അഡ്‌ലെയ്ഡ്: ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലിയുടെ കരിയറിലേക്കു മറ്റൊരു പോന്‍തൂവല്‍ കൂടി കൂട്ടിച്ചേര്‍ക്കപ്പെട്ടിരിക്കുകയാണ്. ഓസ്‌ട്രേലിയക്കെതിരേ അഡ്‌ലെയ്ഡില്‍ നടക്കുന്ന പിങ്ക് ബോള്‍ ടെസ്റ്റിലെ മികച്ച ഇന്നിങ്‌സോടെയാണ് പുതിയൊരു റെക്കോര്‍ഡ് അദ്ദേഹത്തിന്റെ പേരില്‍ കുറിക്കപ്പെട്ടിരിക്കുന്നത്. വിദേശത്ത് പിങ്ക് ബോള്‍ ടെസ്റ്റില്‍ ഇന്ത്യക്കു വേണ്ടി ഫിഫ്റ്റി നേടിയ ആദ്യത്തെ താരമായി കോലി മാറിയിരിക്കുകയാണ്.

നേരത്തേ പിങ്ക് ബോള്‍ ടെസ്റ്റില്‍ ഇന്ത്യക്കു വേണ്ടി സെഞ്ച്വറി നേടിയ ആദ്യ ഇന്ത്യന്‍ താരമെന്ന റെക്കോര്‍ഡിനും കോലി അവകാശിയായിരുനന്നു. കഴിഞ്ഞ വര്‍ഷം കൊല്‍ക്കത്തയിലെ ഈഡന്‍ ഗാര്‍ഡന്‍സില്‍ ബംഗ്ലാദേശിനെതിരേയായിരുന്നു ഇന്ത്യ ചരിത്രത്തിലാദ്യമായി പിങ്ക് ബോള്‍ ടെസ്റ്റ് കളിച്ചത്. ഇന്ത്യ ഇന്നിങ്‌സിനും 46 റണ്‍സിനും ജയിച്ച മല്‍സരത്തില്‍ കോലി സെഞ്ച്വറിയോടെ കസറിയിരുന്നു. 194 ബോളില്‍ 18 ബൗണ്ടറികളോടെ 136 റണ്‍സായിരുന്നു അദ്ദേഹം നേടിയത്.
അന്നത്തെ പിങ്ക് ബോള്‍ ടെസ്റ്റിനു ശേഷം ഇന്ത്യയുടെ ആദ്യത്തെ ഡേ-നൈറ്റ് ടെസ്റ്റ് കൂടിയാണ് ഇപ്പോള്‍ അഡ്‌ലെയ്ഡില്‍ പുരോഗമിക്കുന്നത്. 2019ല്‍ പിങ്ക് ബോള്‍ ടെസ്റ്റില്‍ സെഞ്ച്വറി നേടി നിര്‍ത്തിയ ഇടത്തു നിന്ന് തന്നെ കോലി ഇത്തവണ തുടരുകയായിരുന്നു.
കളി 64 ഓവര്‍ പിന്നിടുമ്പോള്‍ ഇന്ത്യ മൂന്നു വിക്കറ്റിന് 139 റണ്‍സെന്ന നിലയിലാണ്. ക്യാപ്റ്റന്റെ കളി പുറത്തെടുത്ത കോലി 53 റണ്‍സുമായി ടീമിനെ മുന്നില്‍ നിന്നു നയിക്കുകയാണ്. 141 ബോളുകള്‍ നേരിട്ട അദ്ദേഹത്തിന്റെ ഇന്നിങ്‌സില്‍ അഞ്ചു ബൗണ്ടറികളുണ്ടായിരുന്നു. ഒരു ഘട്ടത്തില്‍ രണ്ടിനു 32 റണ്‍സെന്ന നിലയില്‍ പരുങ്ങിയ ഇന്ത്യയെ കളിയിലേക്കു തിരിച്ചുകൊണ്ടു വന്നത് കോലി- ചേതേശ്വര്‍ പുജാര സഖ്യമാണ്. മൂന്നാം വിക്കറ്റില്‍ 68 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കാന്‍ ഇരുവര്‍ക്കും സാധിച്ചു. ഫിഫ്റ്റിക്കു ഏഴു റണ്‍സ് അകലെ പുജാരയെ പുറത്താക്കി നതാന്‍ ലിയോണാണ് ഓസീസിന് ബ്രേക്ക്ത്രൂ നല്‍കിയത്. പൃഥ്വി ഷാ (0), മായങ്ക് അഗര്‍വാള്‍ (17) എന്നിവരാണ് ഇന്ത്യന്‍ നിരയില്‍ പുറത്തായ മറ്റുള്ളവര്‍.
ടെസ്റ്റ് കരിയറിലെ 24ാമത്തെ ഫിഫ്റ്റിയാണ് കോലി അഡ്‌ലെയ്ഡില്‍ നേടിയത്. മാത്രമല്ല ഓസ്‌ട്രേലിയയില്‍ തന്റെ ഭാഗ്യഗ്രൗണ്ട് കൂടിയാണ് ഇതെന്നു അദ്ദേഹം മികച്ച പ്രകടനത്തിലൂടെ ഒരിക്കല്‍ക്കൂടി തെളിയിക്കുകയും ചെയ്തു. ഈ വേദിയില്‍ മൂന്നു ടെസ്റ്റ് സെഞ്ച്വറികളും രണ്ട് ഏകദിന സെഞ്ച്വറികളും കോലി നേടിയിട്ടുണ്ട്. കൂടാതെ ടി20യില്‍ പുറത്താവാതെ 90 റണ്‍സും അദ്ദേഹം ഇവിടെ അടിച്ചെടുത്തിരുന്നു.