രണ്ടു വര്‍ഷത്തിനു ശേഷം ബൗളിങ്, ആദ്യ ഓവറില്‍ മൂന്നു വിക്കറ്റ്! ജഡേജയുടെ മാജിക്കല്‍ സ്‌പെല്‍
1990കളില്‍ ഇന്ത്യന്‍ ക്രിക്കറ്റ് പ്രേമികള്‍ക്കു ഏറെ പ്രിയങ്കരനായ താരങ്ങളിലൊരാളായിരുന്നു അജയ് ജഡേജ. ഇന്ത്യക്കു വേണ്ടി ചില മാച്ച് വിന്നിങ് ഇന്നിങ്‌സുകള്‍ കളിച്ചിട്ടുള്ള അദ്ദേഹത്തിന് പക്ഷെ കരിയറിന്റെ അവസാന കാലത്ത് തിരിച്ചടികള്‍ നേരിട്ടിരുന്നു. ഒത്തുകളി വിവാദവുമായി ബന്ധപ്പെട്ട് ജഡേജയുടെ പേരും ഉയര്‍ന്നുവന്നത് ഇമേജിനെ സാരമായി ബാധിക്കുകയും ചെയ്തു.
ബാറ്റിങിന്റെയും തകര്‍പ്പന്‍ ഫീല്‍ഡിങിന്റെയും പേരിലായിരുന്നു ജഡേജ ഏറെ കൈയടി വാങ്ങിയത്. എന്നാല്‍ ഒരിക്കല്‍ മാജിക്കല്‍ സ്‌പെല്ലിലൂടെ ബൗളിങിലും അദ്ദേഹത്തെ ലോകത്തെ അമ്പരപ്പിച്ചിരുന്നു. 1999 ഏപ്രില്‍ ഒമ്പതിനു ഇംഗ്ലണ്ടിനെതിരേ നടന്ന ഏകദിന മല്‍സരത്തിലായിരുന്നു ക്രിക്കറ്റ് പ്രേമികളെ ഇന്നും ത്രില്ലടിപ്പിക്കുന്ന ജഡേജയുടെ മാസ്മരിക പ്രകടനം.

223 റണ്‍സ് വിജയലക്ഷ്യം
ഇംഗ്ലണ്ടിനെതിരായ മല്‍സരത്തില്‍ ഇന്ത്യയായിരുന്നു ആദ്യം ബാറ്റ് ചെയ്തത്. ക്യാപ്റ്റന്‍ മുഹമ്മദ് അസ്ഹറുദ്ദീന്‍ (74*), ഓപ്പണര്‍ സദഗോപന്‍ രമേശ് (60) എന്നിവരുടെ ഇന്നിങ്‌സുകള്‍ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യയെ അഞ്ചു വിക്കറ്റിനു 222 റണ്‍സിലെത്തിച്ചു. ബാറ്റിങില്‍ ജഡേജയില്‍ നിന്നും കാര്യമായ സംഭാവന ടീമിനു ലഭിച്ചില്ല. 27 ബോളുകളില്‍ നിന്നും 21 റണ്‍സ് മാത്രമെടുത്ത് അദ്ദേഹം മടങ്ങി.
223 റണ്‍സിന്റെ വിജയലക്ഷ്യം ഇംഗ്ലണ്ടിന് അത്ര എളുപ്പമായിരുന്നില്ല. കൃത്യമായ ഇടവേളകളില്‍ വിക്കറ്റുകളെടുത്ത് ഇംഗ്ലണ്ടിനെ ഇന്ത്യ സമ്മര്‍ദ്ദത്തിലാക്കൊണ്ടിരുന്നു. എന്നാല്‍ എട്ടാം വിക്കറ്റ് കൂട്ടുകെട്ട് ഇംഗ്ലണ്ടിനു വിജയപ്രതീക്ഷ നല്‍കി. 24 ബോളില്‍ നാലു വിക്കറ്റ് കൈയിരിരിക്കെ 27 റണ്‍സായിരുന്നു അവര്‍ക്കു ജയിക്കാന്‍ വേണ്ടിയിരുന്നത്. മല്‍സരം ഇംഗ്ലണ്ടിന്റെ വരുയിലേക്കു നീങ്ങിയ നിമിഷങ്ങള്‍.

അസ്ഹറിന്റെ ചൂതാട്ടം
മല്‍സരത്തില്‍ ഇംഗ്ലണ്ട് ജയിക്കുമെന്ന ഘട്ടത്തില്‍ നില്‍ക്കെയായിരുന്നു ക്യാപ്റ്റന്‍ മുഹമ്മദ് അസ്ഹറുദ്ദീന്‍ ഒരു ചൂതാട്ടം നടത്തിയത്. 47ാം ഓവറില്‍ അസ്ഹര്‍ ജഡേജയ്ക്കു ബോള്‍ നല്‍കി. രണ്ടു വര്‍ഷത്തോളമായി അന്താരാഷ്ട്ര ക്രിക്കറ്റില്‍ ബൗള്‍ ചെയ്തിട്ടില്ലാത്ത അദ്ദേഹത്തെ കളിയുടെ നിര്‍ണായക ഘട്ടത്തില്‍ പന്തേല്‍പ്പിച്ചപ്പോള്‍ പലരും സംശയിച്ചിരുന്നു. എന്നാല്‍ ജഡേജ ഈ കണക്കുകൂട്ടലുകളെല്ലാം തെറ്റിച്ചു.
മൂന്നു റണ്‍സ് മാത്രം വഴങ്ങി മൂന്നു വിക്കറ്റുകളാണ് ജഡേജ ഈ ഓവറില്‍ പിഴുതത്. ഇതോടെ ഇംഗ്ലണ്ട് 47.5 ഓവറില്‍ 202 റണ്‍സിന് ഓള്‍ഔട്ടാവുകയും ഇന്ത്യ 20 റണ്‍സിന്റെ നാടകീയ വിജയം സ്വന്തമാക്കുകയും ചെയ്തു. ജഡേജയായിരുന്നു മാന്‍ ഓഫ് ദി മാച്ച്.

ഹാട്രിക്ക് നഷ്ടമായി
47ാം ഓവറിലെ രണ്ടാമത്തെ ബോളില്‍ തന്നെ ജഡേജ വിക്കറ്റ് വീഴ്ത്തി. ഒമ്പത് റണ്‍സ് മാത്രമെടുത്ത റോബര്‍ട്ട് ക്രോഫ്റ്റിനെ അദ്ദേഹം പകരക്കാരനായി ഇറങ്ങിയ റിഷികേഷ് കനിത്കറുടെ കൈകളിലെത്തിക്കുകയായിരുന്നു. തൊട്ടടുത്ത ബോളില്‍ ഇംഗ്ലണ്ടിന്റെ ടോപ്‌സ്‌കോററായ നീല്‍ ഫെയര്‍ബ്രദറെയും (57) ജഡേജ മടക്കി. വിക്കറ്റ് കീപ്പര്‍ രാഹുല്‍ ദ്രാവിഡ് സിംപിള്‍ ക്യാച്ചിലൂടെ ഇംഗ്ലീഷ് താരത്തെ മടക്കുകയായിരുന്നു.
അടുത്ത ബോളില്‍ ജഡേജ ഹാട്രിക്ക് തികയ്‌ക്കേണ്ടതായിരുന്നു. പക്ഷെ സൗരവ് ഗാംഗുലി ബുദ്ധിമുട്ടേറിയ ഒരു ക്യാച്ച് കൈവിട്ടു. ഇതുകൊണ്ട് ജഡേജ തളര്‍ന്നില്ല. ഓവറിലെ അവസാന ബോളില്‍ പുതുതായി ക്രീസിലെത്തിയ ഡാരന്‍ ഗഫിനെ (2) അദ്ദേഹം ബൗള്‍ഡാക്കി. ഇതോടെ ആറിന് 196 എന്ന സ്‌കോറില്‍ നിന്നും ഒമ്പതിന് 199ലേക്കു ഇംഗ്ലണ്ട് കൂപ്പുകുത്തി. അവസാന ബാറ്റ്‌സ്മായ ഇയാന്‍ ഓസ്റ്റിന്റെ (2) പുറത്താവലിലും ജഡേജയ്ക്കു പങ്കുണ്ടായിരുന്നു. ജവഗല്‍ ശ്രീനാഥിന്റെ ഓവറില്‍ ജഡേജയുടെ ത്രോയിലാണ് ഓസ്റ്റിന്‍ റണ്ണൗട്ടായത്.
ക്രിക്കറ്റ് ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച ബൗളിങ് സ്‌പെല്ലുകളിലൊന്നായാണ് ജഡേജയുടെ ഈ പ്രകടനം വിലയിരുത്തപ്പെടുന്നത്. തോല്‍വിയുടെ വക്കില്‍ നിന്നാണ് ഇന്ത്യ അവിശ്വസനീയ വിജയം അന്നു പിടിച്ചെടുത്തത്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications