ഷില്ലോങ്: ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ ഭാവിയില്‍ തന്നെയും പ്രതീക്ഷിക്കാമെന്നു ക്രിക്കറ്റ് പ്രേമകള്‍ക്കു കാണിച്ചു കൊടുത്തിരിക്കുകയാണ് മുന്‍ ഇതിഹാസ താരവും വെടിക്കെട്ട് ഓപ്പണറമായ വീരേന്ദര്‍ സെവാഗിന്റെ മകന്‍ ആര്യവീര്‍. അണ്ടര്‍ 19 ടൂര്‍ണമെന്റായ കൂച്ച് ബെഹര്‍ ട്രോഫിയില്‍ ഡല്‍ഹി ടീമിനു വേണ്ടിയാണ് ഓപ്പണറായെത്തി ആര്യവീര്‍ കസറിയത്. ട്രിപ്പിള്‍ സെഞ്ച്വറി വെറും മൂന്നു റണ്‍സിനു നഷ്ടമായെങ്കിലും അച്ഛന്റെ മകന്‍ തന്നെയാണ് താനെന്നു തെളിയിച്ചിരിക്കുകയാണ് ആര്യവീര്‍.
മേഘാലയക്കെതിരായ പോരാട്ടത്തിലാണ് ആര്യവീര്‍ വെടിക്കെട്ട് ഇന്നിങ്‌സുമായി കൈയടി നേടിയത്. സെവാഗിനെ ഓര്‍മിപ്പിക്കുന്ന തരത്തില്‍ വളരെ അഗ്രസീവായ ബാറ്റിങാണ് താരം കാഴ്ചവച്ചത്. 297 റണ്‍സ് അടിച്ചെടുക്കാന്‍ വെറും 309 റണ്‍സ് മാത്രമേ ആര്യവീറിനു വേണ്ടിവന്നുള്ളൂ. 96.12 ആയിരുന്നു സ്‌ട്രൈക്ക് റേറ്റ്. ജൂനിയര്‍ വീരുവിനെക്കുറിച്ചു കൂടുതലറിയാം.

ആരാണ് ആര്യവീര്‍?
ഒരു കാലത്തു ലോക ക്രിക്കറ്റിലെ ബൗളര്‍മാരുടെയെല്ലാം പേടിസ്വപ്‌നമായിരുന്ന വീരേന്ദര്‍ സെവാഗിന്റെ രണ്ടു ആണ്‍ മക്കളില്‍ മൂത്തയാളാണ് ആര്യവീര്‍ സെവാഗ്. 2007ല്‍ ജനിച്ച താരം അച്ഛന്റെ പാത പിന്തുടര്‍ന്നാണ് ക്രിക്കറ്റിലേക്കു വരുന്നത്. വീരുവിന്റെ അതേ ശൈലിയില്‍ അഗ്രസീവ് ബാറ്റിങ് ഇഷ്ടപ്പെടുന്നയാളാണ് ആര്യവീര്‍.
കൂച്ച് ബെഹര്‍ ട്രോഫിയുടെ ഈ സീസണില്‍ നേരത്തേ കളിച്ച മല്‍സരങ്ങളില്‍ ഡല്‍ഹിക്കു വേണ്ടി കാര്യമായി തിളങ്ങാന്‍ ആര്യവീറിവനായിരുന്നില്ല. എങ്കിലും തന്റെ അഗ്രസീവ് ബാറ്റിങ് ശൈലിയില്‍ താരം മാറ്റം വരുത്തിയില്ല. ഇതിന്റെ ഫലമാണ് ആര്യവീറിനു ഇപ്പോള്‍ ലഭിച്ചിരിക്കുന്നത്. മേഘാലയക്കെതിരേ നേടിയ 297 റണ്‍സോടെ അടുത്ത വീരുവായി മാറാന്‍ തനിക്കാവുമെന്നു തെളിയിച്ചിരിക്കുകയാണ് താരം.
മകനെപ്പറ്റി വീരു പറയുന്നതെന്ത്?
ആര്യവീറിനു ക്രിക്കറ്റിലേക്കു വരാനുള്ള എല്ലാ പിന്തുണയും തുടക്കം മുതല്‍ നല്‍കി വരുന്നയാളാണ് വീരേന്ദര്‍ സെവാഗ്. ഐപിഎല്ലില്‍ കളിക്കുകയെന്ന ലക്ഷ്യം യാഥാര്‍ഥ്യമാക്കുന്നതിനു വേണ്ടി മകന്‍ കഠിനാധ്വാനം ചെയ്തു കൊണ്ടിരിക്കുകയാണെന്നായിരുന്നു അദ്ദേഹം നേരത്തേ പറഞ്ഞത്.

എന്റെ മകന്‍ ആര്യവീറിനു ഇപ്പോള്‍ 15 വയസ്സായിട്ടേയുള്ളൂ. ഐപിഎല്ലില്‍ കളിക്കുന്നതിനു വേണ്ടി അവസരം ലഭിക്കുന്നതിനായി അവന്‍ ഇതിനകം തന്നെ കഠിനാധ്വാനം നടത്തിക്കൊണ്ടിരിക്കുകയാണെന്നായിരുന്നു കഴിഞ്ഞ വര്‍ഷം സ്റ്റാര്‍ സ്‌പോര്‍ട്‌സിനോടു സംസാരിക്കവെ സെവാഗിന്റെ വാക്കുകള്‍.
അന്നു വീരു 293
2009 ഡിസംബറില്‍ ശ്രീലങ്കയ്‌ക്കെതിരേ ബ്രാബണില്‍ നടന്ന ടെസ്റ്റില്‍ വീരേന്ദര്‍ സെവാഗ് ഇന്ത്യക്കായി അടിച്ചെടുത്ത 293 റണ്‍സ് ക്രിക്കറ്റ് ആരാധകര്‍ മറന്നിട്ടുണ്ടാവില്ല. ആദ്യ ഇന്നിങ്‌സിലായിരുന്നു 254 ബോളില്‍ 40 ഫോറും ഏഴു സിക്‌സറുമടക്കം വീരു 293 റണ്‍സിലെത്തിയത്. ട്രിപ്പിളിലേക്കു കുതിച്ച അദ്ദേഹത്തെ മുന്‍ സ്പിന്‍ ഇതിഹാസം മുത്തയ്യ മുരളീധരന്‍ ക്ലീന്‍ ബൗള്‍ഡാക്കുകയായിരുന്നു.
ഇപ്പോഴിതാ നവംബറില്‍ കൂച്ച് ബെഹര്‍ ട്രോഫിയില്‍ അച്ഛന്റെ സ്‌കോറിനെ മറികടന്നിരിക്കുകയാണ് ആര്യവീര്‍ സെവാഗ്. വീരുവിനേക്കാള്‍ നാലു റണ്‍സ് കൂടുതല്‍ നേടിയാണ് കൗമാര താരം ക്രീസ് വിട്ടത്.
പുകഴ്ത്തി ആരാധകര്‍
ഇന്ത്യയുടെ മുന്‍ ഇതിഹാസം രാഹുല്‍ ദ്രാവിഡിന്റെ മകന്‍ സമിത് അടുത്തിടെ ചില മികച്ച പ്രകടനങ്ങളുമായി ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇപ്പോള്‍ വീരേന്ദര്‍ സെവഗിന്റെ മകന്‍ ആര്യവീറും തകര്‍പ്പന്‍ ഇന്നിങ്‌സുമായി കസറിയതോടെ ക്രിക്കറ്റ് പ്രേമികളും വലിയ ആവേശത്തിലായിരിക്കുകയാണ്. സോഷ്യല്‍ മീഡിയയില്‍ ജൂനിയര്‍ വീരുവിനെ അവര്‍ വാനോളം പുകഴ്ത്തുകയും ചെയ്തിട്ടുണ്ട്.
വീരേന്ദര്‍ സെവാഗിന്റെ മകന്‍ ആര്യവീറിനെ ഒന്നു നോക്കി വച്ചോളൂ. കൂച്ച് ബെഹര്‍ ട്രോഫിയിലെ ഈ പ്രകടനം വെറുമൊരു തുടക്കം മാത്രമാണ്. ഇന്ത്യന്‍ ടീമിനൊപ്പം സമീപഭാവിയില്‍ ആര്യവീറിനേ കാണാനായേക്കുമെന്നും ആരാധകര്‍ കുറിക്കുന്നു.