മിര്‍പൂര്‍: ബംഗ്ലാദേശിനെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇന്ത്യയ്ക്ക് നിറം മങ്ങിയ ജയം. കളിയുടെ പോരായ്മ കൊണ്ടല്ല ലോകകപ്പ് ഫുട്‌ബോള്‍ നടക്കുന്നതിനാല്‍ കാണികള്‍ കൈവിട്ടതാണ് ഇന്ത്യ - ബംഗ്ലാദേശ് മത്സരത്തിന്റെ നിറം മങ്ങിപ്പോയത്. അവസാന നിമിഷം സ്റ്റാര്‍ സ്‌പോര്‍ട്‌സിലൂടെ കളി സംപ്രേക്ഷണം ചെയ്യാന്‍ ബി സി സി ഐ ഒരു ചാനലിനെ ഒപ്പിച്ചെങ്കിലും കളിക്ക് വേണ്ടത്ര ഒച്ചയനക്കങ്ങള്‍ ഉണ്ടായില്ല.
ബ്രസീലില്‍ ലോകകപ്പ് ഫുട്‌ബോള്‍ നടക്കുന്നതിനിടെ ആരെങ്കിലും ക്രിക്കറ്റ് കാണുമോ. അതും ബംഗ്ലാദേശിനെതിരെ. എല്ലാം പോട്ടെ, എം എസ് ധോണി, വിരാട് കോലി, യുവരാജ് സിംഗ്, രോഹിത് ശര്‍മ, അശ്വിന്‍, ഷമി, ഭിവനേശ്വര്‍ കുമാര്‍ എന്നിങ്ങനെ പ്രമുഖ താരങ്ങളില്ലാതെയാണ് ഇന്ത്യ ബംഗ്ലാദേശില്‍ കളിക്കുന്നത്. ക്യാപ്റ്റന്‍ സുരേഷ് റെയ്‌ന ഒഴിച്ചുനിര്‍ത്തിയാല്‍ ബാക്കിയെല്ലാം താരതമ്യേന പുതുമുഖങ്ങള്‍.

റോബിന്‍ ഉത്തപ്പയും അജിന്‍ക്യ രഹാനെയും കത്തിക്കയറിയ കളിയില്‍ രസം കൊല്ലിയായി മഴ കൂടി എത്തിയതോടെ എല്ലാം തികഞ്ഞു. ഡക്ക് വര്‍ത്ത് ലൂയിസ് നിയമ പ്രകാരം പുനര്‍ നിശ്ചയിച്ച വിജയലക്ഷ്യം ഏഴ് പന്തുകള്‍ ബാക്കി നില്‍ക്കേ ഇന്ത്യ മറികടന്നു. രഹാനെ 64, ഉത്തപ്പ 50 എന്നിങ്ങനെയാണ് ഓപ്പണര്‍മാരുടെ സ്‌കോറുകള്‍. ഐ പി എല്ലിലെ മികച്ച ഫോം തുടരുന്ന ഉത്തപ്പ വര്‍ഷങ്ങള്‍ക്ക് ശേഷം ഇന്ത്യന്‍ ടീമില്‍ കിട്ടിയ അവസരം ശരിക്കും വിനിയോഗിച്ചു.
നേരത്തെ ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശ് ക്യാപ്റ്റന്‍ മുഷ്ഫിക്കര്‍ റഹീമിന്റെയും മുന്‍ ക്യാപ്റ്റന്‍ ഷക്കീബ് അല്‍ ഹസന്റെയും മികവിലാണ് മാന്യമായ സ്‌കോറിലെത്തിയത്. 50 ഓവറില്‍ ഒമ്പത് വിക്കറ്റിന് 272 റണ്‍സായിരുന്നു ബംഗ്ലാദേശ് നേടിയത്. ഇന്ത്യയ്ക്ക് വേണ്ടി അക്ഷര്‍ പട്ടേല്‍, പര്‍വേസ് റസൂല്‍ എന്നീ സ്പിന്നര്‍മാര്‍ അരങ്ങേറി. രണ്ടാമത്തെ കളി ചൊവ്വാഴ്ച നടക്കും.