ചെന്നൈ: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ പുതിയ പരിശീലകനായുള്ള ഗൗതം ഗംഭീറിന്റെ വരവിനെ വലിയ പ്രതീക്ഷയോടെയാണ് എല്ലാവരും കാണുന്നത്. ശ്രീലങ്കയ്‌ക്കെതിരായ ടി20 പരമ്പര ഇന്ത്യ തൂത്തുവാരിയപ്പോള്‍ ഏകദിന പരമ്പര കൈവിട്ടു. ഇനി ന്യൂസീസന്‍ഡ്, ഇംഗ്ലണ്ട്, ഓസ്‌ട്രേലിയ പരമ്പരകളും ചാമ്പ്യന്‍സ് ട്രോഫിയുമെല്ലാം ഗംഭീറിന് മുന്നില്‍ വലിയ വെല്ലുവിളിയായി വരാനിരിക്കുകയാണ്. നായകനെന്ന നിലയില്‍ ഇന്ത്യന്‍ ടീമിനൊപ്പം അധികം കസറാനുള്ള അവസരം ഗംഭീറിന് ലഭിച്ചില്ല.
എന്നാല്‍ ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ നായകനായി രണ്ട് തവണ ടീമിനെ കപ്പിലേക്കെത്തിക്കാന്‍ ഗംഭീറിന് സാധിച്ചു. അവസാന സീസണില്‍ ഉപദേഷ്ടാവായും കെകെആറിനെ കിരീടത്തിലേക്കെത്തിക്കാന്‍ ഗംഭീറിന് സാധിച്ചു. ഇതിന് ശേഷമാണ് ഇന്ത്യന്‍ ടീമിന്റെ പരിശീലകസ്ഥാനത്തേക്ക് ഗംഭീര്‍ എത്തുന്നത്. നിലവിലെ ഇന്ത്യന്‍ നായകനായ രോഹിത് ശര്‍മയെ വളരെയധികം പിന്തുണക്കുന്ന പരിശീലകനാണ് ഗൗതം ഗംഭീര്‍.
ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിന്റെ നായകനായിരുന്ന രോഹിത് ശര്‍മ അഞ്ച് തവണ മുംബൈയെ കിരീടത്തിലേക്കെത്തിച്ചിരുന്നു. നായകനെന്ന നിലയില്‍ ഗംഭീറിനെ ഏറ്റവും പ്രയാസപ്പെടുത്തിയത് രോഹിത്താണെന്ന് ഗംഭീര്‍ തന്നെ തുറന്ന് പറഞ്ഞിട്ടുള്ളതാണ്. ഇപ്പോഴിതാ രോഹിത്തിന്റേയും ഗംഭീറിന്റേയും നായക മികവ് അപാരമാണെന്നും എന്നാല്‍ ഇവര്‍ തമ്മില്‍ ചില പ്രധാന വ്യത്യാസങ്ങളുണ്ടെന്നും ചൂണ്ടിക്കാട്ടിയിരിക്കുകയാണ് ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ ആര്‍ അശ്വിന്‍.
'ഗൗതി ഭായി ഉള്ളില്‍ ഒളിപ്പിക്കുന്ന ആളാണ്. രോഹിത്തിന്റേയും ഗൗതി ഭായിയയുടേയും നായകരെന്ന രീതിയിലെ പ്രകടനങ്ങള്‍ക്ക് സാമ്യതയുണ്ട്. എന്നാല്‍ രോഹിത് അല്‍പ്പം കൂടി തുറന്ന മനസുള്ളയാളാണ്. എന്നാല്‍ ഗൗതി ഭായി ഉദ്ദേശ ശുദ്ധിയുള്ളയാളാണെങ്കിലും അല്‍പ്പം കൂടി രഹസ്യമായി പെരുമാറുന്നയാളാണ്' അശ്വിന്‍ പറഞ്ഞു. ഗൗതം ഗംഭീര്‍ സഹതാരങ്ങളെ വളരെയധികം പിന്തുണക്കുന്ന നായകനായിരുന്നു. സഹതാരങ്ങള്‍ക്കായി ഏതറ്റംവരേയും ഗംഭീര്‍ പോവും.

ടീമിന്റെ വിജയത്തിനായി തീവ്ര മനോഭാവത്തോടെ പെരുമാറുന്ന നായകനായിരുന്നു ഗംഭീര്‍. കെകെആര്‍ നായകനായിരുന്നപ്പോള്‍ വിരാട് കോലിയോടടക്കം ഏറ്റുമുട്ടാന്‍ ഗംഭീര്‍ ധൈര്യം കാട്ടിയിരുന്നു. സഹതാരങ്ങളുടെ പ്രശ്‌നത്തില്‍ വൈകാരികമായിത്തന്നെ ഇടപെടാന്‍ ഗംഭീര്‍ മടിക്കാറില്ല. രോഹിത്തും സഹതാരങ്ങളെ പിന്തുണക്കുന്ന നായകനാണ്. എന്നാല്‍ ഗംഭീറുമായി താരതമ്യപ്പെടുത്തുമ്പോള്‍ രോഹിത് അല്‍പ്പം ശാന്ത സ്വഭാവക്കാരനാണെന്ന് പറയാം.
എന്നാല്‍ പരിശീലക റോളിലേക്കെത്തിയ ശേഷം ഗംഭീര്‍ അല്‍പ്പം ശാന്തമായാണ് പ്രതികരിക്കുന്നത്. വലിയ ഭാവ വ്യത്യാസങ്ങള്‍ ഗംഭീറില്‍ കാണാനാവുന്നില്ലെന്നതാണ് വസ്തുത. പരിശീലക റോളിലേക്കെത്തിയ ശേഷം ഗംഭീര്‍ തന്റെ ദേഷ്യ സ്വഭാവത്തില്‍ അല്‍പ്പം കൂടി നിയന്ത്രണം വരുത്തിയിട്ടുണ്ടെന്ന് തന്നെ പറയാം. 'ഗംഭീര്‍ ഇന്ത്യന്‍ ടീമിനെ വളരെ തീവ്രമായി സ്‌നേഹിക്കുന്നയാളാണ്. ദ്രാവിഡ് ഭായിയെപ്പോലെയാണ് ഇക്കാര്യത്തില്‍ ഗൗതിയും. രണ്ട് പേരും ടീമിനെ തീവ്രമായി സ്‌നേഹിക്കുന്നു.
എന്നാല്‍ പുറത്ത് നിന്ന് നോക്കുന്നവര്‍ക്ക് ഇവരെ രണ്ടായിട്ടേ കാണാന്‍ സാധിക്കൂ. രണ്ട് പേരും വ്യത്യസ്ത സ്വഭാവക്കാരാണെങ്കിലും കാഴ്ചപ്പാട് ഒന്നാണ്. ധോണി ശാന്തനാണ്. അതുകൊണ്ട് മറ്റെല്ലാവരും ശാന്തരാണെന്ന് പറയാനാവില്ല. ഓരോരുത്തരുടേയും ഓരോ സ്വഭാവമാണ്. അത് മനസിലാക്കി പ്രോത്സാഹിപ്പിക്കുകയാണ് വേണ്ടത്' അശ്വിന്‍ കൂട്ടിച്ചേര്‍ത്തു.
ക്യാപ്റ്റനെന്ന നിലയിലും പരിശീലകനെന്ന നിലയിലും ധീരമായ തീരുമാനമെടുക്കാനും പരീക്ഷണങ്ങള്‍ നടത്താനും ഗംഭീര്‍ ധൈര്യം കാട്ടുന്നു. ഐപിഎല്ലില്‍ കെകെആറിന്റെ നായകനെന്ന നിലയില്‍ ഗംഭീര്‍ വലിയ അഴിച്ചുപണികള്‍ നടത്തിയിരുന്നു. സുനില്‍ നരെയ്‌നെ ഓപ്പണിങ്ങിലേക്കെത്തിച്ചതടക്കം നിരവധി പരീക്ഷണങ്ങള്‍ ഗംഭീര്‍ നടത്തിയിട്ടുണ്ട്. ഇതെല്ലാം ടീമിന് ഗുണം ചെയ്യുന്ന തരത്തിലാക്കാന്‍ ഗംഭീറിന് അസാധ്യ കഴിവാണുള്ളത്.
ഇന്ത്യയുടെ പരിശീലകനായപ്പോള്‍ ടി20 നായകസ്ഥാനത്ത് നിന്ന് ഹാര്‍ദിക് പാണ്ഡ്യയെ മാറ്റി സൂര്യകുമാര്‍ യാദവിനെ ഗംഭീര്‍ ക്യാപ്റ്റനാക്കി. ഇത്തരത്തില്‍ പല പരീക്ഷണങ്ങളും ഗംഭീര്‍ ഇനിയും ഇന്ത്യന്‍ ടീമില്‍ തുടരുമെന്നുറപ്പാണ്. ധൈര്യശാലിയായ നായകനും പരിശീലകനുമാണ് ഗംഭീറെന്ന് നിസംശയം പറയാം.