IND vs ENG: ഇതെങ്കിലും നിങ്ങള്‍ മുതലെടുക്കണം, ഇംഗ്ലീഷ് ടീമിന് ലക്ഷ്മണിന്റെ നിര്‍ണായക ഉപദേശം
ഇന്ത്യക്കെതിരായ നാലാമത്തെയും അവസാനത്തെയും ടെസ്റ്റില്‍ ടോസിനു ശേഷം ബാറ്റ് ചെയ്യുന്ന ഇംഗ്ലണ്ട് ടീമിന് മുന്‍ ഇതിഹാസ താരം വിവിഎസ് ലക്ഷ്മണിന്റെ നിര്‍ണായക ഉപദേശം. ഉപഭൂഖണ്ഡത്തില്‍ നടക്കുന്ന ടെസ്റ്റുകളില്‍ ടോസ് ജയിക്കുക വളരെ പ്രധാനപ്പെട്ട കാര്യമാണെന്നും ഇതു പരമാവധി മുതലെടുക്കാന്‍ ശ്രമിക്കണമെന്നുമാണ് ഇംഗ്ലീഷ് ടീമിനോടു ലക്ഷ്മണ്‍ ആവശ്യപ്പെട്ടിരിക്കുന്നത്.
ഈ പരമ്പരയില്‍ ഇതു മൂന്നാംതവണയാണ് ഇംഗ്ലണ്ട് ടോസ് ജയിച്ചത്. ഇവയിലെല്ലാം ആദ്യം ബാറ്റ് ചെയ്‌തെങ്കിലും ഒന്നില്‍ മാത്രമാണ് ജയിക്കാനായത്. ഒരു ടെസ്റ്റില്‍ ഇംഗ്ലണ്ടിനെ ഇന്ത്യ വാരിക്കളഞ്ഞിരുന്നു.

നിര്‍ണായക ടോസ്
ഉപഭൂഖണ്ഡത്തില്‍ നിങ്ങള്‍ വിജയിക്കുന്ന ടോസ് എല്ലായ്‌പ്പോഴും വളരെ നിര്‍ണായകമാണെന്നു ലക്ഷ്മണ്‍ ചൂണ്ടിക്കാട്ടി. സ്റ്റാര്‍ സ്‌പോര്‍ട്‌സിന്റെ ഷോയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. എന്നാല്‍ കഴിഞ്ഞ പിങ്ക് ബോള്‍ ടെസ്റ്റില്‍ ടോസിന്റെ ആനുകൂല്യം മുതലെടുക്കാന്‍ ഇംഗ്ലണ്ടിനായില്ല. ഒന്നാമിന്നിങ്‌സില്‍ വെറും 112 റണ്‍സിനാണ് ഇംഗ്ലണ്ട് ഓള്‍ഔട്ടായത്. ബാറ്റ്‌സ്മാന്‍മാരുടെ ഭാഗത്തു നിന്നും നല്ലൊരു ശ്രമമല്ല ഈ ടെസ്റ്റില്‍ കണ്ടതെന്നും ലക്ഷ്മണ്‍ നിരീക്ഷിച്ചു.

മികച്ച സ്‌കോര്‍ നേടാന്‍ ശ്രമിക്കൂ
ഈ ടെസ്റ്റില്‍ ഇംഗ്ലണ്ട് മെച്ചപ്പെട്ട ബാറ്റിങ് പ്രകടനം നടത്തുമെന്നു ഞാന്‍ പ്രതീക്ഷിക്കുന്നു. കാരണം ഇന്ത്യയുടെ ടോപ് ക്ലാസ് ബൗളിങ് നിരയ്‌ക്കെതിരേ നിങ്ങള്‍ കളിക്കുമ്പോള്‍ ആദ്യ ഇന്നിങ്‌സ് പരമാവധി മുതലെടുക്കാന്‍ ശ്രമിക്കണം. ആദ്യ ഇന്നിങ്‌സ് വളരെ വലുതായിരിക്കണം. അതിനായാല്‍ കളി പുരോഗമിക്കുന്തോറും നിങ്ങള്‍ക്കു നിയന്ത്രണമേറ്റെടുക്കാന്‍ കഴിയും. ജോ റൂട്ടും ഇംഗ്ലണ്ട് കോച്ച് ക്രിസ് സില്‍വര്‍വുഡും ഇതു തന്നെയായിരിക്കും ബാറ്റ്‌സ്മാന്‍മാരോടു പറഞ്ഞിട്ടുണ്ടാവുകയെന്നാണ് താന്‍ കരുതുന്നതെന്നും ലക്ഷ്മണ്‍ പറഞ്ഞു.

ഇംഗ്ലണ്ടിനു മോശം തുടക്കം
ഇന്ത്യക്കെതിരേ ടോസിനു ശേഷം ബാറ്റിങ് ചെയ്യുന്ന ഇംഗ്ലണ്ടിന് അത്ര മികച്ച തുടക്കമല്ല ലഭിച്ചിരിക്കുന്നത്. രണ്ടാം സെഷനില്‍ 34 ഓവര്‍ പൂര്‍ത്തിയായപ്പോള്‍ ഇംഗ്ലണ്ട് നാലിന് 88 റണ്‍സെന്ന നിലയിലാണ്. ലഞ്ച് ബ്രേക്കിനു മുമ്പ് തന്നെ ഇംഗ്ലണ്ടിന് മൂന്നു മുന്‍നിര വിക്കറ്റുകള്‍ നഷ്ടമായിരുന്നു. ഇന്ത്യക്കു വേണ്ടി അക്ഷര്‍ പട്ടേലും മുഹമ്മദ് സിറാജും രണ്ടു വിക്കറ്റുകള്‍ വീതമെടത്തു.
സാക്ക് ക്രോളി (9), ഡൊമിനിക്ക് സിബ്ലി (2), ജോണി ബെയര്‍സ്‌റ്റോ (28), നായകന്‍ ജോ റൂട്ട് (5) എന്നിവരാണ് പുറത്തായത്. ബെന്‍ സ്റ്റോക്‌സിനോടൊപ്പം (33) ബെന്‍ ഫോക്‌സാണ് (4) ക്രീസില്‍.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications