Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

മടങ്ങിവരാന്‍ ആഗ്രഹമുണ്ട്, പക്ഷെ പിന്തുണക്കാന്‍ ആരുമില്ല; നിരാശ വെളിപ്പെടുത്തി രഹാനെ

മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലെ സൂപ്പര്‍ താരങ്ങളിലൊരാളാണ് അജിന്‍ക്യ രഹാനെ. ക്ലാസിക് ബാറ്റ്‌സ്മാനായിരുന്ന രഹാനെ ടെസ്റ്റ് വൈസ് ക്യാപ്റ്റനെന്ന നിലയിലടക്കം ശോഭിച്ചിരുന്നു. വിരാട് കോലിയുടെ അഭാവത്തില്‍ ഇന്ത്യക്ക് ഓസ്‌ട്രേലിയയില്‍ ടെസ്റ്റ് പരമ്പര നേടിക്കൊടുക്കാന്‍ സാധിച്ച നായകനാണ് രഹാനെ. ഗംഭീര റെക്കോഡുള്ള ബാറ്റ്‌സ്മാന്‍ കൂടിയാണ് രഹാനെ. എന്നാല്‍ മോശം ഫോമിലേക്ക് വീണതോടെ ഇന്ത്യ രഹാനെയെ ടീമില്‍ നിന്ന് പുറത്താക്കി.

ഇപ്പോള്‍ തിരിച്ചുവരവ് നടത്താന്‍ സാധിക്കാത്ത തരത്തില്‍ തഴയപ്പെട്ടിരിക്കുകയാണ് രഹാനെ. ആഭ്യന്തര ക്രിക്കറ്റില്‍ മുംബൈക്കൊപ്പം തിളങ്ങുന്നുണ്ടെങ്കിലും മടങ്ങിവരാന്‍ അവസരം ലഭിക്കുന്നില്ല. ഇന്ത്യന്‍ ടീമിന്റെ ടെസ്റ്റിലെ സമീപകാല പ്രകടനങ്ങളെല്ലാം മോശമാണെന്നിരിക്കെ രഹാനെ തിരിച്ചുവരവ് അര്‍ഹിക്കുന്നു. ആഭ്യന്തര ക്രിക്കറ്റില്‍ മികവ് കാട്ടുന്ന രഹാനെക്ക് മോശമല്ലാത്ത ഫിറ്റ്‌നസുമുണ്ട്. എന്നാല്‍ രഹാനെയെ ഇന്ത്യന്‍ സെലക്ടര്‍മാര്‍ പരിഗണിക്കുന്നില്ലെന്നതാണ് വസ്തുത.

ഇപ്പോഴിതാ തിരിച്ചുവരാന്‍ ആഗ്രഹമുണ്ടെങ്കിലും തന്നെ പരിഗണിക്കുന്നില്ലെന്ന് തുറന്ന് പറഞ്ഞിരിക്കുകയാണ് രഹാനെ. ഇതിന്റെ കാരണവും രഹാനെ തുറന്ന് പറയുകയാണ്.

ഞാന്‍ ആരോടും തര്‍ക്കിക്കാനില്ല

ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലെ സമീപകാല താരങ്ങളുടെ പ്രകടനം നോക്കുമ്പോള്‍ പലതും ശരാശരിയില്‍ താഴെയാണ്. യുവതാരങ്ങള്‍ക്കൊന്നും കാര്യമായ പ്രകടനം നടത്താനുമായിട്ടില്ല. എന്നിട്ടും രഹാനെക്ക് വീണ്ടുമൊരു അവസരം നല്‍കാന്‍ ഇന്ത്യന്‍ ടീം തയ്യാറാവുന്നില്ല. എന്നാല്‍ തന്നെ അവഗണിക്കുന്നതിനോട് തര്‍ക്കിക്കാനില്ലെന്നും താന്‍ അല്‍പ്പം നാണക്കാരനാണെന്നുമാണ് രഹാനെ പറയുന്നത്. 'ഞാന്‍ പല കാര്യങ്ങളും തുറന്ന് പറയാന്‍ മടി കാട്ടുന്ന ആളാണ്. എന്നാല്‍ ഇപ്പോള്‍ തുറന്ന് പറയേണ്ടിയിരിക്കുന്നു. എന്റെ ശ്രദ്ധ ക്രിക്കറ്റ് കളിക്കുകയെന്നതിലും വീട്ടിലേക്ക് പോവുകയെന്നതിലുമാണ്.

ajinkya rahane

തിരിച്ചുവരാന്‍ എന്തൊക്കെ ചെയ്യണമെന്ന് ആരും എന്നോട് പറഞ്ഞിട്ടില്ല. എന്നാല്‍ ഇപ്പോഴെങ്കിലും എന്റെ കഷ്ടപ്പാടിനെക്കുറിച്ചും കഠിനാധ്വാനത്തെക്കുറിച്ചും തുറന്ന് പറയേണ്ടതായുണ്ട്. ആരാധകര്‍ പറയും നിങ്ങള്‍ വാര്‍ത്തകളില്‍ നിറഞ്ഞു നില്‍ക്കണമെന്ന്. എന്നാല്‍ എനിക്ക് പിആര്‍ ടീമില്ല. എന്റെ ഏക പിആര്‍ ക്രിക്കറ്റാണ്. എന്നാല്‍ വാര്‍ത്തകളില്‍ നിറഞ്ഞ് നില്‍ക്കണമായിരുന്നുവെന്ന് ഇപ്പോള്‍ തോന്നുന്നുണ്ട്. അല്ലാത്ത പക്ഷം ഞാന്‍ എല്ലാം വിട്ടുവെന്ന് എല്ലാവരും കരുതും' രഹാനെ പറഞ്ഞു.

ടെസ്റ്റ് ഇപ്പോഴും എനിക്ക് വികാരമാണ്

ടെസ്റ്റിലേക്ക് തിരിച്ചുവരാന്‍ ഇപ്പോഴും അഗ്രഹമുണ്ടെന്നും ഈ ഫോര്‍മാറ്റിനെ വികാരമായാണ് കാണുന്നതെന്നുമാണ് രഹാനെ പറയുന്നത്. 'ടെസ്റ്റ് ക്രിക്കറ്റ് ഇപ്പോഴും എനിക്ക് വികാരമാണ്. രഞ്ജി ട്രോഫിയില്‍ പരമാവധി മികവ് കാട്ടാന്‍ ഞാന്‍ ശ്രമിക്കുന്നുണ്ട്. മുംബൈ വിജയത്തിനായി സാധ്യമാകുന്നതെല്ലാം ചെയ്യുന്നുണ്ട്. എന്റെ ലക്ഷ്യം ഇന്ത്യന്‍ ടീമിലേക്ക് തിരിച്ചെത്തുകയെന്നത് തന്നെയാണ്. ഒരു തവണ തഴയപ്പെട്ട ശേഷം വീണ്ടും തിരിച്ചെത്തിയിരുന്നു. എന്നാല്‍ ഇപ്പോള്‍ വീണ്ടും ഒഴിവാക്കിയിരിക്കുകയാണ്.

ടീമിലെടുക്കണമോയെന്നത് എന്റെ നിയന്ത്രണത്തിലുള്ള കാര്യമല്ല. എനിക്ക് ചെയ്യാന്‍ സാധിക്കുന്നത് കളിക്കുകയെന്നത് മാത്രമാണ്' രഹാനെ കൂട്ടിച്ചേര്‍ത്തു. രഹാനെയെ സംബന്ധിച്ച് ഇനിയൊരു തിരിച്ചുവരവ് പ്രയാസമാണ്. മികച്ച പ്രകടനം നടത്താന്‍ ഇപ്പോഴും രഹാനെക്ക് കഴിവുണ്ട്. എന്നാല്‍ നിലവിലെ ഇന്ത്യയുടെ പരിശീലകനായ ഗൗതം ഗംഭീറും സെലക്ടറായ അജിത് അഗാര്‍ക്കറും രഹാനെയെ വീണ്ടും ടീമിലേക്കെത്തിക്കാന്‍ താല്‍പര്യം കാട്ടില്ലെന്നുറപ്പാണ്.

ഇന്ത്യക്ക് മുന്നിലുള്ള ഇംഗ്ലണ്ട് പരമ്പര

ഇന്ത്യക്ക് മുന്നിലുള്ള അടുത്ത ടെസ്റ്റ് പരമ്പര ഇംഗ്ലണ്ടിനെതിരേയാണ്. എവേ മത്സരമാണിത്. രഹാനെയുടെ വിദേശ പര്യടനങ്ങളിലെ പ്രകടനങ്ങളെല്ലാം മികച്ചതാണ്. രോഹിത് ശര്‍മയെ ഇന്ത്യ ടീമിലേക്ക് പരിഗണിക്കാന്‍ സാധ്യതയില്ല. മോശം ഫോമിലുള്ള രോഹിത്തിനെ ചാമ്പ്യന്‍സ് ട്രോഫിയോടെ തഴഞ്ഞേക്കും. വിരാട് കോലിയുടെ ടെസ്റ്റിലെ ഭാവിയും തുലാസിലാണ്. ഇന്ത്യ ടെസ്റ്റ് ടീമില്‍ വലിയൊരു പൊളിച്ചെഴുത്താണ് ഉദ്ദേശിക്കുന്നത്. ഈ സാഹചര്യത്തില്‍ രഹാനെയെപ്പോലൊരു സീനിയര്‍ താരത്തെ ഇന്ത്യ ടീമിലേക്ക് പരിഗണിക്കാന്‍ സാധ്യതയില്ല.

Story first published: Monday, February 17, 2025, 17:58 [IST]
Other articles published on Feb 17, 2025
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+