നാഗ്പൂർ: അമ്പത്തിനാലാം ടെസ്റ്റ് മത്സരത്തിൽ മുന്നൂറാം ടെസ്റ്റ് വിക്കറ്റ്. ഏറ്റവും വേഗത്തിൽ 300 ടെസ്റ്റ് വിക്കറ്റുകൾ എന്ന റെക്കോർഡ് ഇനി ടീം ഇന്ത്യയുടെ പ്രൈം സ്പിന്നർ രവിചന്ദ്രൻ അശ്വിന്റെ പേരിൽ. ഫാസ്റ്റ് ബൗളിംഗ് ഇതിഹാസം ഡെന്നീസ് ലിലിയെയാണ് അശ്വിന്‍ മറികടന്നത്. 56 ടെസ്റ്റിലായിരുന്നു ലിലി 300 വിക്കറ്റിലെത്തിയത്. പാകിസ്താനെതിരെയായിരുന്നു ലിലിയുടെ നേട്ടം. ശ്രീലങ്കയ്ക്കെതിരെ നാഗ്പൂരിൽ നടന്ന രണ്ടാം ടെസ്റ്റിലായിരുന്നു അശ്വിന്‍ 300 വിക്കറ്റ് ക്ലബ്ബിലെത്തിയത്.
നാഗ്പൂർ ടെസ്റ്റിലെ ഒന്നാം ഇന്നിംഗ്സിൽ ശ്രീലങ്കയുടെ നാല് വിക്കറ്റുകൾ വീഴ്ത്തിയ അശ്വിൻ രണ്ടാം ഇന്നിംഗ്സിലും ഈ നേട്ടം ആവർത്തിച്ചു. കൊൽക്കത്തയിൽ നടന്ന ഒന്നാം ടെസ്റ്റിൽ അശ്വിന് വിക്കറ്റൊന്നും കിട്ടിയിരുന്നില്ല. കരിയറിൽ ഇത് വരെയായി 54 ടെസ്റ്റുകളിലെ 101 ഇന്നിംഗ്സുകളിലായി അശ്വിൻ 300 വിക്കറ്റുകൾ വീഴ്ത്തി. ശരാശരി 25.06. അഞ്ച് വിക്കറ്റ് നേട്ടം 26 തവണ. 7 തവണ പത്ത് വിക്കറ്റ് നേട്ടം. 59 റൺസിന് 7 വിക്കറ്റാണ് അശ്വിന്റെ ബെസ്റ്റ്.

2011ൽ വെസ്റ്റ് ഇൻഡീസിനെതിരെയായിരുന്നു അശ്വിന്റെ അരങ്ങേറ്റം. ആദ്യ വിക്കറ്റ് ഡാരൻ ബ്രാവോ. ഇംഗ്ലണ്ടിന്റെ നിക് കോംപ്ടൺ അമ്പതാം വിക്കറ്റ്. വെസ്റ്റ് ഇൻഡീസിന്റെ ഡാരൻ സമി നൂറാം വിക്കറ്റ്. ഇമ്രാൻ താഹിർ, കേൻ വില്യംസൺ, മുഷ്ഫിക്കർ റഹീം എന്നിവരാണ് നൂറ്റിയമ്പതും ഇരുന്നൂറും ഇരുന്നൂറ്റിയമ്പതും വിക്കറ്റുകൾ. ലങ്കയുടെ ഗമാഗേ മുന്നൂറാം വിക്കറ്റും. വേഗത്തില്‍ 200 വിക്കറ്റിലെത്തിയ രണ്ടാമത്തെ ബൗളറെന്ന റെക്കോർഡും അശ്വിനാണ്.