ഇന്ത്യന്‍ ക്രിക്കറ്റിലെ എക്കാലത്തെയും മികച്ച ഇതിഹാസങ്ങളാണ് സച്ചിന്‍ ടെണ്ടുല്‍ക്കറും സൗരവ് ഗാംഗുലിയും. സച്ചിന്‍ ബാറ്റിങ് മികവുകൊണ്ട് ലോക ക്രിക്കറ്റിന്റെ ഇതിഹാസമായി മാറിയപ്പോള്‍ ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച നായകന്മാരിലൊരാളെന്ന നിലയിലാണ് ഗാംഗുലി ആരാധക മനസില്‍ ഇടം നേടിയത്. ഇന്ത്യയുടെ ഏറ്റവും മികച്ച ഓപ്പണിങ് കൂട്ടുകെട്ടുകളിലൊന്നാണ് സച്ചിനും ഗാംഗുലിയും. ഇന്ത്യന്‍ ക്രിക്കറ്റിലെ അടുത്ത സുഹൃത്തുക്കളായിരുന്നു ഇരുവരും.
എന്നാല്‍ ഒരിക്കല്‍ സച്ചിനും ഗാംഗുലിയും നേര്‍ക്കുനേര്‍ മത്സരിച്ചിട്ടുണ്ട്. അന്ന് സച്ചിനെതിരേ ഗാംഗുലി പന്തെറിയുകയും ചെയ്തു. ഈ മത്സരം ഓര്‍മയുണ്ടോ?. 2006ല്‍ നടന്ന എന്‍കെപി സാല്‍വ് ചലഞ്ചര്‍ ട്രോഫിയിലാണ് സച്ചിനും ഗാംഗുലിയും നേര്‍ക്കുനേര്‍ മത്സരിച്ചത്. സച്ചിനെതിരേ ഗാംഗുലി അന്ന് പന്തെറിഞ്ഞ് വിറപ്പിക്കുകയും ചെയ്തു. സച്ചിന്‍ ഇന്ത്യ ബ്ല്യൂ ടീമിനൊപ്പവും ഗാംഗുലി ഇന്ത്യ ഗ്രീന്‍ ടീമിനൊപ്പവുമായിരുന്നു. ഇന്ത്യ ബ്ലൂ ടീമിനെ രാഹുല്‍ ദ്രാവിഡ് നയിച്ചപ്പോള്‍ മുഹമ്മദ് കൈഫായിരുന്നു ഗ്രീന്‍ ടീമിന്റെ ക്യാപ്റ്റന്‍.
ആദ്യം ബാറ്റു ചെയ്ത ബ്ലൂ ടീമിനായി താന്‍മെയ് ശ്രീവാസ്തവയും സച്ചിന്‍ ടെണ്ടുല്‍ക്കറുമാണ് ഓപ്പണര്‍മാരായി ഇറങ്ങിയത്. മനോഹരമായി ബാറ്റുചെയ്ത സച്ചിനെ കുടുക്കാന്‍ 28ാം ഓവറിലാണ് മീഡിയം പേസറായ ഗാംഗുലിയെ കൈഫ് കളത്തിലിറക്കിയത്. ഗാംഗുലിയുടെ ആദ്യത്തെ നാല് പന്തുകളും സച്ചിനെ വിറപ്പിച്ചു. ഒരു റണ്‍സ് പോലും നേടാന്‍ സച്ചിനായില്ല. ഒരു റണ്‍സാണ് ഈ ഓവറില്‍ ഗാംഗുലി വഴങ്ങിയത്.
എന്നാല്‍ സച്ചിന്റെ വിക്കറ്റ് നേടാന്‍ ഗാംഗുലിക്ക് സാധിച്ചില്ല. അഞ്ചോവര്‍ പന്തെറിഞ്ഞ ഗാംഗുലി 23 റണ്‍സാണ് വിട്ടുകൊടുത്തത്. ഒരു വിക്കറ്റ് പോലും നേടാനായില്ല. സച്ചിന്‍ 100 പന്തുകളില്‍ നിന്ന് 139 റണ്‍സാണ് അടിച്ചെടുത്തത്. 20 ഫോറും നാല് സിക്‌സും സച്ചിന്റെ ഈ ഇന്നിങ്‌സില്‍ ഉള്‍പ്പെടും. എംഎസ് ധോണി (59 പന്തില്‍ 79*) പുറത്താവാതെ നിന്നപ്പോള്‍ നായകന്‍ രാഹുല്‍ ദ്രാവിഡ് (62), ഇര്‍ഫാന്‍ പഠാന്‍ (54) എന്നിവരും അര്‍ധ സെഞ്ച്വറി നേടി.

ഇതോടെ 6 വിക്കറ്റിന് 381 എന്ന കൂറ്റന്‍ സ്‌കോര്‍ ഇന്ത്യ ബ്ലൂ സ്വന്തമാക്കി. മറുപടിക്കിറങ്ങിയ ഗ്രീനിന്റെ ഓപ്പണര്‍മാരായി സൗരവ് ഗാംഗുലിയും വസിം ജാഫറുമായിരുന്നു ഉണ്ടായിരുന്നത്.
ഗാംഗുലി 30 പന്തില്‍ 24 റണ്‍സ് നേടി പുറത്തായി. ജാഫര്‍ 12 റണ്‍സിനും മടങ്ങി. പാര്‍ഥിവ് പട്ടേല്‍ (43), സുരേഷ് റെയ്‌ന (0), മുഹമ്മദ് കൈഫ് (0), ഹേമങ് ബദാനി (20), പ്രവീണ്‍ കുമാര്‍ (0) എന്നിവരെല്ലാം നിരാശപ്പെടുത്തിയതോടെ 26.4 ഓവറില്‍ 115 റണ്‍സില്‍ ഗ്രീന്‍ നിര ഓള്‍ഔട്ടായി.
നാല് വിക്കറ്റ് വീഴ്ത്തിയ ഹര്‍ഭജന്‍ സിങ്ങും രണ്ട് വിക്കറ്റ് വീതം പങ്കിട്ട മുനാഫ് പട്ടേലും ഇര്‍ഫാന്‍ പഠാനുമാണ് ഗ്രീന്‍ ടീമിന്റെ കഥ കഴിച്ചത്. 266 റണ്‍സിന്റെ വമ്പന്‍ ജയം സച്ചിനും സംഘവും നേടിയെടുത്തപ്പോള്‍ സൗരവ് ഗാംഗുലിക്കും സംഘത്തിനും നാണംകെടേണ്ടി വന്നു. സച്ചിനും ഗാംഗുലിയും നേര്‍ക്കുനേര്‍ എത്തിയ അപൂര്‍വ്വ മത്സരങ്ങളിലൊന്നായി ഇത് മാറി. എന്തായാലും സെഞ്ച്വറിയോടൊപ്പം വിജയവും നേടി സച്ചിനാണ് ഹീറോയായത്.
ഇന്ത്യക്കായി 200 ടെസ്റ്റില്‍ നിന്ന് 15921 റണ്‍സ്, 463 ഏകദിനത്തില്‍ നിന്ന് 18426 റണ്‍സ്, ഒരു ടി20യില്‍ നിന്ന് 10 റണ്‍സ് എന്നിങ്ങനെയാണ് സച്ചിന്റെ സമ്പാദ്യം. അന്താരാഷ്ട്ര ക്രിക്കറ്റില്‍ കൂടുതല്‍ റണ്‍സ്, സെഞ്ച്വറി എന്നീ റെക്കോഡുകള്‍ സച്ചിന് സ്വന്തം. ഇന്ത്യക്കായി 113 ടെസ്റ്റില്‍ നിന്ന് 7212 റണ്‍സും 311 ഏകദിനത്തില്‍ നിന്ന് 11363 റണ്‍സുമാണ് സൗരവ് ഗാംഗുലി നേടിയത്. 2003ലെ ഏകദിന ലോകകപ്പില്‍ ഇന്ത്യയെ ഫൈനലിലെത്തിച്ച നായകനാണ് ഗാംഗുലി.