ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനായി ഭാവിയില്‍ കളിക്കാന്‍ രണ്ടു താരങ്ങളെയാണ് മുന്‍ ഇതിഹാസം രാഹുല്‍ ദ്രാവിഡ് തന്റെ വീട്ടില്‍ തയ്യാറാക്കി നിര്‍ത്തിയിരിക്കുന്നത്. അദ്ദേഹത്തിന്റെ മൂത്ത മകനായ സമിത് ഇതിനകം തന്നെ ചില ശ്രദ്ധേയമായപ്രകടനങ്ങളിലൂടെ സാന്നിധ്യമറിയിച്ചു കഴിഞ്ഞു. ഇന്ത്യയുടെ അണ്ടര്‍ 19 ടീമിലേക്കും താരം തിരഞ്ഞെടുക്കപ്പെട്ടിരുന്നു, ഇപ്പോഴിതാ ഇളയ മകനായ അന്‍വയ് കൂടി വാര്‍ത്തകളില്‍ നിറയുകയാണ്.
കര്‍ണാടകയ്ക്കായി കന്നി സെഞ്ച്വറി കൂറിച്ചാണ് ജൂനിയര്‍ ദ്രാവിഡ് കൈയടി നേടിയിരിക്കുന്നത്. വിജയ് മര്‍ച്ചെന്റ് ട്രോഫി റെഡ് ബോള്‍ ടൂര്‍ണമെന്റിലാണ് 16 കാരനായ അന്‍വയ് അപരാജിത സെഞ്ച്വറി നേടിയത്. ടൂര്‍ണമെന്റിലെ തന്റെ രണ്ടാമത്തെ കളിയില്‍ തന്നെയാണ് അന്‍വയ് മാജിക്കല്‍ ഇന്നിങ്‌സുമായി ശ്രദ്ധിക്കപ്പെട്ടിരിക്കുന്നത്. കര്‍ണാടകയ്ക്കു വേണ്ടി താരത്തിന്റെ കന്നി സെഞ്ച്വറി കൂടിയാണിത്.

അന്‍വയിയുടെ പ്രകടനം
അണ്ടര്‍ 16 താരങ്ങള്‍ അണിനിരക്കുന്ന വിജയ് മര്‍ച്ചെന്റ് ട്രോഫി ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ കര്‍ണാടകയുടെ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ കൂടിയായിരുന്നു അന്‍വയ് ദ്രാവിഡ്. ജാര്‍ഖണ്ഡുമായുള്ള കളിയിലാണ് താരം കിടിലന്‍ സെഞ്ച്വറി കുറിച്ചത്. മല്‍സരത്തില്‍ കര്‍ണാടകയ്ക്കു വേണ്ടി നാലാം നമ്പറിലാണ് അന്‍വയ് ബാറ്റിങിന് ഇറങ്ങിയത്. 153 ബോളില്‍ പുറത്താവാതെ 100 റണ്‍സും താരം നേടി.
അന്‍വയിയൂടെ പ്രകടനം കര്‍ണാടകയെ നാലു വിക്കറ്റ് നഷ്ടത്തില്‍ 441 റണ്‍സെന്ന മികച്ച ടോട്ടല്‍ പടുത്തുയര്‍ത്താന്‍ സഹായിക്കുകയും ചെയ്തു. കര്‍ണാടകയും ജാര്‍ഖണ്ഡും തമ്മിലുള്ള മല്‍സരരം സമനിലയില്‍ കലാശിച്ചെങ്കിലും ഒന്നാമിന്നിങ്‌സിലെ ലീഡ് കര്‍ണാടകയെ നിര്‍ണായക പോയിന്റ് നേടാന്‍ സഹായിക്കുകയും ചെയ്തു.
അണ്ടര്‍ 14 ടീം ക്യാപ്റ്റന്‍
കഴിഞ്ഞ വര്‍ഷം കര്‍ണാടകയുടെ അണ്ടര്‍ 14 ടീമിനെ നയിച്ചിട്ടുള്ള താരമാണ് അന്‍വയ് ദ്രാവിഡ്. ഈ വര്‍ഷം വിജയ് മര്‍ച്ചെന്റ് ട്രോഫിക്കുള്ള ടീമിലേക്കും താരത്തിനു ആദ്യമായി വിളിയെത്തുകയായിരുന്നു. ഈ സീസണില്‍ കര്‍ണാടകയ്ക്കായി കളിക്കാനിറങ്ങിയ രണ്ടാമത്തെ മല്‍സരത്തില്‍ തന്നെയാണ് അന്‍വയ് സെഞ്ച്വറിയും കുറിച്ചിരിക്കുന്നത്.
വിദര്‍ഭയുമായുള്ള കളിയിലൂടെയാണ് ടൂര്‍ണമെന്റില്‍ താരം അരങ്ങേറിയത്. ആദ്യ ഇന്നിങ്‌സില്‍ ഫിഫ്റ്റിയോടെ അന്‍വയ് വരവറിയിക്കുകയും ചെയ്തു. പക്ഷെ രണ്ടാമിന്നിങ്‌സില്‍ 18 റണ്‍സിനു പുറത്താവുകയായിരുന്നു. അതിനു ശേഷമാണ് ജാര്‍ഖണ്ഡുമായുള്ള രണ്ടാമത്തെ കളിയില്‍ പുറത്താവാതെ 100 റണ്‍സുമായി അന്‍വയ് കസറിയിരിക്കുന്നത്.

ജൂനിയര്‍ ടീമിലെത്തിയ സമിത്
രാഹുല്‍ ദ്രാവിഡിന്റെ രണ്ടു ആണ്‍ മക്കളില്‍ മൂത്തയാളായ സമിത് ഈ വര്‍ഷമാദ്യം ഇന്ത്യയുടെ അണ്ടര്‍ 19 ടീമിലേക്കു തിരഞ്ഞെടുക്കപ്പെട്ടിരുന്നു. ഓസ്‌ട്രേലിയക്കെതിരേ നാട്ടില്‍ നടന്ന റെഡ് ബോള്‍ പരമ്പരയ്ക്കുള്ള ടീമിലാണ് ഓള്‍റൗണ്ടര്‍ കൂടിയായ സമിത് ഇടം നേടിയത്. പക്ഷെ പരിക്കു കാരണം താരത്തിനു പരമ്പരയില്‍ കളിക്കാനുള്ള ഭാഗ്യമുണ്ടായില്ല.
പേസ് ബൗളിങ് ഓള്‍റൗണ്ടറും മുന്‍നിര ബാറ്ററുമായ സമിത് കഴിഞ്ഞ സീസണിലെ കര്‍ണാടക പ്രീമിയര്‍ ലീഗില്‍ (KPL) കളിച്ചിരുന്നു. ചില മികച്ച പ്രകടനങ്ങള്‍ താരം കാഴ്ചവയ്ക്കുകയും ചെയ്തു. നേരത്തേ അണ്ടര്‍ 19 കൂച്ച് ബെഹര്‍ ട്രോഫിയില്‍ കര്‍ണാടകയ്ക്കായി സമിത് കസറിയിരുന്നു. എട്ടു മല്‍സരങ്ങളില്‍ നിന്നും 362 റണ്‍സെടുത്ത താരം 16 വിക്കറ്റുകളും വീഴ്ത്തിയിരുന്നു.
അതേസമയം, ടീം ഇന്ത്യയെ ഐസിസിയുടെ ടി20 ലോകകപ്പില്‍ ചാംപ്യന്മാരാക്കിയ ശേഷം പരിശീലക സ്ഥാനത്തും പടിയിറങ്ങിയ ദ്രാവിഡ് ഇപ്പോള്‍ ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിനൊപ്പമാണ്. സഞ്ജു സാംസണ്‍ നയിക്കുന്ന ടീമിന്റെ മുഖ്യ കോച്ചായാണ് അദ്ദേഹം സ്ഥാനമേറ്റെടുത്തിരിക്കുന്നത്. നേരത്തേ ക്യാപ്റ്റനും താരവുമായെല്ലാം റോല്‍സിനു വേണ്ടി മിന്നിച്ച ശേഷമാണ് കോച്ചിന്റെ കുപ്പായത്തില്‍ ദ്രാവിഡിന്റെ രണ്ടാം വരവ്.