപ്പര്‍), സീഷാന്‍ അലി, ഹാരൂണ്‍ അര്‍ഷാദ്, എഹ്സാന്‍ ഖാന്‍, മുഹമ്മദ് ഗസാന്‍ഫാര്‍, ആയുഷ് ശുക്ല.

Story first published: Wednesday, August 31, 2022, 23:09 [IST]
Other articles published on Aug 31, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+