ഐപിഎല്ലില്‍ തിളങ്ങിയാല്‍ മാത്രം ഇന്ത്യന്‍ ടീമിലെത്തില്ല!- കുംബ്ലെയുടെ വഴിയെ ദ്രാവിഡും
ഇന്ത്യന്‍ ക്രിക്കറ്റിനെ അടിമുടി ഉടച്ചുവാര്‍ക്കാന്‍ തന്നെയാണ് തന്റെ നീക്കമെന്നു സൂചന നല്‍കിയിരിക്കുകയാണ് പുതിയ കോച്ചും മുന്‍ ഇതിഹാസവുമായ രഹുല്‍ ദ്രാവിഡ്. ഐപിഎല്ലിലെ പ്രകടനം മാത്രം വിലയിരുത്തിയായിരുന്നു നേരത്തേ ഇന്ത്യന്‍ ടീം സെലക്ഷന്‍ നടത്തിയിരുന്നത്. എന്നാല്‍ ഇനി ദേശീയ ടീമിലേക്കു വരാന്‍ ഇതു മാത്രം പോരെന്നും ആഭ്യന്തര ക്രിക്കറ്റില്‍ കൂടി കളിച്ച് കഴിവ് തെളിയിക്കണമെന്നുമാണ് ദ്രാവിഡിന്‍െ നിര്‍ദേശം. ഇന്ത്യന്‍ ടീമിലെത്തുകയെന്നത് ഇതോടെ താരങ്ങള്‍ക്കു മുമ്പത്തേതിനേക്കാള്‍ കടുപ്പമായി മാറുകയും ചെയ്യും. പക്ഷെ മികച്ച ഫോമിലുള്ള കളിക്കാര്‍ക്കു തീര്‍ച്ചയായും ഗുണം ചെയ്യുന്ന തീരുമാനമാണ് ദ്രാവിഡ് സ്വീകരിച്ചിരിക്കുന്നത്.
രവി ശാസ്ത്രിക്കു മുമ്പ് അനില്‍ കുംബ്ലെഇന്ത്യന്‍ ടീമിന്റെ കോച്ചായിരുന്നപ്പോള്‍ കൊണ്ടു വന്ന പോളിസിയായിരുന്നു ഇത്. പക്ഷെ ശാസ്ത്രി പരിശീലകസ്ഥാനത്തേക്കു വന്നതോടെ ഇത് ഇല്ലാതാവുകയായിരുന്നു. എന്നാല്‍ വീണ്ടും ഈ രീതി പുനരാരംഭിക്കാനാണ് ദ്രാവിഡ് തീരുമാനിച്ചിരിക്കുന്നത്.

ദ്രാവിഡിന്റെ തീരുമാനത്തിനു പിന്നില്‍
സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യയെ പൂര്‍ണ ഫിറ്റല്ലാതിരുന്നിട്ടും കഴിഞ്ഞ ടി20 ലോകകപ്പ് ടീമില്‍ ഉള്‍പ്പെടുത്തിയതിന്റെ പേരിലുള്ള വിവാദങ്ങള്‍ ഇനിയും അവസാനിച്ചിട്ടില്ല. ഫോമും ഫിറ്റ്‌നസുമില്ലാതിരുന്നിട്ടും ലോകകപ്പ് പോലൊരു വ ലിയ ടൂര്‍ണമെന്റില്‍ ഹാര്‍ദിക്കിനെ കളിപ്പിച്ച് ഇന്ത്യ നടത്തിയ ചൂതാട്ടത്തിനെതിരേ മുന്‍ താരങ്ങളടക്കം പലരും രംഗത്തു വന്നിരുന്നു.
ഈ കാരണത്താലാണ് ഭാവിയില്‍ ഇത്തരം വിവാദങ്ങള്‍ ഉണ്ടാവാതിരിക്കാന്‍ ദ്രാവിഡ് ടീം സെലക്ഷനു പുതിയ മാനദണ്ഡങ്ങള്‍ വച്ചിരിക്കുന്നത്. ആഭ്യന്തര ക്രിക്കറ്റില്‍ കളിച്ച് ഫോമും ഫിറ്റ്‌നസും തെളിയിക്കുന്നവരെ മാത്രം ഇനി ദേശീയ ടീമില്‍ ഉള്‍പ്പെടുത്തിയാല്‍ മതിയെന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം. പ്രത്യേകിച്ചും ടെസ്റ്റ് ടീമിലെ താരങ്ങള്‍ തീര്‍ച്ചയായും ആഭ്യന്തര ക്രിക്കറ്റില്‍ കളിക്കണമെന്നു ദ്രാവിഡ് നിര്‍ദേശിച്ചതായി ഒരു ബിസിസിഐ ഒഫീഷ്യല്‍ വ്യക്തമാക്കി.

ഈ പോളിസി നേരത്തേയുണ്ട്
ആഭ്യന്തര ക്രിക്കറ്റില്‍ താരങ്ങള്‍ കളിക്കുകയും ഫോമും ഫിറ്റ്‌നസും തെളിയിക്കുകയും വേണമെന്നത് നേരത്തേയുള്ള പോളിസിയാണ്. പക്ഷെ കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി അതു കര്‍ശനമായി നടപ്പാക്കിയിരുന്നില്ല. എന്നാല്‍ എല്ലാ ഫോര്‍മാറ്റിലും കളിക്കുന്നവരൊഴികെ മറ്റെല്ലാവരും ആഭ്യന്തര ക്രിക്കറ്റില്‍ കളിക്കണമെന്നത് രാഹുല്‍ നിര്‍ബന്ധമാക്കിയിരിക്കുകയാണ്. ഇതു വളരെ സിംപിളാണ്. ഒരാള്‍ക്കു പരിക്കേല്‍ക്കുകയും അതില്‍ നിന്നു മുക്തനാവുകയും ചെയ്താല്‍ പൂര്‍ണ ഫിറ്റാണെന്നു തെളിയിക്കാന്‍ ഈ താരം ആഭ്യന്തര ക്രിക്കറ്റില്‍ നിര്‍ബന്ധമായും കളിക്കണമെന്ന് ബിസിസിഐ ഒഫീഷ്യല്‍ അറിയിച്ചു.

ഐപിഎല്‍ മാത്രം പോരാ
ഇന്ത്യന്‍ ടീം സെലക്ഷന്‍ നേരത്തേ പൂര്‍ണമായും ഐപിഎല്ലിനെ മാത്രം ആശ്രയിച്ചായിരുന്നു. ഇതു മാറണമെന്ന അഭിപ്രായമാണ് ദ്രാവിഡിനുള്ളത്. ടെസ്റ്റ് ടീമിലേക്കുള്ള സെലക്ഷനില്‍ ഐപിഎല്ലിലെ പ്രകടനം ഇനി പരിഗണിക്കില്ല. പരിക്കില്‍ നിന്നും മോചിതരായി ഇനി ഏതു പ്രമുഖ താരം തിരിച്ചെത്തിയാലും നേരിട്ടു ടെസ്റ്റ് ടീമിലേക്കു സെലക്ഷന്‍ ലഭിക്കില്ല. പകരം ആഭ്യന്തര ക്രിക്കറ്റില്‍ കളിച്ച് ഫിറ്റ്‌നസും ഫോമും തെളിയിച്ചാല്‍ മാത്രമേ വീണ്ടും പരിഗണിക്കുയുള്ളൂ.

ഹാര്‍ദിക്കിന് വെല്ലുവിളി
ദ്രാവിഡിന്റെ ഈ പുതിയ തീരുമാനത്തോടെ ഹാര്‍ദിക് പാണ്ഡ്യക്കു ഇനി മുമ്പത്തെ പ്രകനങ്ങളുടെ മാത്രം അടിസ്ഥാനത്തില്‍ ദേശീയ ടീമിലേക്കു മടങ്ങിയെത്താന്‍ സാധിക്കില്ല. നിലവില്‍ ഫിറ്റ്‌നസ് വീണ്ടെടുക്കാനുള്ള കഠിന ശ്രമത്തിലാണ് താരം. പക്ഷെ അതുകൊണ്ടു മാത്രം കാര്യമില്ല. ആഭ്യന്തര ക്രിക്കറ്റില്‍ ഹാര്‍ദിക് വീണ്ടും കളിക്കുകയും ഫിറ്റ്‌നസ് തെളിയിക്കുകയും ചെയ്യേണ്ടതുണ്ട്. ഇപ്പോള്‍ നടക്കുന്ന വിജയ് ഹസാരെ ട്രോഫി ഏകദിന ടൂര്‍ണമെന്റില്‍ നിന്നും താരം പിന്‍മാറിയിരിക്കുകയാണ്. അതുകൊണ്ടു തന്നെ വരാനിരിക്കുന്ന സൗത്താഫ്രിക്കയ്‌ക്കെതിരായ ഏകദിന പരമ്പരയിലേക്കു ഹാര്‍ദിക്കിനെ പരിഗണിക്കില്ല. നടക്കാനിരിക്കുന്ന രഞ്ജി ട്രോഫിയില്‍ കളിച്ച് ഫിറ്റ്‌നസും ഫോമും തിരിച്ചുപിടിച്ചാല്‍ മാത്രമേ അദ്ദേഹം ഇനി മടങ്ങിവരവിനെക്കുറിച്ച് ആലോചിക്കേണ്ടതുള്ളൂ.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications