
ദുബായ്: ഐസിസിയുടെ ടി20 ലോകകപ്പിലേറ്റ നാണംകെട്ട തോല്‍വിക്കു ഏഷ്യാ കപ്പില്‍ കണക്കുതീര്‍ത്ത് ഇന്ത്യ. ദുബായില്‍ നടന്ന ത്രില്ലിങ് മാച്ചില്‍ രണ്ടു ബോളുകള്‍ ബാക്കിനില്‍ക്കെയാണ് ഇന്ത്യ അഞ്ചു വിക്കറ്റിന്റെ വിജയം പിടിച്ചെടുത്തത്. ലോ സ്‌കോറിന് മാച്ചില്‍ ഇന്ത്യന്‍ വിജയം അത്ര എളുപ്പമായിരുന്നില്ല. ഇഞ്ചോടിഞ്ച് പൊരുതിയാണ് ബാബര്‍ ആസവും സംഘവും കീഴടങ്ങിയത്. 148 റണ്‍സിന്റെ അത്ര വെല്ലുവിളിയുയര്‍ത്താത്ത വിജയലക്ഷ്യമാണ് പാകിസ്താന്‍ ഇന്ത്യക്കു നല്‍കിയത്. ഈ സ്‌കോര്‍ ഇന്ത്യ കാര്യമായ വെല്ലുവിളിയില്ലാതെ മറികടക്കുമെന്നാണ് പ്രതീക്ഷിക്കപ്പെട്ടിരുന്ന്ത്. പക്ഷെ ഉജ്ജ്വല ബൗളിങിലൂടെ ആദ്യ ഓവര്‍ മുതല്‍ പാകിസ്താന്‍ ഇന്ത്യയെ പ്രതിരോധത്തിലാക്കി. എങ്കിലും 19.4 ഓവറില്‍ അഞ്ചു വിക്കറ്റിനു ലക്ഷ്യം മറികടക്കാന്‍ ഇന്ത്യക്കു സാധിച്ചു.
ഒരു ഘട്ടത്തില്‍ പരാജയഭീതിയിലായിരുന്ന ഇന്ത്യയെ രക്ഷിച്ചത് രവീന്ദ്ര ജഡേജ- ഹാര്‍ദിക് പാണ്ഡ്യ സഖ്യമാണ്. അഞ്ചാം വിക്കറ്റില്‍ 32 ബോളില്‍ ഇരുവരും ചേര്‍ന്നെടുത്ത 52 റണ്‍സാണ് ഇന്ത്യന്‍ വിജയത്തിനു അടിത്തറയിട്ടത്. ജഡ്ഡു അവസാന ഓവറില്‍ പുറത്തായെങ്കിലും നാലാമത്തെ ബോള്‍ സിക്‌സറിലേക്കു പറത്തി ഹാര്‍ദിക് വിജയറണ്‍സ് കുറിക്കുകയായിരുന്നു.
കരിയറിലെ നൂറാമത്തെ ടി20 മല്‍സരം കളിച്ച മുന്‍ നായകന്‍ വിരാട് കോലി 35 റണ്‍സെടുത്ത് മടങ്ങി. ജഡേജയും 35 റണ്‍സാണ് നേടിയത്. 29 ബോളില്‍ രണ്ടു വീതം ബൗണ്ടറിയും സിക്‌സറുമടക്കമായിരുന്നു ഇത്. ഹാര്‍ദിക് പുറത്താവാതെ 33 റണ്‍സെടുത്തു. 17 ബോള്‍ നേരിട്ട അദ്ദേഹം നാലു ബൗണ്ടറികളും ഒരു സിക്‌സറും നേടി. 34 ബോളില്‍ മൂന്നു ബൗണ്ടറികളും ഒരു സിക്‌സറും കോലിയുടെ ഇന്നിങ്‌സിലുണ്ടായിരുന്നു. നായകന്‍ രോഹിത് ശര്‍മ (12), വൈസ് ക്യാപ്റ്റന്‍ കെഎല്‍ രാഹുല്‍ (0), സൂര്യകുമാര്‍ യാദവ് (18) എന്നിവരെല്ലാം ബാറ്റിങില്‍ നിരാശപ്പെടുത്തി. പാകിസ്താനു വേണ്ടി അരങ്ങേറ്റ മല്‍സരം കളിച്ച നസീം ഷായും സ്പിന്നര്‍ മുഹമ്മദ് നവാസും രണ്ടു വിക്കറ്റുകള്‍ വീതമെടുത്തു.

ടോസ് നഷ്ടപ്പെട്ടു ബാറ്റിങിന് അയക്കപ്പെട്ട പാക് പടയെ രോഹിത് ശര്‍മയും സംഘവും ഒരു ബോള്‍ ബാക്കിനില്‍ക്കെ 147ല്‍ ഇന്ത്യ എറിഞ്ഞിടുകയായിരുന്നു. പാക് നിരയില്‍ ആര്‍ക്കും ഫിഫ്റ്റി പ്ലസ് സ്‌കോര്‍ നേടാനായില്ല. 43 റണ്‍സെടുത്ത ഓപ്പണറും വിക്കറ്റ് കീപ്പറുമായ മുഹമ്മദ് റിസ്വാനാണ് പാകിസിതാന്റെ ടോപ്‌സ്‌കോറര്‍. 42 ബോളില്‍ അദ്ദേഹം നാലു ബൗണ്ടറികളും രണ്ടു സിക്‌സറുമടിച്ചു. 28 റണ്‍സെടുത്ത ഇഫ്തിഖാര്‍ അഹമ്മദാണ് മറ്റൊരു പ്രധാന സ്‌കോറര്‍.
നായകന്‍ ബാബര്‍ ആസം (10), ഫഖര്‍ സമാന്‍ (10), ഖുശ്ദില്‍ ഷാ (2), ആസിഫ് അലി (9), മുഹമ്മദ് നവാസ് (1), ഹാരിസ് റൗഫ് (13*), നസീം ഷാ (0), ഷാനവാസ് ദഹാനി (16) എന്നിങ്ങനെയാണ് മറ്റുള്ളവരുടെ സ്‌കോറുകള്‍. നാലു വിക്കറ്റുകളെടുത്ത ഭുവനേശ്വര്‍ കുമാറും മൂന്നു വിക്കറ്റുകള്‍ നേടിയ ഹാര്‍ദിക് പാണ്ഡ്യയും ചേര്‍ന്നാണ് പാക് നിരയില്‍ നാശം വിതച്ചത്. നാലോവറില്‍ 24 റണ്‍സിനാണ് ഭുവി നാലു പേരെ മടക്കിയത്. ഹാര്‍ദിക്കാവട്ടെ നാലോവറില്‍ 25 റണ്‍സ് വിട്ടുകൊടുത്താണ് നാലു പേരെ പുറത്താക്കിയത്. അര്‍ഷ്ദീപ് സിങിനു രണ്ടും ആവേശ് ഖാന് ഒരു വിക്കറ്റും ലഭിച്ചു.
മല്‍സരത്തില്‍ ഒരു ഘട്ടത്തിലും പാകിസ്താനെ മുന്‍തൂക്കം നേടാന്‍ ഇന്ത്യന്‍ ബൗളര്‍മാര്‍ അനുവദിച്ചില്ല. കൃത്യമായ ഇടവേളകൡ വിക്കറ്റുകള്‍ പിഴുത് പാക് ബാറ്റര്‍മാരെ ഇന്ത്യ വരച്ച വരയില്‍ നിര്‍ത്തി. ഷോര്‍ട്ട് ബോളുകള്‍ വളരെ മികച്ച രീതിയില്‍ ഉപയോഗിച്ചാണ് ഇന്ത്യന്‍ ബൗളര്‍മാര്‍ വിക്കറ്റുകള്‍ പിഴുതത്. ബാബറാണ് പാക് നിരയില്‍ ആദ്യം പുറത്തായത്. ഭുവിയുടെ ഷോര്‍ട്ട് ബോളില്‍ പുള്‍ ഷോട്ടിനു മുതിര്‍ന്ന അദ്ദേഹത്തെ അര്‍ഷ്ദീപ് പിടികൂടി. റിസാന്‍- സമാന്‍ ജോടി ഒരു മികച്ച കൂട്ടുകെട്ടിനു ശ്രമിക്കവെയാണ് സമാന്‍ പുറത്തായത്. ഇന്ത്യയെ സംബന്ധിച്ച് ലക്കി വിക്കറ്റായിരുന്നു ഇത്. ഇന്ത്യന്‍ താരങ്ങള്‍ അപ്പീല്‍ ചെയ്തില്ലെങ്കിലും ഫഖര്‍ സ്വയം ക്രീസ് വിടുകയായിരുന്നു.
നാലാം വിക്കറ്റില്‍ റിസ്വാന്‍- ഇഫ്തിഖര്‍ സഖ്യം 45 റണ്‍സിന്റെ കൂട്ടുകെട്ടുമായി ടീമിനെ കരകയറ്റി. പാക് ഇന്നിങ്‌സിലെ ഏറ്റവും മികച്ച കൂട്ടുകെട്ടും ഇതു തന്നെയായിരുന്നു. എന്നാല്‍ ടീം സ്‌കോര്‍ 87ല്‍ വച്ച് ഇഫ്തിഖറിനെ പുറത്താക്കി ഹാര്‍ദിക്ക് ഇന്ത്യക്കു നിര്‍ണായക ബ്രേക്ക്ത്രൂ നല്‍കി. 19ാം ഓവറില്‍ ഒമ്പതിന 128ലേക്കു പാക് ടീം വീണിരുന്നു. അവസാന വിക്കറ്റില്‍ റൗഫും ദഹാനിയും ചേര്‍ന്ന് ടീമിനെ 147ലെത്തിക്കുകയായിരുന്നു. അവസാന അഞ്ചോവരില്‍ 45 റണ്‍സ് പാക് നേടിയെങ്കിലും അഞ്ചു വിക്കറ്റുകള്‍ വീഴ്ത്താന്‍ ഇന്ത്യക്കു സാധിച്ചു.
ടോസിനു ശേഷം ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു. വലിയൊരു സര്‍പ്രൈസുമായിട്ടാണ് രോഹിത് ഇന്ത്യന്‍ ഇലവനെ പ്രഖ്യാപിച്ചത്. ഫസ്റ്റ് ചോയ്‌സ് വിക്കറ്റ് കീപ്പര്‍ റിഷഭ് പന്തിനെ ഒഴിവാക്കിയ ഇന്ത്യ പകരം വെറ്ററന്‍ താരം ദിനേശ് കാര്‍ത്തികിനെ കളിപ്പിക്കുകയായിരുന്നു. റിഷഭിനെക്കൂടാതെ ദീപക് ഹൂഡ, ആര്‍ അശ്വിന്‍ എന്നിവരും ഇന്ത്യന്‍ ടീമില്‍ ഇല്ല.
പ്ലെയിങ് ഇലവന്‍
ഇന്ത്യ- രോഹിത് ശര്‍മ (ക്യാപ്റ്റന്‍), കെഎല്‍ രാഹുല്‍, വിരാട് കോലി, സൂര്യകുമാര്‍ യാദവ്, ദിനേശ് കാര്‍ത്തിക് (വിക്കറ്റ് കീപ്പര്‍), ഹാര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, ഭുവനേശ്വര്‍ കുമാര്‍, യുസ്വേന്ദ്ര ചഹല്‍, അര്‍ഷ്ദീപ് സിങ്, ആവേശ് ഖാന്‍.
പാകിസ്താന്‍-മുഹമ്മദ് റിസ്വാന്‍ (വിക്കറ്റ് കീപ്പര്‍), ബാബര്‍ ആസം (ക്യാപ്റ്റന്‍), ഫഖര്‍ സമാന്‍, ഇഫ്തിഖാര്‍ അഹമ്മദ്, ഖുശ്ദില്‍ ഷാ, ആസിഫ് അലി, ഷദാബ് ഖാന്‍, മുഹമ്മദ് നവാസ്, നസീം ഷാ, ഹാരിസ് റൗഫ്, ഷഹനാസ് ദഹാനി.