മുംബൈ: ഇന്ത്യയുടെ പുരുഷ ക്രിക്കറ്റ് ടീം മുഖ്യ സെലക്ടറായി അജിത് അഗാര്‍ക്കറെ നിയമിച്ചു. മുന്‍ ഇന്ത്യന്‍ പേസ് ഓള്‍റൗണ്ടറായ അഗാര്‍ക്കര്‍ മുഖ്യ സെലക്ടറാവുമെന്ന റിപ്പോര്‍ട്ടുകളുണ്ടായിരുന്നെങ്കിലും ഔദ്യോഗികമായി ഇപ്പോള്‍ പ്രഖ്യാപനമെത്തിയിരിക്കുകയാണ്. വെസ്റ്റ് ഇന്‍ഡീസിനെതിരായ ടി20 പരമ്പരയ്ക്കുള്ള ടീമിനെ അഗാര്‍ക്കറുടെ നേതൃത്വത്തിലുള്ള സെലക്ഷന്‍ കമ്മിറ്റിയാവും തിരഞ്ഞെടുക്കുക.
അഗാര്‍ക്കറിനൊപ്പം ശിവ സുന്ദര്‍ ദാസ്, സുബ്രട്ടോ ബാനര്‍ജി, സലീല്‍ അങ്കോള, ശ്രീധരന്‍ ശരത് എന്നിവരാണ് സെലക്ഷന്‍ കമ്മിറ്റിയിലുള്ളത്. ഇന്ത്യക്കായി മൂന്ന് ഫോര്‍മാറ്റിലും കളിച്ച് അനുഭവസമ്പത്തുള്ള താരമാണ് അഗാര്‍ക്കര്‍. ഈ സീനിയോരിറ്റി പരിഗണിച്ചാണ് അഗാര്‍ക്കറെ മുഖ്യ സെലക്ടറായി നിയമിച്ചത്. നേരത്തെ മുംബൈ ക്രിക്കറ്റ് ടീമിന്റെ മുഖ്യ സെലക്ടറായും ഡല്‍ഹി ക്യാപിറ്റല്‍സിന്റെ സഹ പരിശീലകനായും അഗാര്‍ക്കര്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.
എംഎസ് സുലക്ഷണ നായിക്, അശോക് മല്‍ഹോത്ര, ജാറ്റിന്‍ പരഞ്ചാപ്പെ എന്നിവര്‍ ഉള്‍പ്പെടുന്ന ക്രിക്കറ്റ് അഡൈ്വസറി കമ്മിറ്റിയാണ് അഗാര്‍ക്കറെ മുഖ്യ സെലക്ടറായി തിരഞ്ഞെടുത്തത്. ഇന്ത്യക്കായി 26 ടെസ്റ്റും 191 ഏകദിനവും 4 ടി20യുമാണ് അഗാര്‍ക്കര്‍ കളിച്ചത്. 110 ഫസ്റ്റ്ക്ലാസ് ക്രിക്കറ്റ് കളിച്ചതിന്റെ അനുഭവസമ്പത്തും അഗാര്‍ക്കര്‍ക്കുണ്ട്. 2007ലെ ടി20 ലോകകപ്പ് കിരീടം നേടിയ ഇന്ത്യന്‍ ടീമില്‍ അഗാര്‍ക്കറും ഉള്‍പ്പെട്ടിരുന്നു. ഏകദിനത്തിലെ ഇന്ത്യക്കാരന്റെ അതിവേഗ ഫിഫ്റ്റി റെക്കോഡ് ഇപ്പോഴും അഗാര്‍ക്കറുടെ പേരിലാണ്.
2000ല്‍ സിംബാബ്‌വെക്കെതിരേ 21 പന്തിലാണ് അദ്ദേഹം ഈ റെക്കോഡ് നേടിയെടുത്തത്. 23 മത്സരത്തില്‍ നിന്ന് 50 ഏകദിന വിക്കറ്റ് നേടിയെടുത്ത താരമാണ് അജിത് അഗാര്‍ക്കര്‍. സച്ചിന്‍ ടെണ്ടുല്‍ക്കര്‍, സൗരവ് ഗാംഗുലി, രാഹുല്‍ ദ്രാവിഡ് എന്നിവരോടൊപ്പമെല്ലാം കളിച്ചിട്ടുള്ള താരമാണ് അദ്ദേഹം. അഗാര്‍ക്കര്‍ മുഖ്യ സെലക്ടറാവുമ്പോള്‍ മുഖ്യ പരിശീലകസ്ഥാനത്ത് രാഹുല്‍ ദ്രാവിഡാണുള്ളത്. ഇരുവരും തമ്മില്‍ നേരത്തെ മുതലുള്ള ബന്ധം ഇന്ത്യന്‍ ടീമിന്റെ മികച്ച ടീം തിരഞ്ഞെടുപ്പിനെ സഹായിക്കും.

ഒളിക്യാമറയില്‍ വിവാദ വെളിപ്പെടുത്തലുകള്‍ നടത്തിയതിനെത്തുടര്‍ന്ന് ചേതന്‍ ശര്‍മ മുഖ്യ സെലക്ടര്‍ സ്ഥാനം ഒഴിഞ്ഞിരുന്നു. ഈ സ്ഥാനത്തേക്കാണ് ഇപ്പോള്‍ അഗാര്‍ക്കറെത്തുന്നത്. ഇന്ത്യയുടെ സീനിയര്‍ ക്രിക്കറ്റ് ടീമിന്റെ ഔദ്യോഗിക ചുമതലയിലേക്ക് ഇതാദ്യമായാണ് അഗാര്‍ക്കര്‍ എത്തുന്നത്. മുള്‍ കിരീടമാണ് അഗാര്‍ക്കര്‍ ചൂടിയിരിക്കുന്നതെന്ന് പറയാം. വലിയ വെല്ലുവിളികളാണ് ചുരുങ്ങിയ സമയത്തിനുള്ളില്‍ അദ്ദേഹത്തെ കാത്തിരിക്കുന്നത്.
വെസ്റ്റ് ഇന്‍ഡീസിനെതിരായ ടി20 പരമ്പരയ്ക്കുള്ള ടീമിനെ തിരഞ്ഞെടുക്കുകയാണ് പുതിയ സെലക്ഷന്‍ കമ്മിറ്റിയുടെ ആദ്യത്തെ ഉത്തരവാദിത്തം. ഇതിന് ശേഷം അയര്‍ലന്‍ഡിനെതിരായ ടി20 പരമ്പരയ്ക്കുള്ള ടീമിനെ തിരഞ്ഞെടുക്കണം. പിന്നീട് ഏഷ്യാ കപ്പും പിന്നീട് ഏകദിന ലോകകപ്പും വരാനിരിക്കുന്നു. ഇന്ത്യയുടെ ടീം തിരഞ്ഞെടുപ്പിനെതിരേ ആക്ഷേപങ്ങള്‍ ശക്തമായിട്ടുള്ള സമയമാണിത്. അതുകൊണ്ടുതന്നെ അഗാര്‍ക്കര്‍ക്ക് കാര്യങ്ങള്‍ എളുപ്പമാവില്ലെന്നുറപ്പ്.
ഇന്ത്യയുടെ സീനിയര്‍ താരങ്ങളുടെ ഭാവി തീരുമാനിക്കുകയെന്നതും അഗാര്‍ക്കറിന് മുന്നിലെ വലിയ വെല്ലുവിളിയാണ്. രോഹിത് ശര്‍മ ഉള്‍പ്പെടെയുള്ള ചില സീനിയേഴ്‌സിനെ ടി20 ടീമില്‍ നിന്ന് മാറ്റിനിര്‍ത്തുകയെന്ന ധീരമായ തീരുമാനം അദ്ദേഹം എടുക്കുമോയെന്നതാണ് കണ്ടറിയേണ്ടത്. നിലവിലെ ഇന്ത്യയുടെ ബെഞ്ച് കരുത്ത് മോശമാണ്. ഇത് മെച്ചപ്പെടുത്താനും അഗാര്‍ക്കര്‍ ഇടപെടേണ്ടതായുണ്ട്.
അഗാര്‍ക്കര്‍ മുഖ്യ സെലക്ടറാവുമ്പോള്‍ സഞ്ജു സാംസണ്‍, ജിതേഷ് ശര്‍മ, യശ്വസി ജയ്‌സ്വാള്‍, റുതുരാജ് ഗെയ്ക്‌വാദ് എന്നിവരെയെല്ലാം എങ്ങനെ കൈകാര്യം ചെയ്യുമെന്നും പ്രധാനപ്പെട്ട ചോദ്യമാണ്. എന്തായാലും പുതിയ സെലക്ഷന്‍ കമ്മിറ്റിയില്‍ പ്രതീക്ഷകളേറെയാണ്. ഇത് കാത്തുസൂക്ഷിക്കാന്‍ അഗാര്‍ക്കറിന് സാധിക്കുമോയെന്നതാണ് കണ്ടറിയേണ്ടത്.