കൊവിഡിനോടു പൊരുതാന്‍ ഇന്ത്യ- പാക് പരമ്പര വേണം! കോലി സെഞ്ച്വറിയടിച്ചാലും ഞങ്ങള്‍ ഹാപ്പി- അക്തര്‍
കറാച്ചി: ലോകം മുഴുവന്‍ നാശം വിതയ്ക്കുന്ന മഹാമാരിയായ കൊറോണ വൈറസിനെതിരേയുള്ള പോരാട്ടത്തില്‍ ധനശേഖരണാര്‍ഥം ഇന്ത്യയും പാകിസ്താനും തമ്മില്‍ പരമ്പര കളിക്കണമെന്ന നിര്‍ദേശവുമായി മുന്‍ പാക് ഇതിഹാസം ഷുഐബ് അക്തര്‍. തന്റെ യൂട്യൂബ് ചാനലിലാണ് അദ്ദേഹം ഇങ്ങനെയൊരു നിര്‍ദേശം വച്ചത്.
ഇന്ത്യയിലുണ്ടായ ഭീകരാക്രമണത്തിനു ശേഷം ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധത്തില്‍ വിള്ളല്‍ വീണിരുന്നു. ഇതേ തുടര്‍ന്ന് 2007നു ശേഷം ഇന്ത്യയും പാകിസ്താനും തമ്മില്‍ ഒരു പരമ്പരയില്‍ പോലും കളിച്ചിട്ടുമില്ല. ഐസിസി ടൂര്‍ണമെന്റുകളിലും ഏഷ്യാ കപ്പിലും മാത്രമേ ഇരുവരും പിന്നീട് മുഖാമുഖം വന്നിട്ടുള്ളൂ. ഈ സാഹചര്യത്തിലാണ് ഇന്ത്യയും പാകിസ്താനും തമ്മില്‍ വീണ്ടുമൊരു പരമ്പര കളിക്കണമെന്ന് അക്തര്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

ഇത്തരമൊരു പ്രതിസന്ധി ഘട്ടത്തില്‍ ഇന്ത്യയും പാകിസ്താനും തമ്മില്‍ മൂന്നു മല്‍സരങ്ങളുടെ പരമ്പര കളിക്കണം. പരമ്പരയുടെ ഫലം എന്തു തന്നെയെയാലും അത് ഇരുടീമുകളുടെയും ആരാധകര്‍ കാര്യമായെടുക്കില്ല. ഒരുക്ഷെ ചരിത്രത്തില്‍ തന്നെ ആദ്യമായിരിക്കും ഇതെന്നും അക്തര്‍ ചൂണ്ടിക്കാട്ടി. അടച്ചിട്ട സ്റ്റേഡിയത്തില്‍ മല്‍സരങ്ങള്‍ നടത്തുന്നതാണ് ഉചിതം. ടെലിവിഷനിലൂടെ ലോകമെമ്പാടുമുള്ള ക്രിക്കറ്റ് പ്രേമികള്‍ ഇതാസ്വദിക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

പരമ്പരയില്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലി സെഞ്ച്വറി നേടായാല്‍ ഞങ്ങള്‍ക്കു നിരാശയുണ്ടാവില്ല, മറിച്ച് സന്തോഷമേ ഉണ്ടാവുകയുള്ളൂ. ഇനി പാക് താരം ബാബര്‍ ആസം സെഞ്ച്വറി നേടിയാല്‍ അത് ഇന്ത്യക്കാരെയും സന്തോഷിപ്പിക്കും. കളിക്കളത്തില്‍ എന്തു സംഭവിച്ചാലും ഇരുടീമുകളും വിജയികള്‍ തന്നെയായിരിക്കുമെന്നും അക്തര്‍ വിലയിരുത്തി.

പരമ്പരയിലെ എല്ലാ മല്‍സരങ്ങളും അടചിട്ട സ്റ്റേഡിയത്തില്‍ തന്നെ നടത്തണം. നിലവില്‍ എല്ലാവരും വീട്ടിനകത്ത് തന്നെയായതിനാല്‍ മല്‍സരങ്ങള്‍ക്കു വലിയ പ്രേക്ഷകരെ ലഭിക്കും. ഈ പരമ്പരയില്‍ നിന്നും ലഭിക്കുന്ന വരുമാനം ഇന്ത്യയും പാകിസ്താനും തുല്യമായി പങ്കിടണം. കൊവിഡ്-19നെതിരേ നടത്തിക്കൊണ്ടിരിക്കുന്ന പോരാട്ടത്തില്‍ ഇരുരാജ്യങ്ങള്‍ക്കും ഇതു വലിയൊരു സഹായമായി മാറുമെന്നും 44 കാരനായ അക്തര്‍ ചൂണ്ടിക്കാട്ടി.

ഒരുപക്ഷെ പെട്ടെന്നു ഇന്ത്യ- പാക് പരമ്പര നടത്താന്‍ സാധിച്ചെന്നു വരില്ല. സാഹചര്യങ്ങള്‍ കുറച്ചു കൂടി മെച്ചപ്പെട്ട ശേഷം പരമ്പര നടത്തുന്നതിനെ കുറിച്ചു ആലോചിക്കാവുന്നതാണ്. ദുബായ് പോലെ ഏതെങ്കിലുമൊരു നിഷ്പക്ഷ വേദിയില്‍ വച്ച് മല്‍സരങ്ങള്‍ നടത്തുന്നതാവും ഉചിതം. ഇങ്ങനെയൊരു പരമ്പര സംഘടിപ്പിച്ചാല്‍ അത് മുറിഞ്ഞുപോയ ഇന്ത്യ-പാക് ബന്ധത്തെ തുന്നിചചേര്‍ക്കാനും ഭാവിയില്‍ ഇരുടീമുകളും തമ്മിലുള്ള പരമ്പരകള്‍ പുനരാരംഭിക്കാനും വഴിവച്ചേക്കുമെന്നും റാവല്‍പിണ്ടി എക്‌സ്പ്രസ് അഭിപ്രായപ്പെട്ടു.

കമന്റേറ്ററെന്ന നിലയില്‍ നേരത്തേ ഇന്ത്യയില്‍ ഏറെ സമയം അക്തര്‍ ചെലവഴിച്ചിരുന്നു. 2016ല്‍ നടന്ന ഐസിസിയുടെ ടി20 ലോകകപ്പില്‍ കമന്ററി പറയാന്‍ ഇന്ത്യയിലെത്തിയപ്പോഴുള്ള ഓര്‍മകള്‍ ഇപ്പോഴും തന്റെ മനസ്സിലുണ്ടെന്നു അക്തര്‍ പറയുന്നു.
ഇന്ത്യയിലെ ജനങ്ങള്‍ നല്‍കുന്ന സ്‌നേഹത്തിനും പിന്തുണയ്ക്കും എല്ലായ്‌പ്പോഴും താന്‍ കടപ്പെട്ടിരിക്കും. ഇന്ത്യയില്‍ നിന്നു സമ്പാദിച്ചതിന്റെ വലിയൊരു പങ്കും താന്‍ ഇവിടെ തന്നെ ചെലവഴിച്ചിട്ടുണ്ട്. ആദ്യമായാണ് ഈ രഹസ്യം താന്‍ വെളിപ്പെടുത്തുന്നത്. ഇവിടെ നിന്നും ലഭിച്ച വരുമാനത്തിന്റെ 30 ശതമാനവും ഇന്ത്യക്കാര്‍ക്കു വേണ്ടി ചെലവഴിച്ചിട്ടുണ്ട്. ടെലിവിഷന്‍ സംഘത്തില്‍ ഒരുമിച്ച് പ്രവര്‍ത്തിച്ചിട്ടുള്ള പാവപ്പെട്ടവരെ സാമ്പത്തികമായി സഹായിച്ചിരുന്നതായും അക്തര്‍ വ്യക്തമാക്കി.
മുഖം മറച്ച് ഇന്ത്യയിലെ ചേരികളിലെത്തിയിട്ടുള്ള അക്തര്‍ പല തവണ മുതിര്‍ന്ന സ്ത്രീകള്‍ക്കു സാമ്പത്തിക സഹായം നല്‍കിയിട്ടുണ്ട്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications