ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ ഞെട്ടിച്ചുകൊണ്ട് വീണ്ടുമൊരു വിരമിക്കല്‍ പ്രഖ്യാപനം കൂടി വൈകാതെ ഉണ്ടായേക്കും. ഇത്തവണ ഇതിഹാസ ബാറ്ററും മുന്‍ നായകനുമായ വിരാട് കോലിയാണ് റെഡ് ബോള്‍ ക്രിക്കറ്റിനോടു ഗുഡ്‌ബൈ പറയാനൊരുങ്ങുന്നത്. ഈയാഴ്ച ഇന്ത്യന്‍ ക്യാപ്റ്റനും മറ്റൊരു ഇതിഹാസ താരവുമായ രോഹിത് ശര്‍മയും ടെസ്റ്റ് മതിയാകുന്നതായി അറിയിച്ചിരുന്നു. അതിന്റെ ഷോക്ക് മാറുന്നതിനു മുമ്പാണ് കോലിയും ഇതേ വഴിയില്‍ നീങ്ങുന്നത്.
ടെസ്റ്റ് നിര്‍ത്താന്‍ താന്‍ ആഗ്രഹിക്കുന്നതായി ബിസിസിഐയെ കോലി അറിയിച്ചു കഴിഞ്ഞുവെന്നാണ് റിപ്പോര്‍ട്ടുകള്‍. അടുത്ത മാസം ഇന്ത്യയുടെ ഇംഗ്ലണ്ട് പര്യടനം ആരംഭിക്കാനിരിക്കെയാണ് ടീമിനെ പ്രതിസന്ധിയിലാക്കി അദ്ദേഹം ടെസ്റ്റ് നിര്‍ത്താന്‍ ആലോചിക്കുന്നത്. കടുപ്പമേറിയ ഇംഗ്ലണ്ട് പര്യടനത്തില്‍ അഞ്ചു ടെസ്റ്റുകളുടെ പരമ്പരയാണ് ഇന്ത്യ കളിക്കാനൊരുങ്ങുന്നത്.

കോലിക്കു ടെസ്റ്റ് മതിയായി?
ടെസ്റ്റ് ക്രിക്കറ്റില്‍ നിന്നും വിരാട് കോലി വിരമിക്കാന്‍ ആഗ്രഹിക്കുന്നതായി ഇന്ത്യന്‍ എക്‌സ്പ്രസാണ് (Indian Express) റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. പക്ഷെ പൊടുന്നനെയുള്ള അദ്ദേഹത്തിന്റെ ഈ മനംമാറ്റത്തിന്റെ കാരണം വ്യക്തമല്ല. കടുപ്പമേറിയ ഇംഗ്ലണ്ട് പര്യടനത്തില്‍ കോലിയുടെ അനുഭവസമ്പത്ത് ഇന്ത്യക്കു ഏറെ മുതല്‍ക്കൂട്ടായി മാറുമെന്നാണ് കരുതപ്പെട്ടിരുന്നത്.
രോഹിത് ശര്‍മ വിരമിച്ച സാഹചര്യത്തില്‍ ഇംഗ്ലണ്ട് പര്യചനത്തില്‍ ഇന്ത്യന്‍ ബാറ്റിങ് നിരയിലെ ഏറ്റവും അനുഭവസമ്പത്തുള്ള ബാറ്റര്‍ കോലിയാണ്. അദ്ദേഹത്തെ കേന്ദ്രീകരിച്ച് ടീം ഈ പര്യടനത്തിനു തയ്യാറെടുക്കവെയാണ് ഈ അപ്രതീക്ഷിത തിരിച്ചടിയുണ്ടായിരിക്കുന്നത്. ടെസ്റ്റില്‍ നിന്നും വിരമിക്കാന്‍ ആലോചിക്കുകയാണെന്ന കാര്യം ബിസിസിഐയെ കോലി അറിയിച്ചു കഴിഞ്ഞു.
വിരാട് കോലി എല്ലാം തീരുമാനിച്ചു കഴിഞ്ഞു. ടെസ്റ്റ് ക്രിക്കറ്റ് വിടുകയാണെന്നതിനെക്കുറിച്ച് അദ്ദേഹം ബോര്‍ഡിനെ അറിയിക്കുകയും ചെയ്തിട്ടുണ്ട്. നിര്‍ണായകമായ ഇംഗ്ലണ്ട് പര്യടനം വരാനിരിക്കവെ തീരുമാനം പുനപ്പരിശോധിക്കണമെന്നാണ് വിരാടിനോടു ബോര്‍ഡ് ആവശ്യപ്പെട്ടിരിക്കുന്നത്. പക്ഷെ തങ്ങളുടെ അഭ്യര്‍ഥന അദ്ദേഹം ഇനിയും അംഗീകരിച്ചിട്ടില്ലെന്നും ബിസിസിഐ വൃത്തങ്ങള്‍ ഇന്ത്യന്‍ എക്‌സ്പ്രസിനോടു പറഞ്ഞു.

കഴിഞ്ഞ പരമ്പരയിലെ പ്രകടനം
ഈ വര്‍ഷം ഓസ്‌ട്രേലിയയില്‍ അഞ്ചു ടെസ്റ്റുകളുടെ ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫി ടെസ്റ്റ് പരമ്പരയിലാണ് ഇന്ത്യക്കു വേണ്ടി വിരാട് കോലി അവസാനമായി കളിച്ചത്. ഈ പരമ്പയില്‍ വളരെ പരിതാപകരമായിരുന്നു അദ്ദേഹത്തിന്റെ പ്രകടനം.
ഒമ്പതു ഇന്നിങ്‌സുകളില്‍ നിന്നും 23.75 ശരാശരിയില്‍ വെറും 190 റണ്‍സ് മാത്രമേ കോലിക്കു സ്‌കോര്‍ ചെയ്യാനായുള്ളൂ. ഒരു സെഞ്ച്വറി അദ്ദേഹം സ്വന്തം പേരില്‍ കുറിച്ചെങ്കിലും ബാക്കിയുള്ള ഇന്നിങ്‌സുകളിലെല്ലാം വന്‍ പരാജയമായി മാറി.
ഓഫ്സ്റ്റംപിന് പുറത്തുകൂടി പോവുന്ന ബോളുകളില്‍ പുറത്താവുകയെന്ന പതിവ് ഈ പരമ്പരയില്‍ കോലി ആവര്‍ത്തിച്ചു കൊണ്ടിരിക്കുകയും ചെയ്തു. ഒമ്പതു ഇന്നിങ്‌സുകളില്‍ എട്ടിലും അദ്ദേഹം ഇതേ രീതിയിലാണ് പുറത്തായത്. ഈ പരമ്പരയിലെ മോശം പ്രകടനമാണ് ഇപ്പോള്‍ ടെസ്റ്റ് മതിയാക്കാന്‍ കോലിയെ പ്രേരിപ്പിക്കുന്നതെന്നാണ് സൂചനകള്‍.
കഴിഞ്ഞ ബോര്‍ഡര്‍ ഗവാസര്‍ ട്രോഫി ഓസ്‌ട്രേലിയയില്‍ തന്റെ അവസാന റെഡ് ബോള്‍ പരമ്പരയായിരിക്കുമെന്നു കോലി നേരത്തേ വ്യക്തമാക്കുകയും ചെയ്തിരുന്നു. അദ്ദേഹം ടെസ്റ്റില്‍ നിന്നും വിരമിച്ചാല്‍ ഇന്ത്യന്‍ ക്രിക്കറ്റിനെ സംബന്ധിച്ച് അതു നികത്താനാവാത്ത നഷ്ടം തന്നെയായിരിക്കും. കാരണം കോലിയുടെ പകരക്കാരനെ കണ്ടെത്തുകയെന്നത് ഇന്ത്യക്കു ഏറെ ദുഷ്‌കരമാവുമെന്നതില്‍ സംശയമില്ല.
2011ല്‍ ടെസ്റ്റ് ക്രിക്കറ്റില്‍ അരങ്ങേറിയ അദ്ദേഹം 123 മല്‍സരങ്ങളില്‍ നിന്നും 46.85 ശരാശരിയില്‍ അടിച്ചെടുത്തത് 9230 റണ്‍സാണ്. 30 സെഞ്ച്വറികളും 31 ഫിഫ്റ്റികളും ഇതിലുള്‍പ്പെടും. ടെസ്റ്റില്‍ നിന്നും വിരമിക്കുകയാണെങ്കില്‍ ഏകദിനത്തില്‍ മാത്രമേ പിന്നീട് കോലിയെ കാണാന്‍ സാധിക്കുകയുള്ളൂ. ടി20യില്‍ നിന്നും കഴിഞ്ഞ വര്‍ഷം അദ്ദേഹം വിരമിച്ചിരുന്നു.