ലണ്ടന്‍: ആഷസ് ക്രിക്കറ്റ് ടൂര്‍ണമെന്റിലെ രണ്ടാം മത്സരത്തില്‍ പോരാട്ടം കടുക്കുകയാണ്. ഓസ്‌ട്രേലിയ മുന്നോട്ടുവെച്ച 371 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ഇംഗ്ലണ്ട് നാലാം ദിനം കളിനിര്‍ത്തുമ്പോള്‍ നാല് വിക്കറ്റിന് 114 റണ്‍സെന്ന നിലയിലാണ്. ആറ് വിക്കറ്റും ഒരു ദിവസവും ശേഷിക്കെ ഇംഗ്ലണ്ടിന് ജയിക്കാന്‍ 257 റണ്‍സുകൂടി വേണം. നായകന്‍ ബെന്‍ സ്‌റ്റോക്‌സിനൊപ്പം (29) ഓപ്പണര്‍ ബെന്‍ ഡക്കറ്റാണ് (50) ക്രീസില്‍.
അഞ്ചാം ദിനം ഇരു ടീമിനും നിര്‍ണ്ണായകമായി മാറിയിരിക്കുകയാണ്.
എന്നാല്‍ മത്സരത്തിന്റെ നാലാം ദിനം ഏറ്റവും ചര്‍ച്ചയായത് മിച്ചല്‍ സ്റ്റാര്‍ക്കിന്റെ ക്യാച്ചാണ്. ബെന്‍ ഡക്കറ്റിനെ പുറത്താക്കാന്‍ സ്റ്റാര്‍ക്കെടുത്ത ക്യാച്ച് തേര്‍ഡ് അംപയറുടെ പരിശോധനയില്‍ നോട്ടൗട്ട് വിധിക്കുകയായിരുന്നു. സ്റ്റാര്‍ക്ക് കൃത്യമായി ക്യാച്ചെടുത്തെങ്കിലും പന്ത് പുല്ലില്‍ തട്ടിയിരുന്നതായി വ്യക്തം. ഇതോടെ തേര്‍ഡ് അംപയറായ മറൈസ് എറാസ്മസ് നോട്ടൗട്ട് വിധിക്കുകയായിരുന്നു. ഇംഗ്ലണ്ടിന്റെ രണ്ടാം ഇന്നിങ്‌സിന്റെ 29ാം ഓവറില്‍ നടന്ന സംഭവം ഓസീസ് താരങ്ങളെ തീര്‍ത്തും നിരാശപ്പെടുത്തി.
കാമറൂണ്‍ ഗ്രീനിന്റെ ഓവറിലാണ് ഈ വിവാദ ക്യാച്ച് പിറന്നത്. ഫീല്‍ഡ് അംപയര്‍ ഔട്ട് വിധിച്ചതിനെത്തുടര്‍ന്ന് ഡക്കറ്റ് ഡ്രസിങ് റൂമിലേക്ക് മടങ്ങിയ ശേഷമാണ് ഈ ട്വിസ്റ്റ് സംഭവിക്കുന്നത്. ആരാധകര്‍ ആരവങ്ങളോടെയാണ് ഡക്കറ്റിന്റെ തിരിച്ചുവരവിനെ സ്വീകരിച്ചത്. ഓസീസിന് കടുത്ത ഭീഷണി ഉയര്‍ത്തി മികച്ച പ്രകടനം നടത്തി വരവെയാണ് ഡക്കറ്റിന് ഇത്തരത്തിലൊരു ലൈഫ് ലഭിക്കുന്നത്. അതുകൊണ്ടുതന്നെ ഓസീസ് താരങ്ങള്‍ക്ക് ഉള്‍ക്കൊള്ളാനാവാത്ത വിധിയായി ഇത് മാറി.
ഇപ്പോഴിതാ ഓസീസ് ആരാധകര്‍ തേര്‍ഡ് അംപയറിനെ വിമര്‍ശിച്ച് രംഗത്തെത്തുമ്പോള്‍ കര്‍മ ഫലമെന്ന് ഓര്‍മ്മിപ്പിക്കുകയാണ് ഇന്ത്യന്‍ ആരാധകര്‍. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ ഇന്ത്യന്‍ ഓപ്പണര്‍ ശുബ്മാന്‍ ഗില്ലിനെ പുറത്താക്കാന്‍ കാമറൂണ്‍ ഗ്രീനെടുത്ത ക്യാച്ച് വിവാദമായിരുന്നു. ഗ്രീനിന്റെ കൈയില്‍ പന്തുണ്ടെങ്കിലും പന്ത് പുല്ലില്‍ തൊട്ടിരുന്നുവെന്ന് വ്യക്തമായിരുന്നു. എന്നിട്ടും തേര്‍ഡ് അംപയര്‍ ഔട്ടാണ് വിധിച്ചത്. അന്ന് ഓസീസ് ഈ വിധിയെ സ്വാഗതം ചെയ്തു.

ക്രിക്കറ്റ് നിയമ പ്രകാരം ഇത് ശരിയാണെന്നാണ് അന്ന് ഓസീസ് താരങ്ങള്‍ വാദിച്ചത്. ഇപ്പോള്‍ അവര്‍ എന്തുപറയുന്നുവെന്നും കര്‍മഫലമാണെന്നും ചതി ഓസീസ് ടീമിന് ശീലമുള്ള കാര്യമാണെന്നും ഗില്ലിനോട് ചെയ്തതിന്റെ ഫലമാണ് ഇപ്പോള്‍ നേരിടുന്നതെന്നുമാണ് ആരാധക പക്ഷം. പന്ത് നിലത്തുതട്ടിയെന്ന് സ്റ്റാര്‍ക്കിന് മനസിലായിട്ടും ഔട്ടാണെന്ന തരത്തില്‍ അഭിനയിച്ചത് ഓസീസ് താരങ്ങളുടെ പൊതു സ്വഭാവത്തെയാണ് കാട്ടുന്നത്.
ചതിച്ചും വഞ്ചിച്ചും ഏതു വിധേനെയും ജയിക്കുകയെന്നതാണ് ഓസ്‌ട്രേലിയയുടെ ശീലം. പന്തു ചുരണ്ടല്‍ അതിലൊന്നുമാത്രമാണെന്നും ക്രിക്കറ്റിലെ മാന്യന്മാരെന്ന വിശേഷണം ഓസീസിന് ചേരില്ലെന്നും ആരാധകര്‍ പറയുന്നു. എന്തായാലും ഈ ക്യാച്ച് വലിയ വിവാദമായിട്ടുണ്ട്. ഓസീസ് ആരാധകര്‍ അതൃപ്തി പരസ്യമാക്കി സാമൂഹ്യ മാധ്യമങ്ങളിലൂടെ പ്രതികരിക്കുന്നുണ്ട്. മുന്‍ താരങ്ങളടക്കം ക്യാച്ചിനോട് പ്രതികരിച്ച് രംഗത്തെത്തുമ്പോള്‍ വിവാദം കൊഴുക്കുമെന്നുറപ്പ്.
ആദ്യ മത്സരം ജയിച്ച ഓസീസ് രണ്ടാം മത്സരത്തിലും ഡ്രൈവിങ് സീറ്റിലാണ്. ഓസീസ് മുന്നോട്ടുവെച്ച 371 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ഇംഗ്ലണ്ട് നാലാം ദിനം കളി അവസാനിക്കുമ്പോള്‍ നാല് വിക്കറ്റിന് 114 റണ്‍സെന്ന നിലയിലാണ്. സാക്ക് ക്രോളി (3), ഒല്ലി പോപ്പ് (3), ജോ റൂട്ട് (18), ഹാരി ബ്രൂക്ക് (4) എന്നിവരുടെ വിക്കറ്റാണ് ആതിഥേയര്‍ക്ക് നഷ്ടമായത്. ഡക്കറ്റ്-സ്‌റ്റോക്‌സ് കൂട്ടുകെട്ടാണ് ഇംഗ്ലണ്ടിന്റെ നട്ടെല്ലായി നില്‍ക്കുന്നത്.
സ്റ്റാര്‍ക്ക് കൃത്യമായി ഡക്കറ്റിന്റെ ക്യാച്ചെടുത്തിരുന്നെങ്കില്‍ ഇംഗ്ലണ്ടിനത് കടുത്ത തിരിച്ചടിയാവുമായിരുന്നു. അഞ്ചാം ദിനം ഓസീസിന് തന്നെയാണ് ആധിപത്യം. തുടര്‍ച്ചയായ രണ്ടാം ടെസ്റ്റും തട്ടകത്തില്‍ തോറ്റാല്‍ ഇംഗ്ലണ്ടിനത് വലിയ തിരിച്ചടിയാവുമെന്നുറപ്പ്. ഓസീസ് ഒന്നാം ഇന്നിങ്‌സില്‍ 416ന് പുറത്തായപ്പോള്‍ ഇംഗ്ലണ്ടിന്റെ ഒന്നാം ഇന്നിങ്‌സ് 325 റണ്‍സില്‍ അവസാനിച്ചു. ഓസീസ് രണ്ടാം ഇന്നിങ്‌സില്‍ 279 റണ്‍സിന് ഓള്‍ഔട്ടായി 371 റണ്‍സിന്റെ വിജയലക്ഷ്യം മുന്നോട്ടുവെക്കുകയായിരുന്നു.