
മുംബൈ: ഇന്ത്യയുടെ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാനും സൂപ്പര്‍ താരവുമാണ് റിഷഭ് പന്ത്. ഇടം കൈയന്‍ ബാറ്റ്‌സ്മാനായ താരം മൂന്ന് ഫോര്‍മാറ്റിലേക്കും ഇന്ത്യ പരിഗണിക്കുന്നവരിലൊരാളാണ്. അതിവേഗത്തില്‍ റണ്‍സുയര്‍ത്താനുള്ള കഴിവും മൈതാനത്തിന്റെ എല്ലാ ഭാഗത്തേക്കും ഷോട്ട് പായിക്കാനുമുള്ള കഴിവും താരത്തെ വ്യത്യസ്തനാക്കുന്നു.
ഓസ്‌ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയും 2023ലെ ഏകദിന ലോകകപ്പുമെല്ലാം വരാനിരിക്കെ റിഷഭ് പന്തിന് കാര്‍ അപകടത്തില്‍ പരിക്കേറ്റത് എല്ലാവരെയും ഞെട്ടിക്കുന്നതായിരുന്നു. ഭാഗ്യത്തിന് ഗുരുതരമായി പരിക്കേറ്റില്ലെങ്കിലും താരത്തിന് ആറ് മാസമെങ്കിലും ഇടവേളയെടുക്കേണ്ട സാഹചര്യമാണ് ഉണ്ടായിരിക്കുന്നത്.
മുട്ടിന് പരിക്കേറ്റതിനാലാണ് റിഷഭിന് കൂടുതല്‍ വിശ്രമം വേണ്ടിവരുന്നത്. റിഷഭ് വേഗം തിരിച്ചുവരാന്‍ ഒട്ടുമിക്കയാളുകളും പ്രാര്‍ത്ഥിക്കവെ റിഷഭിന് പരിക്കേറ്റത് അവന് ലഭിച്ച അനുഗ്രഹമാണെന്ന് അഭിപ്രായപ്പെട്ടിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം അജയ് ജഡേജ.

'ഒരു യുവതാരത്തിന് ഇത്തരമൊരു അപകടത്തില്‍ നിരവധി മത്സരങ്ങള്‍ നഷ്ടമാവുന്നത് ദൗര്‍ഭാഗ്യകരമായ കാര്യമാണ്. എന്നാല്‍ മറ്റൊരു തലത്തില്‍ ചിന്തിച്ചാല്‍ ഇത് നല്ലതിന് വേണ്ടിയാണ്. ആദ്യമായാവും റിഷഭിന് പുറത്തിരുന്ന് തന്റെ കളിയെക്കുറിച്ച് ചിന്തിക്കേണ്ടി വന്നിരിക്കുന്നത്.
മിക്ക താരങ്ങളും 12-15 വയസില്‍ കളിക്കാന്‍ തുടങ്ങിയവരാവും. പിന്നീട് തുടര്‍ച്ചയായി ക്രിക്കറ്റ് കളിച്ചുകൊണ്ടേയിരിക്കുന്നു. ഈ തിരക്കിനിടെ കളിയെ വിലയിരുത്താനോ ചിന്തിക്കാനോ സമയം ലഭിക്കാറില്ല. റിഷഭിന്റെ കാല്‍മുട്ടിനാണ് പ്രധാനമായും പരിക്കേറ്റിരിക്കുന്നത്.
റിഷഭിന് പരിക്കേറ്റത് ഒരു തരത്തില്‍ നല്ലതാണെങ്കിലും അത് വന്നത് ദൗര്‍ഭാഗ്യകരമായ രീതിയിലായിപ്പോയി. നിരവധി താരങ്ങള്‍ പരിക്കേറ്റ് ശക്തമായി തിരിച്ചെത്തിയിട്ടുണ്ട്. കൂടുതല്‍ മികച്ച താരങ്ങളാവാനും മനുഷ്യരാവാനും ഇവര്‍ക്ക് സാധിച്ചു. അത് റിഷഭിനും സംഭവിക്കുമെന്നാണ് കരുതുന്നത്'-അജയ് ജഡേജ പറഞ്ഞു.
ടെസ്റ്റില്‍ റിഷഭ് ഗംഭീര പ്രകടനം തുടരുമ്പോഴും താരത്തിന്റെ സമീപകാലത്തെ പരിമിത ഓവറിലെ പ്രകടനങ്ങള്‍ നിരാശപ്പെടുത്തുന്നതായിരുന്നു. റിഷഭിനെ ഒഴിവാക്കണമെന്ന ആവിശ്യം ഒരു തരത്തില്‍ ശക്തമായി വരവെയാണ് അദ്ദേഹത്തിന് അപകടം സംഭവിച്ചത്.
ഇനി ആറ് മാസത്തോളം റിഷഭിന് പുറത്തിരിക്കേണ്ടി വരും. നിലവില്‍ മുംബൈയില്‍ ചികിത്സയിലുള്ള റിഷഭിനെ ആവിശ്യമെങ്കില്‍ അമേരിക്കയിലേക്കോ ഇംഗ്ലണ്ടിലേക്കോ മാറ്റിയേക്കും. എന്തായാലും താരം 2023ലെ ഏകദിന ലോകകപ്പിന് മുമ്പായേ ഏറെക്കുറെ തിരിച്ചുവരാന്‍ സാധ്യതയുള്ളൂ.

റിഷഭിനെ സംബന്ധിച്ച് നിലവില്‍ മാനസികമായ വിശ്രമം ഗുണം ചെയ്‌തേക്കും. പല സമ്മര്‍ദ്ദങ്ങളും താരത്തെ വേട്ടയാടിയിരുന്ന സാഹചര്യത്തിലാണ് ഇപ്പോള്‍ പരിക്കേറ്റ് വിശ്രമത്തില്‍ പോകേണ്ടി വന്നത്. റിഷഭിന്റെ ഇടവേള ഫോം വീണ്ടെടുക്കാന്‍ താരത്തെ സഹായിച്ചേക്കും.
എന്നാല്‍ ഇടവേളയെടുക്കേണ്ടി വരുന്നത് 2023ലെ റിഷഭിന്റെ ടീമിലെ ഇടം നഷ്ടപ്പെടുത്താനും സാധ്യതയുണ്ട്. ഇഷാന്‍ കിഷന്‍ സമീപകാലത്തായി ഏകദിനത്തില്‍ മികവ് കാട്ടുന്നു. വിക്കറ്റ് കീപ്പറായി കെ എല്‍ രാഹുലും ഒപ്പമുള്ളതിനാല്‍ റിഷഭിന് കാര്യങ്ങള്‍ എളുപ്പമാവില്ല.
വേഗത്തില്‍ ഫിറ്റ്‌നസ് വീണ്ടെടുത്ത് ലോകകപ്പിന് മുമ്പ് ഫോം തെളിയിക്കാനാവാത്ത പക്ഷം റിഷഭിന് ലോകകപ്പിലെ സ്ഥാനം നഷ്ടപ്പെടാനാണ് സാധ്യത കൂടുതല്‍. ഇന്ത്യയുടെ വലിയ ഭാവി കല്‍പ്പിക്കപ്പെടുന്ന താരമെന്ന നിലയില്‍ റിഷഭിന്റെ വേഗത്തിലുള്ള തിരിച്ചുവരവാണ് എല്ലാവരും പ്രതീക്ഷിക്കുന്നത്.