ഐസിസി ചാംപ്യന്‍സ് ട്രോഫി വരാനിരിക്കെ ഇന്ത്യന്‍ പ്ലെയിങ് ഇലവനില്‍ സ്ഥാനം ഒരിക്കല്‍ക്കൂടി അരക്കിട്ടുറപ്പിച്ചിരിക്കുകയാണ് ഇടംകൈയന്‍ പേസര്‍ അര്‍ഷ്ദീപ് സിങ്. സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറയുടെ പേസ് പങ്കാളിയായി മുഹമ്മദ് സിറാജിനേക്കാള്‍ മികച്ച ഓപ്ഷന്‍ താനാണെന്നു താരം വീണ്ടും തെളിയിക്കുകയും ചെയ്തു. വിജയ് ഹസാരെ ട്രോഫി ഏകദിന ടൂര്‍ണമെന്റില്‍ കരുത്തരായ മുബൈയ്‌ക്കെതിരേയാണ് ഫൈഫറുമായി പഞ്ചാബിനായി അര്‍ഷ്ദീപ് തീപ്പൊരിയായത്.
അടുത്ത മാസം നാട്ടില്‍ ഇംഗ്ലണ്ടുമായി നാട്ടില്‍ നടക്കാനിരിക്കുന്ന വൈറ്റ് ബോള്‍ പരമ്പരകളിലാണ് അദ്ദേഹത്തെ അടുത്തതായി കാണാന്‍ സാധിക്കുക. അതിനു ശേഷമാണ് ഏകദിന ഫോര്‍മാറ്റിലുള്ള ചാംപ്യന്‍സ് ട്രോഫി നടക്കാനിരിക്കുന്നത്. ഇവയ്‌ക്കെല്ലാം താന്‍ തയ്യാറായി കഴിഞ്ഞെന്നെ തെളിയിക്കുന്നതാണ് വിജയ് ഹസാരെ ട്രോഫിയില്‍ അര്‍ഷ്ദീപിന്റെ ഗംഭീര പ്രകടനം.

അര്‍ഷ്ദീപ് ഷോ
അഹമ്മദാബാദില്‍ നടന്ന വിജയ് ഹസാരെ ട്രോഫിയുടെ നാലാം റൗണ്ടിലെ ഗ്രൂപ്പ് സി മല്‍സരത്തിലാണ് അര്‍ഷ്ദീപ് സിങ് പഞ്ചാബിനായി കസറിയത്. അടുത്ത ഐപിഎല്ലില്‍ പഞ്ചാബ് കിങ്‌സിലെ തന്റെ പുതിയ ക്യാപ്റ്റന്‍ കൂടിയായ ശ്രേയസ് അയ്യരെയടക്കം പുറത്താക്കിയാണ് അദ്ദേഹം ഫൈഫറിനു അവകാശിയായത്.
വെറും 41 ബോളുകള്‍ക്കിടെയാണ് മുംബൈയുടെ അഞ്ചു പേരെ അര്‍ഷ്ദീപ് മടക്കിയത്. 10 ഓവര്‍ ക്വാട്ട പൂര്‍ത്തിയാക്കിയ അദ്ദേഹം ഒരു മെയ്ഡനടക്കം 3.8 ഇക്കോണമി റേറ്റില്‍ 38 റണ്‍സ് മാത്രം വിട്ടുകൊടുത്താണ് അഞ്ചു പേരെ പുറത്താക്കിയത്. അര്‍ഷ്ദീപിന്റെ പ്രകടനം ആദ്യം ബാറ്റ് ചെയ്ത മുംബൈയെ 48.5 ഓവറില്‍ 248 റണ്‍സിലൊതുക്കാന്‍ പഞ്ചാബിനെ സഹായിക്കുകയും ചെയ്തു.
ഇരകള്‍ ആരെല്ലാം?
മുംബൈ ബാറ്റിങ് ലൈനപ്പിലെ ടോപ്പ് സിക്‌സിലുള്ള അഞ്ചു പേരുടെയും വിക്കറ്റുകള്‍ അര്‍ഷ്ദീപ് സിങിനാണെന്നതാണ് എടുത്തു പറയേണ്ട കാര്യം. ഓപ്പണിങ് ജോടികളായ ആംഗ്രിഷ് രഘുവംശി (1), ആയുഷ് മാത്രെ (7), നായകന്‍ ശ്രേയസ് അയ്യര്‍ (17), സൂര്യകുമാര്‍ യാദവ് (0), ശിവം ദുബെ (17) എന്നിവരുടെ വിക്കറ്റുകളാണ് അര്‍ഷ്ദീപ് സ്വന്തമാക്കിയത്.
ആദ്യത്തെ ഓവറില്‍ തന്നെ അര്‍ഷ്ദീപ് വിക്കറ്റ് വേട്ടയ്ക്കു തിരി കൊളുത്തിയിരുന്നു. ഓവറിലെ അവസാന ബോളില്‍ രഘുവംശിയെ അദ്ദേഹം വിക്കറ്റിനു മുന്നില്‍ കുരുക്കുകയായിരുന്നു. തന്റെ അടുത്ത ഓവറില്‍ മറ്റൊരു ഓപ്പണറായ മാത്രെയെയും അര്‍ഷ്ദീപ് മടക്കി. വിക്കറ്റിനു മുന്നില്‍ കുരുങ്ങിയാണ് താരം ക്രീസ് വിട്ടത്.
360 ബാറ്ററായ സൂര്യക്കും അര്‍ഷ്ദീപിന്റെ തകര്‍പ്പന്‍ ബൗളിങിനു മുന്നില്‍ മറുപടി ഇല്ലായിരുന്നു. അഞ്ചു ബോളുകള്‍ നേരിട്ടിട്ടും അക്കൗണ്ട് തുറക്കാന്‍ സാധിക്കാതെ അദ്ദേഹം രമണ്‍ദീപ് സിങിനു ക്യാച്ച് സമ്മാനിക്കുകയായിരുന്നു. നായകന്‍ ശ്രേയസായിരുന്നു അര്‍ഷ്ദീപിന്റെ നാലാമത്തെ ഇര. ടീം വലിയ ബാറ്റിങ് തകര്‍ച്ച നേരിടവെ ക്രീസില്‍ പിടിച്ചുനില്‍ക്കാന്‍ ശ്രമിച്ച ശ്രേയസിനെ അര്‍ഷ്ദീപ് ബൗള്‍ഡാക്കുകയായിരുന്നു.

വമ്പനടിക്കാരനായ ഓള്‍റൗണ്ടര്‍ ദുബെയെ പുറത്താക്കിയാണ് അര്‍ഷ്ദീപ് ഫൈഫര്‍ പൂര്‍ത്തിയാക്കിയത്. 17 റണ്‍സെടുത്ത ദുബെയെ നമാന്‍ ധിറാണ് പിടികൂടിയത്. ഇതോടെ മുംബൈ ടീം 13 ഓവറില്‍ ആറു വിക്കറ്റിനു 61 റണ്‍സിലേക്കു കൂപ്പുകുത്തുകയും ചെയ്തു.
മിന്നുന്ന ഫോമില്‍
വിജയ് ഹസാരെ ട്രോഫി മൂന്നാം റൗണ്ടിലേക്കു കടക്കവെ പഞ്ചിനായി മിന്നുന്ന പ്രകടനമാണ് അര്‍ഷ്ദീപ് നടത്തിക്കൊണ്ടിരിക്കുന്നത്. ടൂര്‍ണമെന്റിലെ റണ്‍വേട്ടക്കാരില്‍ മൂന്നാംസ്ഥാനം പങ്കിടുകയാണ് അദ്ദേഹം.
മൂന്നു മല്‍സരങ്ങളില്‍ നിന്നും 5.10 ഇക്കോണമി റേറ്റില്‍ എട്ടു വിക്കറ്റുകളാണ് അര്‍ഷ്ദീപിന്റെ സമ്പാദ്യം. മുംബൈയ്‌ക്കെതിരായ ഫൈഫറാണ് അദ്ദേഹത്തെ വിക്കറ്റ് വേട്ടക്കാരില്‍ വലിയ മുന്നേറ്റം നടത്താന്‍ സഹായിച്ചത്.