IND vs SL: 30ല്‍ 29 ലങ്കന്‍ താരങ്ങളും കരാര്‍ ഒപ്പുവച്ചു, സൂപ്പര്‍താരം പിന്‍മാറി, വിരമിച്ചേക്കും!
ഇന്ത്യക്കെതിരേ നാട്ടില്‍ നടക്കാനിരിക്കുന്ന ഏകദിനം, ടി20 പരമ്പരകള്‍ക്കു മുന്നോടിയായി ശ്രീലങ്കന്‍ ക്രിക്കറ്റര്‍മാര്‍ ടൂര്‍ കരാറില്‍ ഒപ്പുവച്ചതായി ശ്രീലങ്ക ക്രിക്കറ്റ് (എസ്എല്‍സി) അറിയിച്ചു. 30 കളിക്കാരെയായിരുന്നു ഇന്ത്യക്കെതിരായ പരമ്പരയ്ക്കുള്ള സാധ്യതാ ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയിരുന്നത്.
ഇവരില്‍ ഒരാളൊഴികെ 29 പേരും കരാറില്‍ ഒപ്പുവച്ചതോടെ നേരത്തേയുണ്ടായിരുന്ന അനിശ്ചിതത്വം അവസാനച്ചിരിക്കുകയാണ്. മുന്‍ ക്യാപ്റ്റനും സ്റ്റാര്‍ ഓള്‍റൗണ്ടറുമായ ആഞ്ചലോ മാത്യൂസാണ് കരാര്‍ ഒപ്പിടാന്‍ വിസമ്മതിച്ചത്. തന്നെ ടീമിലേക്കു പരിഗണിക്കരുതെന്നും അറിയിച്ച അദ്ദേഹം അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും വിരമിച്ചേക്കുമെന്നാണ് വിവരം.

എതിര്‍പ്പ് പ്രകടിപ്പിച്ചു
കരാറിലെ ചില നിബന്ധനകളില്‍ ലങ്കന്‍ താരങ്ങള്‍ നേരത്തേ അനിഷ്ടം പ്രകടിപ്പിക്കുകയും ഒപ്പുവയ്ക്കാന്‍ വിസമ്മതിക്കുകയും ചെയ്തിരുന്നു. ഇതോടെ പുതിയ കളിക്കാരെ ഉള്‍പ്പെടുത്തി പുതിയൊരു ലങ്കന്‍ ടീമിനെ ഇന്ത്യക്കെതിരേ ഇറക്കാനും എസ്എല്‍സി ആലോചിച്ചിരുന്നു. എന്നാല്‍ ഇംഗ്ലണ്ട് പര്യടനം കഴിഞ്ഞെത്തിയതിനു പിന്നാലെ ലങ്കന്‍ താരങ്ങള്‍ ടൂര്‍ കരാര്‍ ഒപ്പുവയ്ക്കുകയായിരുന്നു.
കരാറുമായി ബന്ധപ്പെട്ട ഈ അനിശ്ചിതത്വം കാരണമായിരുന്നു ഇന്ത്യക്കെതിരായ പരമ്പരയ്ക്കുള്ള ടീമിനെ ലങ്ക പ്രഖ്യാപിക്കുന്നത് വൈകിയത്. എന്നാല്‍ ഇപ്പോള്‍ എല്ലാം കലങ്ങിത്തെളിഞ്ഞതോടെ ടി20, ഏകദിനം എന്നിവയ്ക്കുള്ള ടീമിനെ എസ്എല്‍സി ഉടന്‍ പ്രഖ്യാപിക്കും.

മാത്യൂസിന്റെ പിന്‍മാറ്റം
പരിചയസമ്പന്നനായ മാത്യൂസിന്റെ പിന്‍മാറ്റം ലങ്കയെ സംബന്ധിച്ച് കനത്ത ആഘാതമാണെങ്കില്‍ ഇന്ത്യക്ക് അതു ആശ്വാസമാവും. കാരണം ഇന്ത്യക്കെതിരേ എല്ലായ്‌പ്പോഴും മികച്ച പ്രകടനമാണ് അദ്ദേഹം നടത്തിയിട്ടുള്ളത്. ബാറ്റിങിലും ബൗളിങിലും നിരവധിസ മാച്ച് വിന്നിങ് പ്രകടനങ്ങള്‍ നടത്തിയിട്ടുള്ള താരമാണ് മാത്യൂസ്.
30 പേരടങ്ങുന്ന പ്രാഥമിക സംഘത്തില്‍ ആഞ്ചലോ മാത്യൂസിനെ ഉള്‍പ്പെടുത്തിയിരുന്നു. എന്നാല്‍ ഇനിയൊരു അറിയിപ്പ് ഉണ്ടാവുന്നതു വരെ ദേശീയ ടീമിന്റെ ഡ്യൂട്ടിയില്‍ നിന്നും തന്നെ ഒഴിവാക്കിത്തരണമെന്ന് അദ്ദേഹം അഭ്യര്‍ഥിച്ചിരിക്കുകയാണെന്നു എസ്എല്‍സി വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.

സീനിയര്‍ താരങ്ങളെ പരിഗണിച്ചില്ല
അവസാനമായി ഇംഗ്ലണ്ട്, ബംഗ്ലാദേശ് എന്നിവര്‍ക്കെതിരേ നടന്ന പരമ്പരകളില്‍ സീനിയര്‍ താരങ്ങളെ എസ്എല്‍സി ലങ്കന്‍ ടീമിലേക്കു പരിഗണിച്ചിരുന്നില്ല. മാത്യൂസിനെക്കൂടാതെ ദിമുത് കരുണരത്‌നെ, ദിനേഷ് ചാണ്ഡിമല്‍ തുടങ്ങിയ സീനിയര്‍ താരങ്ങളും ടീമില്‍ നിന്നും ഒഴിവാക്കപ്പെട്ടിരുന്നു. എന്നാല്‍ ഇന്ത്യക്കെതിരായ പരമ്പരയ്ക്കു മുമ്പ് മാത്യൂസിന് കരാര്‍ ഓഫര്‍ ചെയ്യുകയായിരുന്നു. പക്ഷെ അദ്ദേഹം അതിനു വിസമ്മതിക്കുകയും ചെയ്യുകയായിരുന്നു.
ഇംഗ്ലണ്ടില്‍ കുശാല്‍ പെരേരയായിരുന്നു ലങ്കയെ ടി20, ഏകദിന പരമ്പരകളില്‍ നയിച്ചത്. രണ്ടു പരമ്പരകൡും ലങ്ക തൂത്തുവാരപ്പെടുകയും ചെയ്തു. ടി20 പരമ്പര 3-0നും ഏകദിനം 2-0നുമായിരുന്നു ഇംഗ്ലണ്ട് നേടിയത്. അവസാന ഏകദിനം മഴയെ തുടര്‍ന്ന് ഉപേക്ഷിക്കപ്പെടുകയായിരുന്നു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications