ആദ്യം ശാസന, ഇപ്പോള്‍ തലോടല്‍... ആര്‍ച്ചറിനെക്കുറിച്ച് അക്തര്‍, ഒന്നു മാത്രം ശ്രദ്ധിക്കണം
കറാച്ചി: ഇംഗ്ലണ്ടിന്റെ പേസ് വിസ്മയമായ ജോഫ്ര ആര്‍ച്ചറിനെ ദിവസങ്ങള്‍ക്കു മുമ്പ് വിമര്‍ശിച്ച പാകിസ്താന്റെ മുന്‍ പേസ് ഇതിഹാസം ഷുഐബ് അക്തര്‍ ഇപ്പോള്‍ താരത്തെ പുകഴ്ത്തുകയാണ്. ഇംഗ്ലണ്ടും ഓസ്‌ട്രേലിയയും തമ്മിലുള്ള ആഷസ് പരമ്പരയിലെ രണ്ടാം ടെസ്റ്റില്‍ ആര്‍ച്ചറുടെ പെരുമാറ്റത്തെയാണ് അക്തര്‍ ട്വിറ്ററിലൂടെ വിമര്‍ശിച്ചത്.
ഓസ്‌ട്രേലിയന്‍ താരം സ്റ്റീവ് സ്മിത്ത് ബാറ്റിങിനിടെ സ്വന്തം ബൗളിങില്‍ പരിക്കേറ്റു വീണപ്പോള്‍ ആര്‍ച്ചര്‍ തിരിഞ്ഞുനോക്കിയില്ലെന്നു ചൂണ്ടിക്കാട്ടിയായിരുന്നു അക്തറിന്റെ വിമര്‍ശനം. എന്നാല്‍ ഇപ്പോള്‍ ആര്‍ച്ചറിനെ പ്രശംസിക്കുകയാണ് റാവല്‍പിണ്ടി എക്‌സ്പ്രസ്.

ജോലിഭാരം കുറയ്ക്കണം
വളരെ പ്രതിഭാശാലിയായ ബൗളറാണ് ആര്‍ച്ചറെന്നു അക്തര്‍ ചൂണ്ടിക്കാട്ടി. എന്നാല്‍ പരിക്കേല്‍ക്കാന്‍ സാധ്യത കൂടുതലാണ്. അതുകൊണ്ടു തന്നെ ആര്‍ച്ചറുടെ ജോലി ഭാരം കുറയ്ക്കണമന്നും അദ്ദേഹം ആവശ്യപ്പെടുന്നു.
ശാരീരികമായി കരുത്തനായ താരം തന്നെയാണ് ആര്‍ച്ചര്‍. പക്ഷെ ബൗളിങ് ആക്ഷനും വേഗവുമെല്ലാം പുറം ഭാഗത്ത് പരിക്കേല്‍ക്കാനുള്ള സാധ്യത വര്‍ധിപ്പിക്കുന്നു. അതുകൊണ്ട് താരത്തിനു ഇടയ്ക്കു വിശ്രമം അനിവാര്യമാണെന്നും സ്വന്തം യൂട്യൂബ് ചാനലിലൂടെ അക്തര്‍ പറഞ്ഞു.

കൂടുതല്‍ ഓവറുകള്‍ നല്‍കരുത്
കുറച്ചു മല്‍സരങ്ങളില്‍ മാത്രം ആര്‍ച്ചറിനെ ഇംഗ്ലണ്ട് കളിപ്പിക്കണമെന്ന നിര്‍ദേശമാണ് തനിക്കു മുന്നോട്ട് വയ്ക്കാനുള്ളതെന്നു അക്തര്‍ വ്യക്തമാക്കി.
ടെസ്റ്റിലാണെങ്കില്‍ ഒരിന്നിങ്‌സില്‍ 27ല്‍ കൂടുതല്‍ ഓവറുകള്‍ ആര്‍ച്ചറിനെക്കൊണ്ട് ബൗള്‍ ചെയ്യിക്കരുത്. 14 ഓവര്‍ കൊണ്ട് ചെയ്യാന്‍ കഴിയാത്ത കാര്യം 27 ഓവറുകള്‍ നല്‍കിയാലും ചെയ്യാനാവില്ലെന്നും അക്തര്‍ ചൂണ്ടിക്കാട്ടി.

സ്മിത്തിനെ വീഴ്ത്താന്‍ അതുമാത്രം
ആഷസിലെ രണ്ടാം ടെസ്റ്റില്‍ സ്മിത്തിനെ വീഴ്ത്താന്‍ ആര്‍ച്ചര്‍ പ്രയോഗിച്ച തന്ത്രത്തെ അക്തര്‍ പുകഴ്ത്തി. അതിവേഗ ബൗളറാണ് ആര്‍ച്ചര്‍. ബൗണ്‍സറുകളിലൂടെ മാത്രമേ സ്മിത്തിന്റെ താളം തെറ്റിക്കാന്‍ കഴിയൂ. ക്രീസിന്റെ പല ഭാഗത്തേക്കും മാറിനിന്ന് ബാറ്റ് ചെയ്യുന്ന ശൈലിയാണ് സ്മിത്തിന്റേത്. അപ്പോണ്‍ ബൗണ്‍സറുകള്‍ എറിയുകയല്ലാതെ മറ്റു വഴിയില്ല. ആര്‍ച്ചറുടെ ബൗണ്‍സര്‍ കൈമുട്ടില്‍ തട്ടിയപ്പോള്‍ തന്നെ സ്മിത്ത് പതറിയിരുന്നു. പിന്നീട് ആര്‍ച്ചറുടെ മറ്റൊരു ബൗണ്‍സര്‍ കഴുത്തിലും പതിച്ചതോടെ സ്മിത്ത് കീഴടങ്ങിയെന്നും അക്തര്‍ വിശദമാക്കി.

വിന്‍ഡീസിന്റെ നഷ്ടം
വിന്‍ഡീസ് ക്രിക്കറ്റ് ടീമിന്റെ വലിയ നഷ്ടമാണ് ഇംഗ്ലണ്ടിനു ഇപ്പോള്‍ അപ്രതീക്ഷിത നേട്ടമായിരിക്കുന്നത്. ബാര്‍ബഡോസില്‍ ജനിച്ച ആര്‍ച്ചര്‍ 2014ല്‍ വിന്‍ഡീസിന്റെ അണ്ടര്‍ 19 ടീമിലേക്കു തിരഞ്ഞെടുക്കപ്പെട്ടിരുന്നില്ല.
തുടര്‍ന്നാണ് ഇംഗ്ലണ്ട് ഓള്‍റൗണ്ടറായ ക്രിസ് ജോര്‍ഡന്‍ താരത്തെ ഇംഗ്ലണ്ടില്‍ കരിയര്‍ തുടരുന്നതിനെക്കുറിച്ച് ആലോചിക്കാന്‍ നിര്‍ദേശിച്ചത്. ജോര്‍ഡന്റെ ഓഫര്‍ ആര്‍ച്ചര്‍ സ്വീകരിച്ചതോടെ താരത്തിന്റെ കരിയര്‍ തന്നെ മാറിമറിയുകയായിരുന്നു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications