IND vs ENG: ഇന്ത്യക്കു സന്തോഷിക്കാം! പിങ്ക് ബോള്‍ ടെസ്റ്റ് പിച്ചിനെക്കുറിച്ച് സൂചനകള്‍ പുറത്ത്
ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള നാലു ടെസ്റ്റുകളുടെ പരമ്പര ആവേശകരമായ ക്ലൈമാക്‌സിലേക്കാണ് നീങ്ങുന്നത്. ഓരോ വിജയം വീതം നേടി ഇരുടീമുകളും ഇപ്പോള്‍ 1-1നു ഒപ്പമായതിനാല്‍ ഇനിയുള്ള മല്‍സരങ്ങള്‍ തീപാറുമെന്ന കാര്യത്തില്‍ സംശയമില്ല. ഐസിസിയുയെ ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പിന്റെ ഫൈനല്‍ ബെര്‍ത്ത് തീരുമാനിക്കുന്നതിനാല്‍ തന്നെ ഇരുടീമുകള്‍ക്കും ഈ പരമ്പര വിജയിക്കേണ്ടതുണ്ട്. വിജയത്തില്‍ കുറഞ്ഞതൊന്നും ഇരുടീമുകളെയും സഹായിക്കില്ല.
24 മുതല്‍ അഹമ്മദാബാദിലെ മൊട്ടേറ സ്റ്റേഡിയത്തിലാണ് മൂന്നാം ടെസ്റ്റ് ആരംഭിക്കുന്നത്. ഇന്ത്യയിലെ ഏറ്റവും വലിയ സ്റ്റേഡിയം കൂടിയാണിത്. പുതുക്കിപ്പണിത ശേഷം ഈ സ്റ്റേഡിയത്തില്‍ നടക്കുന്ന ആദ്യ അന്താരാഷ്ട്ര മല്‍സരം കൂടിയാണ് മൂന്നാം ടെസ്റ്റ്. പകലും രാത്രിയുമായിട്ടാണ് മൂന്നാം ടെസ്റ്റ് നടക്കുന്നത്.

ചെന്നൈയിലെ പിച്ചിനു സമാനം
ഇന്ത്യക്കു പ്രതീക്ഷ നല്‍കുന്ന സൂചനകളാണ് മൊട്ടേറ സ്റ്റേഡിയത്തിലെ പിച്ചിനെക്കുറിച്ച് പുറത്തുവരുന്നത്. ആദ്യ രണ്ടു ടെസ്റ്റുകളും നടന്ന ചെന്നൈയിലെ പിച്ചുമായി സാമ്യമുള്ളതാണ് ഇവിടുത്തെയും പിച്ചെന്നാണ് വിവരം. അങ്ങനെയാണെങ്കില്‍ അത് ഇന്ത്യക്കു ആഹ്ലാദിക്കാന്‍ വക നല്‍കും. കാരണം സ്പിന്‍ ബൗളിങിനെ തുണയ്ക്കുന്നതായിരുന്നു ഈ പിച്ചുകള്‍.
രണ്ടാം ടെസ്റ്റില്‍ സ്പിന്നര്‍മാര്‍ ആദ്യദിനം മുതല്‍ അരങ്ങുവാണിരുന്നു. ഇന്ത്യ 300റണ്‍സിന് മുകളില്‍ മാര്‍ജിനില്‍ ജയിച്ച ടെസ്റ്റില്‍ ആദ്യ ഇന്നിങ്‌സില്‍ അശ്വിനും രണ്ടാമിന്നിങ്‌സില്‍ അക്ഷര്‍ പട്ടേലും അഞ്ചു വിക്കറ്റെടുത്തിരുന്നു.

ഉമേഷ് കളിച്ചേക്കും
സ്പിന്‍ അനുകൂല വിക്കറ്റാണെങ്കിലും പിങ്ക് ബോള്‍ ടെസ്റ്റായതിനാല്‍ പേസ് ബൗളിങിനു പ്രാധാന്യം നല്‍കിയുള്ള ടീമിനെ ഇന്ത്യ ഇറക്കാനണ് സാധ്യത. രണ്ടു പേസര്‍മാര്‍ക്കു പകരം മൂന്നു പേസര്‍മാരെ ഇന്ത്യ ഉള്‍പ്പെടുത്തിയേക്കും. പരമ്പരയില്‍ ഇതുവരെ കളിക്കാതിരുന്ന ഉമേഷ് യാദവ് മൂന്നാം ടെസ്റ്റില്‍ കളിച്ചേക്കാന്‍ സാധ്യതയുണ്ട്.
ഫിറ്റ്‌നസ് വീണ്ടെടുത്താല്‍ ഇഷാന്ത് ശര്‍മ, ജസ്പ്രീത് ബുംറ എന്നിവര്‍ക്കൊപ്പം ഉമേഷും പേസ് ബൗളിങില്‍ പങ്കാളിയാവും. എന്നാല്‍ ഉമേഷ് നിശ്ചിത സമയത്തിനുള്ളില്‍ ഫിറ്റായില്ലെങ്കില്‍ മുഹമ്മദ് സിറാജിനു നറുക്കുവീഴും.

ഉമേഷ് തിളങ്ങിയിരുന്നു
2019ല്‍ കൊല്‍ക്കത്തയിലെ ഈഡന്‍ ഗാര്‍ഡന്‍സില്‍ നടന്ന ഇന്ത്യയുടെ കന്നി പിങ്ക് ബോള്‍ ടെസ്റ്റില്‍ ഉമേഷ് മിന്നിയിരുന്നു. അന്നു ബംഗ്ലാദേശിനെ ഇന്ത്യ കശാപ്പ് ചെയ്തപ്പോള്‍ വിജയം വേഗത്തിലാക്കുന്നതില്‍ താരം നിര്‍ണായക പങ്കുവഹിച്ചിരുന്നു.
അതുകൊണ്ടു തന്നെ നാട്ടില്‍ ഇന്ത്യ വീണ്ടുമൊരു പിങ്ക് ബോള്‍ ടെസ്റ്റ് കളിക്കാനിരിക്കെ ഉമേഷിനെ ടീമിലേക്കു കൊണ്ടുവരാനാണ് ടീം മാനേജമെന്റിന്റെ നീക്കം. കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ ഓസ്‌ട്രേലിയക്കെതിരേ മെല്‍ബണില്‍ നടന്ന രണ്ടാം ടെസ്റ്റിനിടെയാണ് ഉമേഷിനു പരിക്കേറ്റത്. തുടര്‍ന്നു അദ്ദേഹം നാട്ടിലേക്കു മടങ്ങുകയായിരുന്നു.

അശ്വിനും അക്ഷറും
ആര്‍ അശ്വിനും അക്ഷര്‍ പട്ടേലുമായിരിക്കും സ്പിന്‍ സ്പിന്‍ ബൗളിങിനു നേതൃത്വം നല്‍കുക. മൂന്നാമതൊരു പേസറും കൂടി പ്ലെയിങ് ഇലവനിലെത്തുന്നതോടെ കുല്‍ദീപ് യാദവ് വീണ്ടും ടീമിനു പുറത്തുപോവും.
ഇന്ത്യ വന്‍ മാര്‍ജിനില്‍ ജയിച്ച രണ്ടാം ടെസ്റ്റില്‍ ഇരുവരും ഉജ്ജ്വല ബൗളിങായിരുന്നു കാഴ്ചവച്ചത്. എന്നാല്‍ 2019നു ശേഷം ആദ്യം ആദ്യമായി പ്ലെയിങ് ഇലവനിലെത്തിയ കുല്‍ദീപിന്റെ പ്രകടനം ശരാശരിയിലൊതുങ്ങിയിരുന്നു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications