
കോലിയുടെ വിമര്‍ശനം
ലോക ചാംപ്യന്‍ഷിപ്പിന്റെ ഫൈനലിലേറ്റ തോല്‍വിക്കു ശേഷം കോലി ടീമിലെ ചില സീനിയര്‍ താരങ്ങളെ പേരെടുത്തു പറയാതെ വിമര്‍ശിച്ചിരുന്നു. എന്നാല്‍ വൈസ് ക്യാപ്റ്റന്‍ അജിങ്ക്യ രഹാനെ, ചേതേശ്വര്‍ പുജാര എന്നിവരെയാണ് അദ്ദേഹം ലക്ഷ്യമിട്ടതെന്നു വാക്കുകളില്‍ നിന്നും വ്യക്തമായിരുന്നു. പുജാര ആദ്യ ഇന്നിങ്‌സില്‍ 54 ബോളില്‍ എട്ടും രണ്ടാമിന്നിങ്‌സില്‍ 80 ബോളില്‍ 15ഉം റണ്‍സാണ് നേടിയത്. രഹാനെയാവട്ടെ 49 (117 ബോള്‍), 15 (40 ബോള്‍) എന്നിങ്ങനെയുമാണ് സ്‌കോര്‍ ചെയ്തത്.
റണ്‍സ് നേടുകയെന്നതും റണ്‍സ് നേടാനുള്ള വഴി എന്തൊക്കെയായിരിക്കുണമെന്ന മാനസികാവസ്ഥയായിരിക്കണം വേണ്ടത്. ഔട്ടാവുന്നതിനെക്കുറിച്ച് കൂടുതല്‍ ആശങ്കപ്പെടേണ്ട കാര്യമില്ലെന്നും കോലി മല്‍സരശേഷം അഭിപ്രായപ്പെട്ടിരുന്നു. അവസാന ദിനം 170 റണ്‍സിനാണ് ഇന്ത്യ ഓള്‍ഔട്ടായത്. അവസാനത്തെ എട്ടു വിക്കറ്റ് വെറും 99 റണ്‍സിനാണ് ഇന്ത്യ നഷ്ടപ്പെടുത്തിയത്. 139 റണ്‍സിന്റെ വിജയലക്ഷ്യം കിവീസ് രണ്ടു വിക്കറ്റ് നഷ്ടത്തില്‍ നേടിയെടുക്കുകയും ചെയ്തു.

രഹാനെയും പുജാരയും വിളിച്ചു
ഫൈനലിനു ശേഷമുള്ള കോലിയുടെ വിമര്‍ശനത്തിനു ശേഷം അജിങ്ക്യ രഹാനെയും ചേതേശ്വര്‍ പുജാരയും അതൃപ്തരായിരുന്നുവെന്നും കോലിയുടെ ക്യാപ്റ്റന്‍സിയെക്കുറിച്ച് ഇവര്‍ ബിസിസിഐ സെക്രട്ടറി ജയ് ഷായെ ഫോണില്‍ വിളിച്ച് അറിയിച്ചുവെന്നുമാണ് ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. മാത്രമല്ല ഈ വിഷയത്തില്‍ ബിസിസിഐ ഇടപെടണമെന്ന് ഇരുവരും അഭ്യര്‍ഥിക്കുകയും ചെയ്തതായാണ് വിവരം.
ഇതിനു പിന്നാലെ ബിസിസിഐ ടീമിലെ മറ്റു കളിക്കാരില്‍ നിന്നും കോലിയുടെ ക്യാപ്റ്റന്‍സിയെക്കുറിച്ച് അഭിപ്രായങ്ങള്‍ തേടിയതായും ഇംഗ്ലണ്ട് പര്യടനത്തിനു ശേഷം ഇക്കാര്യത്തില്‍ നടപടിയെടുക്കാന്‍ തീരുമാനിച്ചിരുന്നുവെന്നുമാണ് റിപ്പോര്‍ട്ടിലുള്ളത്. ഇംഗ്ലണ്ട് പര്യടനത്തിനു പിന്നാലെ കോലിയടക്കമുള്ള ഇന്ത്യന്‍ താരങ്ങള്‍ ഐപിഎല്ലിനായി യുഎഇയിലെത്തുകയായിരുന്നു. ഇവിടെ വച്ചാണ് കോലി ടി20 ടീമിന്റെ നായകസ്ഥാനം ഒഴിയുകയാണെന്നും എന്നാല്‍ ടെസ്റ്റ്, ഏകദിനം എന്നിവയില്‍ നായകനായി തുടരുമെന്നും പ്രഖ്യാപിച്ചത്. ജോലിഭാരം കുറയ്ക്കുന്നതിനു വേണ്ടിയാണ് ഇതെന്നായിരുന്നു കോലിയുടെ വിശദീകരണം. ഇതു കഴിഞ്ഞ് ദിവസങ്ങള്‍ക്കകമാണ് സീസണിനു ശേഷം ഐപിഎല്‍ ടീമായ റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിന്റെയും നായകസ്ഥാനം ഒഴിയുകയാണെന്നും അദ്ദേഹം പ്രഖ്യാപിച്ചത്.

അശ്വിനും അതൃപ്തി
രഹാനെ, പുജാര എന്നിവര്‍ മാത്രമല്ല ഇന്ത്യന്‍ ടീമിലെ മറ്റൊരു സീനിയര്‍ താരവും ഓഫ് സ്പിന്നറുമായ ആര്‍ അശ്വിനും കോലിയുടെ ക്യാപ്റ്റന്‍സിയില്‍ അതൃപ്തനായിരുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ടീമിനുള്ളില്‍ കോലിയുടെ പെരുമാറ്റത്തെക്കുറിച്ചും അശ്വിനു പരാതികളുണ്ടായിരുന്നു.
ലോക ചാംപ്യന്‍ഷിപ്പ് ഫൈനലില്‍ ന്യൂസിലാന്‍ഡിനെതിരേ അദ്ദേഹം കളിച്ചിരുന്നെങ്കിലും തുടര്‍ന്നു നടന്ന ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലെ നാലു മല്‍സരങ്ങളിലും അശ്വിനു പുറത്തിരിക്കേണ്ടി വന്നിരുന്നു. രവീന്ദ്ര ജഡേജയാണ് ഏക സ്പിന്നറായി എല്ലാ ടെസ്റ്റുകളിലും കളിച്ചത്. നാലാം ടെസ്റ്റില്‍ അശ്വിനെ കളിപ്പിക്കണമന്ന് കോച്ച് രവി ശാസ്ത്രി ആവശ്യപ്പെട്ടിട്ടും കോലി ഇതു തള്ളുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ടിലുണ്ടായിരുന്നത്. മാത്രമല്ല വരാനിരിക്കുന്ന ഐസിസിയുടെ ടി20 ലോകകപ്പില്‍ അശ്വിനെ ഇന്ത്യന്‍ ടീമിലുള്‍പ്പെടുത്തിയതിലും കോലി അതൃപ്തനായിരുന്നുവെന്നാണ് വിവരം.


Click it and Unblock the Notifications