റാപ്പ് മ്യൂസിക്കിലൂടെ ലോകത്തിന്റെ ശ്രദ്ധ നേടിയിരിക്കുന്ന പാട്ടുകാരനാണ് മലയാളിയായ സൂരജ് ചെറുകാട്ട്. ഹനുമാന്‍കൈന്‍ഡ് എന്ന പേരില്‍ റാപ്പ് മ്യൂസിക്കില്‍ വിസ്മയിപ്പിക്കാന്‍ സൂരജിന് സാധിച്ചിരിക്കുകയാണ്. പുതിയ മലയാള സിനിമയായ റൈഫില്‍ ക്ലബ്ബിലൂടെയും താരം കൈയടി നേടുകയാണ്. 'ബിഗ് ഡോഗ്‌സ്' എന്ന പേരില്‍ മരണക്കിണറില്‍ ഓടുന്ന ബൈക്കിലും കാറിലും ലൈവ് സ്റ്റഡ് നടത്തിക്കൊണ്ട് ഹനുമാന്‍കൈന്‍ഡ് അവതരിപ്പിച്ച റാപ്പ് സോങ് 20 മില്യണിലധികം ആളുകളാണ് ഇതിനോടകം കണ്ടത്.
ലോകം അറിയപ്പെടുന്ന റാപ്പ് സോങ്ങറായി ഇതിനോടകം മാറാന്‍ ഹനുമാന്‍കൈന്‍ഡിന് സാധിച്ചിരിക്കുകയാണ്. ഇപ്പോള്‍ സിനിമയിലൂടെയും താരം കൈയടി നേടുമ്പോള്‍ ഹനുമാന്‍കൈന്‍ഡിന്റെ ലുക്കും ഇന്ത്യന്‍ ക്രിക്കറ്റ് താരം ഇഷാന്‍ കിഷന്റെ ലുക്കും തമ്മിലുള്ള സാദൃശ്യമാണ് വലിയ കൈയടി നേടുന്നത്. രണ്ട് പേരുടേയും മുഖ സാദൃശ്യമാണ് ഇപ്പോള്‍ ആരാധകര്‍ക്കിടയില്‍ വലിയ ചര്‍ച്ചയാവുന്നത്. ഇവര്‍ തമ്മില്‍ എന്തെങ്കിലും ബന്ധമുണ്ടോയെന്നാണ് എല്ലാവരും തിരയുന്നത്.
ഒരമ്മ പെറ്റ മക്കളെപ്പോലെ
കേരളക്കാരനായ സൂരജ് എന്ന ഹനുമാന്‍കൈന്‍ഡും ഇഷാന്‍ കിഷനും തമ്മില്‍ യാതൊരു ബന്ധവുമില്ലെന്നതാണ് വസ്തുത. ഇഷാന്‍ കിഷന്‍ പ്രമുഖ ക്രിക്കറ്റ് താരമായതിനാല്‍ ഹനുമാന്‍കൈന്‍ഡിനും അദ്ദേഹത്തെ അറിയാമായിരിക്കും. എന്നാല്‍ റാപ്പ് സിങ്ങറായ ഹനുമാന്‍കൈന്‍ഡിനെ ഇഷാന് അറിയാന്‍ സാധ്യത കുറവാണ്. എന്തായാലും ഇരുവരും തമ്മില്‍ നല്ല മുഖ സാദൃശ്യമുണ്ടെന്നതാണ് വസ്തുത. ഇഷാനെക്കാളും അല്‍പ്പം കൂടി തടിയും ശരീരവും ഉയരവും ഹനുമാന്‍കൈന്‍ഡിനുണ്ട്.
ഹനുമാന്‍കൈന്‍ഡിന്റെ ഹെയര്‍സ്റ്റൈലും അല്‍പ്പം വ്യത്യസ്തമാണ്. എന്നാല്‍ മുഖത്തിന്റെ സാദൃശ്യം പരിഗണിക്കുമ്പോള്‍ ഇവര്‍ തമ്മില്‍ ഒരുപോലെയാണെന്ന് പറയാം. ഒരമ്മ പെറ്റ മക്കളാണോയെന്ന് തോന്നിപ്പായാലും തെറ്റ് പറയാനാവില്ല. ഒരാളെപ്പോലെ ഏഴ് പേര്‍ ഉണ്ടാവുമെന്നാണ് പൊതുവേ പറയാണ്. അത്തരത്തിലുള്ള രൂപ സാദൃശ്യമാണിതെന്ന് പറയാം. അല്ലാതെ ഇരുവരും തമ്മില്‍ പരസ്പരം അറിയുകപോലുമില്ലെന്നതാണ് വസ്തുത.

രൂപസാദൃശ്യംകൊണ്ട് ഇവരും ഞെട്ടിച്ചു
ക്രിക്കറ്റിലെ തന്നെ ചില താരങ്ങളുടെ പരസ്പരമുള്ള മുഖ സാദൃശ്യം എല്ലാവരേയും ഞെട്ടിക്കുന്നതാണ്. ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലെ സൂപ്പര്‍ താരങ്ങളിലൊരാളായ അജിന്‍ക്യ രഹാനെയും ധവാല്‍ കുല്‍ക്കര്‍ണിയും തമ്മില്‍ നല്ല രൂപ സാദൃശ്യമാണുള്ളത്. ഇരുവരേയും ഒറ്റ നോട്ടത്തില്‍ വേര്‍തിരിച്ച് പറയുക പോലും പ്രയാസം. കുല്‍ക്കര്‍ണി പേസ് ബൗളറായിരുന്നു. രഹാനെ ബാറ്റ്‌സ്മാനും. ഇപ്പോള്‍ രണ്ട് പേരും ഇന്ത്യന്‍ ടീമിന് പുറത്താണ്.
ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ് ടീമിലെ വെടിക്കെട്ട് വിക്കറ്റ് കീപ്പറാണ് ഹെന്‍ റിച്ച് ക്ലാസന്‍. ടി20യില്‍ വെടിക്കെട്ട് ബാറ്റിങ്ങുകൊണ്ട് ഞെട്ടിക്കുന്ന ക്ലാസനും മുന്‍ ന്യൂസീലന്‍ഡ് ഓപ്പണറായ മാര്‍ട്ടിന്‍ ഗപ്റ്റിലും തമ്മില്‍ നല്ല മുഖ സാദൃശ്യമുണ്ട്. ഇരുവരുടേയും ഉയരവും ഏറെക്കുറെ ഒരുപോലെയായതിനാല്‍ ഹെല്‍മറ്റ് അണിഞ്ഞ് കളത്തിലിറങ്ങുമ്പോള്‍ വേര്‍തിരിച്ച് കാണുക പ്രയാസം.
മുന്‍ ദക്ഷിണാഫ്രിക്കന്‍ വെടിക്കെട്ട് ബാറ്റ്‌സ്മാന്‍ എബി ഡിവില്ലിയേഴ്‌സും ഓസ്‌ട്രേലിയയുടെ വെടിക്കെട്ട് ബാറ്റ്‌സ്മാന്‍ ട്രാവിസ് ഹെഡും കാണാന്‍ നല്ല രൂപ സാദൃശ്യമാണുള്ളത്. ഡിവില്ലിയേഴ്‌സിനെക്കാള്‍ ഹെഡ്ഡിന് അല്‍പ്പം ഉയരം കുറവാണുള്ളത്. ഇന്ത്യയുടെ ഇതിഹാസ ബാറ്റ്‌സ്മാനായ വിരാട് കോലിയുടെ മുഖ സാദൃശ്യമുള്ള പാകിസ്താന്‍ ക്രിക്കറ്റ് താരമുണ്ടെന്നതാണ് കൗതുകകരമായ കാര്യം. അഹമ്മദ് ഷഹ്‌സാദാണ് ഈ താരം. ഒറ്റ നോട്ടത്തില്‍ കോലിയെപ്പോലെ തോന്നുന്ന ഷഹ്‌സാദിന് വലിയൊരു കരിയര്‍ നേടിയെടുക്കാനായിട്ടില്ല.
ഇഷാന്‍ എന്ന് തിരിച്ചുവരും
ഏകദിനത്തിലെ വേഗ ഇരട്ട സെഞ്ച്വറിക്കാരനെന്ന റെക്കോഡ് സ്വന്തമായുള്ള താരമാണ് ഇഷാന്‍ കിഷന്‍. എന്നാല്‍ നിലവില്‍ ഇന്ത്യന്‍ ടീമിന് പുറത്താണ് ഇഷാന്‍. ടീം മാനേജ്‌മെന്റുമായുള്ള അഭിപ്രായ ഭിന്നതയെത്തുടര്‍ന്നാണ് ഇഷാന്‍ മാറ്റിനിര്‍ത്തപ്പെട്ടത്. ഇത്തവണ ഐപിഎല്‍ മെഗാ ലേലത്തിലൂടെ മുംബൈ വിട്ട് ഇഷാന്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിലേക്കെത്തിയിട്ടുണ്ട്. അധികം വൈകാതെ ഇഷാന്‍ ഇന്ത്യന്‍ ടീമിലേക്കുമെത്തുമെന്ന് തന്നെ പ്രതീക്ഷിക്കാം.