ഈ വര്‍ഷത്തെ ഇന്ത്യയുടെ ടി20 ലോകകപ്പ് നേട്ടത്തെക്കുറിച്ച് കൃത്യമായി പ്രവചിച്ച വ്യക്തിയാണ് ബിസിസിഐ സെക്രട്ടറി ജയ് ഷാ. ടൂര്‍ണമെന്റിനു ഏറെ മുമ്പ് തന്നെ ഇന്ത്യയുടെ ലോകകപ്പ് വിജയം അദ്ദേഹം ഒരു പൊതുചടങ്ങില്‍ പ്രവചിച്ചിരുന്നു. രാജ്‌കോട്ടിലെ നിരഞ്ജന്‍ ഷാ സ്‌റ്റേഡിയത്തിന്റെ ഉദ്ഘാടന ചടങ്ങിലാണ് രോഹിത് ശര്‍മയും സംഘവും ബാര്‍ബഡോസില്‍ (ലോകകപ്പ് ഫൈനല്‍ വേദി) ഇന്ത്യന്‍ പതാക പാറിക്കുമെന്നു ജയ് ഷാ പ്രവചിച്ചത്. അദ്ദേഹത്തിന്റെ ഈ പ്രവചനം പിന്നീട് കൃത്യമായി വരികയും ചെയ്തു.
കലാശക്കളിയില്‍ സൗത്താഫ്രിക്കയെ വീഴ്ത്തിയാണ് 2013നു ശേഷം ഇന്ത്യ ആദ്യമായി ഐസിസി ട്രോഫിയില്‍ മുത്തമിട്ടത്. ഇപ്പോഴിതാ ഇന്ത്യന്‍ ടീമിനെക്കുറിച്ച് മറ്റൊരു വലിയ പ്രവചനം നടത്തിയിരിക്കുകയാണ് ഐസിസിയുടെ അടുത്ത മേധാവിയാവാന്‍ തയ്യാറെടുക്കുന്ന ജയ് ഷാ. മുംബൈയില്‍ നടന്ന സിയറ്റ് ക്രിക്കറ്റ് റേറ്റിങ് (CRR) അവാര്‍ഡ്ദാന ചടങ്ങില്‍ താരങ്ങള്‍ക്കു പുരസ്‌കാര വിതരണം നടത്താനെത്തിയപ്പോഴായിരുന്നു അദ്ദേഹത്തിന്റെ വമ്പന്‍ പ്രവചനം.

ഇന്ത്യന്‍ നായകന്‍ രോഹിത്തുള്‍പ്പെടെയുള്ളവര്‍ വേദിയിലിരക്കവെയാണ് ജയ് ഷാ പ്രവചനം നടത്തിയത്. അടുത്ത ഒമ്പതു മാസത്തിനുള്ളില്‍ മൂന്നു ഐസിസി ട്രോഫികള്‍ ഇന്ത്യ നേുമെന്നാണ് അദ്ദേഹം പ്രവചിച്ചത്.
ബാര്‍ബഡോസില്‍ രോഹിത് ശര്‍മ ഇന്ത്യന്‍ പതാക പാറിക്കുമെന്നു ഞാന്‍ രാജ്‌കോട്ടില്‍ പറഞ്ഞിരുന്നു. അതു പോലെ തന്നെ 1.4 ബില്ല്യണ്‍ ജനങ്ങളുടെ അനുഗ്രഹമുണ്ടെങ്കില്‍ ചാംപ്യന്‍സ് ട്രോഫി, ഡബ്ല്യുടിസി (ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ്), വനിതകളുടെ ടി20 ലോകകപ്പ് എന്നിവയിലും നമുക്കു ഇതു തന്നെ ആവര്‍ത്തിക്കാന്‍ സാധിക്കുമെന്നാണ് ജയ് ഷായുടെ വാക്കുകള്‍.
അദ്ദേഹത്തിന്റെ ഈ പ്രവചനം രോഹിത്തുള്‍പ്പെടെയുള്ള ഇന്ത്യന്‍ താരങ്ങളെയും ആരാധകരെയും ഒരുപോലെ ആവേശത്തിലാക്കുകയും ചെയ്തിരിക്കുകയാണ്. ടി20 ലോകകപ്പിനെക്കുറിച്ചുള്ള പ്രവചനം യാഥാര്‍ഥ്യമായതു പോലെ ഇതും സംഭവിക്കുകയാണെങ്കില്‍ ട്രോഫികളുടെ ചാകരയാണ് അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഇന്ത്യയെ കാത്തിരിക്കുന്നത്. അടുത്ത വര്‍ഷമാണ് ചാംപ്യന്‍സ് ട്രോഫി, ഡബ്ല്യുടിസി ഫൈനല്‍, വനിതകളുടെ ടി20 ലോകകപ്പ് എന്നിവ നടക്കാനിരിക്കുന്നത്.
ഡബ്ല്യുടിസിയുടെ ഫൈനലിലേക്കു ഇന്ത്യന്‍ ടീം ഇനിയും ഔദ്യോഗികമായി യോഗ്യത നേടിയിട്ടില്ല. എങ്കിലും ഫൈനലിനു തൊട്ടിരികില്‍ നില്‍ക്കുകയാണ് ഇന്ത്യന്‍ ടീം. ഡബ്ല്യുടിസി പോയിന്റ് പട്ടികയില്‍ തലപ്പത്തു നില്‍ക്കുകയാണ് ഇന്ത്യന്‍ ടീം. ഇനി 10 ടെസ്റ്റുകളാണ് ഫൈനലിനു മുമ്പ് ഇന്ത്യക്കു ബാക്കിയുള്ളത്. ഇതില്‍ അഞ്ചെണ്ണത്തിലെങ്കിലും വിജയിക്കാനായാല്‍ ഇന്ത്യക്കു ഫൈനലിലേക്കു മുന്നേറാം. ബംഗ്ലാദേശുമായി രണ്ടും ന്യൂസിലാന്‍ഡുമായി മൂന്നും ഓസ്‌ട്രേലിയക്കെതിരേ അവരുടെ നാട്ടില്‍ അഞ്ചും ടെസ്റ്റുകളിലാണ് ഇന്ത്യന്‍ ടീം കളിക്കുക.

ഡബ്ല്യുടിസിയുടെ കഴിഞ്ഞ രണ്ടു എഡിഷനുകളിലും ഫൈനലില്‍ ഇന്ത്യന്‍ ടീമിന്റെ സാന്നിധ്യമുണ്ടായിരുന്നു. പക്ഷെ രണ്ടിലും കിരീടത്തിനരികെ ഇന്ത്യ കാലിടറുകയായുരുന്നു. 2021ലെ പ്രഥമ എഡിഷന്റെ ഫൈനലില്‍ ന്യൂസിലാന്‍ഡിനോടാണ് ഇന്ത്യ കീഴടങ്ങിയത്. കഴിഞ്ഞ വര്‍ഷത്തെ രണ്ടാം എഡിഷനിലെ ഫൈനലിലാവട്ടെ ഓസ്‌ട്രേലിയക്കു മുന്നിലും ഇന്ത്യക്കു ട്രോഫി കൈവിടേണ്ടതായി വന്നു.
വരാനിരിക്കുന്ന ഫൈനലിലും ഇന്ത്യയും ഓസ്‌ട്രേലിയയും തന്നെ മുഖാമുഖം വരാനാണ് സാധ്യത. അങ്ങനെ വന്നാല്‍ കഴിഞ്ഞ എഡിഷനിലെ കണക്കുതീര്‍ക്കാനുള്ള അവസരം കൂടിയായിരിക്കും ഇന്ത്യക്കു ലഭിക്കുക. നിലവില്‍ പോയിന്റ് പട്ടികയില്‍ ഇന്ത്യക്കു പിന്നില്‍ രണ്ടാംസ്ഥാനത്താണ് ഓസ്‌ട്രേലിയ. മൂന്നാമതുള്ള ന്യൂസിലാന്‍ഡും ഫൈനല്‍ പ്രതീക്ഷയിലാണ്.
അതേസമയം, കഴിഞ്ഞ ദിവസം നടന്ന സിയെറ്റ് ക്രിക്കറ്റ് റേറ്റിങ് അവാര്‍ഡ് ദാന ചടങ്ങില്‍ വിവിധ പുരസ്‌കാരങ്ങള്‍ നേടിയ താരങ്ങള്‍ ആരൊക്കെയാണെന്നറിയാം-
ലൈഫ്‌ടൈം അച്ചീവ്‌മെന്റ് അവാര്‍ഡ്- രാഹുല്‍ ദ്രാവിഡ്
ഇന്റര്‍നാഷണല്‍ ക്രിക്കറ്റര്‍ ഓഫ് ദി ഇയര്‍- രോഹിത് ശര്‍മ
ഏകദിന ബാറ്റര്‍ ഓഫ് ദി ഇയര്‍- വിരാട് കോലി
ഏകദിന ബൗളര്‍ ഓഫ് ദി ഇയര്‍- മുഹമ്മദ് ഷമി
ടെസ്റ്റ് ബാറ്റര്‍ ഓഫ് ദി ഇയര്‍- യശസ്വി ജയ്‌സ്വാള്‍
ടെസ്റ്റ് ബൗളര്‍ ഓഫ് ദി ഇയര്‍- ആര്‍ അശ്വിന്‍
ടി20 ബാറ്റര്‍ ഓഫ് ദി ഇയര്‍- ഫില്‍ സാള്‍ട്ട് (ഇംഗ്ലണ്ട്)
ടി20 ബൗളര്‍ ഓഫ് ദി ഇയര്‍- ടിം സൗത്തി (ന്യൂസിലാന്‍ഡ്)
ആഭ്യന്തര ക്രിക്കറ്റര്‍ ഓഫ് ദി ഇയര്‍- സായ് കിഷോര്‍.