സൗത്താഫ്രിക്കന്‍ പര്യടനം- ഹാര്‍ദിക്കിനെ വീണ്ടും തഴഞ്ഞേക്കും, ടീമിലെത്താന്‍ ഒരു വഴി മാത്രം
ന്യൂസിലാന്‍ഡിനെതിരായ ടി20 പരമ്പരയില്‍ നിന്നും തഴയപ്പെട്ട സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യയെ ഇന്ത്യ അടുത്ത മാസം നടക്കാനിരിക്കുന്ന സൗത്താഫ്രിക്കന്‍ പര്യടനത്തിലും ഒഴിവാക്കിയേക്കും. ഫിറ്റ്‌നസില്ലായ്മയെ തുടര്‍ന്നായിരുന്നു ന്യൂസിലാന്‍ഡുമായുള്ള മൂന്നു ടി20കളുടെ പരമ്പരയില്‍ നിന്നും താരം ഒഴിവാക്കപ്പെടുകയും പകരം മധ്യപ്രദേശില്‍ നിന്നുള്ള പുതുമുഖ ഓള്‍റൗണ്ടര്‍ വെങ്കടേഷ് അയ്യര്‍ക്കു അവസരം നല്‍കുകയുമായിരുന്നു. ഇന്ത്യ ജയിച്ച രണ്ടു ടി20കളിലും താരം കളിക്കുകയും ചെയ്തിരുന്നു.
പൂര്‍ണ ഫിറ്റല്ലാതിരുന്നിട്ടും യുഎഇയില്‍ നടന്ന ഐസിസിയുടെ ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ ഹാര്‍ദിക്കിനെ ഉള്‍പ്പെടുത്തിയതിന്റെ പേരില്‍ ബിസിസിഐയും സെലക്ഷന്‍ കമ്മിറ്റിയുമെല്ലാം വലിയ വിമര്‍ശനങ്ങള്‍ നേരിട്ടിരുന്നു. ഫിറ്റ്‌നസും ഫോമുമില്ലാത്ത ഹാര്‍ദിക്കിനെ ലോകകപ്പ് പോലെയൊരു ടൂര്‍ണമെന്റില്‍ പരീക്ഷിച്ചത് മണ്ടത്തരമായിപ്പോയതായി പല മുന്‍ താരങ്ങളും ചൂണ്ടിക്കാട്ടിയിരുന്നു. ലോകകപ്പില്‍ ഇന്ത്യ സെമി ഫൈനല്‍ പോലും കാണാതെ പുറത്താവുകയും ചെയ്തിരുന്നു. ഇതിനു പിറകെയാണ് ന്യൂസിലാന്‍ഡിനെതിരായ ടി20 പരമ്പരയില്‍ ഹാര്‍ദിക്കിനെ പുറത്തിരുത്താന്‍ ബിസിസിഐ തീരുമാനിച്ചത്.

ഫിറ്റ്‌നസ് തെളിയിക്കണം
ബെംഗളൂരുവിലെ ദേശീയ ക്രിക്കറ്റ് അക്കാദമിയില്‍ (എന്‍സിഎ) ഫിറ്റ്‌നസ് തെളിയിക്കാനാണ് ഹാര്‍ദിക്കിനോടു ഇപ്പോള്‍ ബിസിസിഐ ആവശ്യപ്പെട്ടിരിക്കുന്നത്. ഫിറ്റ്‌നസ് ടെസ്റ്റില്‍ വിജയിച്ചാല്‍ മാത്രമേ സൗത്താഫ്രിക്കന്‍ പര്യടനത്തില്‍ ടീമിലേക്കു തിരിച്ചുവരുന്നതിനെക്കുറിച്ച് താരം ചിന്തിക്കേണ്ടതുള്ളൂവെന്ന് വ്യക്തമാക്കിയിരിക്കുയാണ് ബിസിസിഐ ഒഫീഷ്യല്‍.
പരിക്കില്‍ നിന്നും പൂര്‍ണമായി മോചിതനാവാന്‍ ഹാര്‍ദിക്കിനു വേണ്ടത് വിശ്രമമാണ്. വൈകാതെ തന്നെ അദ്ദേഹം എന്‍സിഎ സന്ദര്‍ശിക്കും. ഫിറ്റ്‌നസ് വിലയിരുത്തിയായിരിക്കും സൗത്താഫ്രിക്കന്‍ പര്യടനത്തില്‍ ഹാര്‍ദിക്കിനെ ഉള്‍പ്പെടുത്തുന്നതെന്നും ബിസിസിഐ ഒഫീഷ്യല്‍ അറിയിച്ചു.

ലോകകപ്പില്‍ നിരാശപ്പെടുത്തി
ടി20 ലോകകപ്പില്‍ ഫിനിഷറുടെയും ആറാം ബൗളറുടെയും ഇരട്ട റോളുകളായിരുന്നു ഹാര്‍ദിക് പാണ്ഡ്യയില്‍ നിന്നും ഇന്ത്യന്‍ ടീം മാനേജ്‌മെന്റ് പ്രതീക്ഷിച്ചിരുന്നത്. പക്ഷെ ഫിറ്റ്‌നസ് പ്രശ്‌നങ്ങള്‍ അദ്ദേഹത്തെ അലട്ടിക്കൊണ്ടിരുന്നു. ഇതു കാരണം ബാറ്റിങില്‍ നിറംമങ്ങിയ ഹാര്‍ദിക്കിന് അവസാനത്തെ ചില മല്‍സരങ്ങളില്‍ മാത്രമേ ബൗള്‍ ചെയ്യാനുമായുള്ളൂ. ലോകകപ്പില്‍ ഇന്ത്യ കളിച്ച സൂപ്പര്‍ 12ലെ അഞ്ചു മല്‍സരങ്ങളിലും ഹാര്‍ദിക് പ്ലെയിങ് ഇലവനിലുണ്ടായിരുന്നു. ലോകകപ്പില്‍ ഇന്ത്യന്‍ ടീം സെമി ഫൈനല്‍ പോലുമെത്താതെ പുറത്താവാന്‍ പ്രധാന കാരണങ്ങളിലൊന്നും ഹാര്‍ദിക്കിന്റെ മോശം പ്രകടനമായിരുന്നു.

പുറംഭാഗത്തേറ്റ പരിക്ക്
ഇന്ത്യന്‍ ക്രിക്കറ്റിലെ സൂപ്പര്‍ താര പദവിയിലേക്കു കുതിക്കവെയാണ് പുറംഭാഗത്തിനേറ്റ പരിക്ക് ഹാര്‍ദിക്കിന്റെ കരിയറില്‍ വില്ലനാവുന്നത്. പുറം വേദന കാരണം ശസ്ത്രക്രിയക്കു വിധേയനനായ ശേഷം ആറു മാസത്തിലധികം അദ്ദേഹത്തിനു മല്‍സരരംഗത്തു നിന്നും വിട്ടുനില്‍ക്കേണ്ടി വരികയും ചെയ്തു.
ബൗള്‍ ചെയ്യുമ്പോള്‍ ഈ പരിക്ക് വീണ്ടും പിടികൂടാന്‍ സാധ്യതയുണ്ടെന്നതിനാല്‍ ഹാര്‍ദിക്കിനോടു ബൗളിങില്‍ നിന്നും തല്‍ക്കാലത്തേക്കു മാറി നില്‍ക്കാന്‍ ഉപദേശിക്കപ്പെടുകയായിരുന്നു. ഈ കാരണത്താല്‍ പലപ്പോഴും സ്‌പെഷ്യലിസ്റ്റ് ബാറ്ററായാണ് താരത്തെ ഇന്ത്യന്‍ ടീമും മുംബൈ ഇന്ത്യന്‍സുമെല്ലാം കളിപ്പിച്ചിരുന്നത്. ടി20 ലോകകപ്പിലെ ചില മല്‍സരങ്ങളില്‍ ബൗള്‍ ചെയ്‌തെങ്കിലും അദ്ദേഹം 100 ശതമാനം ഫിറ്റായിരുന്നില്ല.

ഹാര്‍ദിക്കിനു മുന്നില്‍ വാതിലടയ്ക്കില്ല
ഹാര്‍ദിക്കിനെ ഇപ്പോഴും ഇന്ത്യന്‍ ടീമിന്റെ അവിഭാജ്യ ഘടകമായി തന്നെയാണ് കാണുന്നത്. പുതിയ കോച്ച് രാഹുല്‍ ദ്രാവിഡും അദ്ദേഹത്തിനു മുന്നില്‍ വാതില്‍ അടയ്ക്കുന്നില്ല. ഈ തലമുറയിലെ ഏറ്റവും മികച്ച ഓള്‍റൗണ്ടറായി തന്നെയാണ് ഹാര്‍ദിക്കിനെ കാണുന്നത്. ഫിറ്റ്‌നസ് മാത്രമേ നിലവില്‍ താരത്തിനു മുന്നില്‍ വില്ലനായി നില്‍ക്കുന്നുള്ളൂ. പൂര്‍ണ ഫിറ്റ്‌നസ് തിരിച്ചുപിടിക്കാനായാല്‍ ഹാര്‍ദിക്കിനെ വീണ്ടും ടീമിലെടുക്കുന്നതിനോടു ബിസിസിഐയില്‍ ആര്‍ക്കും തന്നെ എതിരഭിപ്രായമില്ല.
അതേസമയം, ടെസ്റ്റ് ക്രിക്കറ്റില്‍ നിലവില്‍ ഹാര്‍ദിക്കിനെ ഇന്ത്യ പരിഗണിക്കുന്നില്ല. ടെസ്റ്റിനു വേണ്ട ഫിറ്റ്‌നസ് നിലവാരത്തിന് അടുത്തു പോലും ഇപ്പോള്‍ ഹാര്‍ദിക്കില്ലെന്നു ബിസിസിഐ ഒഫീഷ്യല്‍ ചൂണ്ടിക്കാട്ടി. അദ്ദേഹത്തിനു പഴയ ഫിറ്റ്‌നസ് വീണ്ടെടുക്കാന്‍ സമയം ആവശ്യമാണ്, ഞങ്ങള്‍ ധൃതി പിടിച്ച് കാര്യങ്ങള്‍ ചെയ്യാന്‍ ആഗ്രഹിക്കുന്നുമില്ല. ടി20 ലോകകപ്പില്‍ സംഭവിച്ച പിഴവ് അതായിരുന്നു. ഫിറ്റ്‌നസ് തിരിച്ചുപിടിച്ച് താന്‍ തയ്യാറാണെന്ന് ഹാര്‍ദിക് അറിയിക്കുകയാണെങ്കില്‍ അദ്ദേഹത്തെ ടി20, ഏകദിന ടീമുകളിലെടുക്കുമെന്ന് ഒഫീഷ്യല്‍ കൂട്ടിച്ചേര്‍ത്തു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications