മെല്‍ബണില്‍ ശനിയാഴ്ച ഓസ്‌ട്രേലിയക്കെതിരേ ആരംഭിക്കുന്ന രണ്ടാം ക്രിക്കറ്റ് ടെസ്റ്റ് രണ്ട് ഇന്ത്യന്‍ താരങ്ങളുടെ അരങ്ങേറ്റത്തിനു കൂടി വേദിയാവും. യുവ ബാറ്റ്‌സ്മാന്‍ ശുഭ്മാന്‍ ഗില്ലും പേസര്‍ മുഹമ്മദ് സിറാജുമാണ് ടെസ്റ്റില്‍ ആദ്യമായി ഇന്ത്യയെ പ്രതിനിധീകരിക്കാന്‍ തയ്യാറെടുക്കുന്നത്. ആദ്യ ടെസ്റ്റില്‍ രണ്ടിന്നിങ്‌സുകളിലും ഫ്‌ളോപ്പായി മാറിയ പൃഥ്വി ഷായ്ക്കു പകരം ഗില്‍ മെല്‍ബണില്‍ ഇന്ത്യക്കു വേണ്ടി ഓപ്പണറായി കളിക്കും. എന്നാല്‍ പരിക്കു കാരണം പരമ്പരയിലെ ശേഷിച്ച ടെസ്റ്റുകളില്‍ നിന്നും പിന്‍മാറിയ മുഹമ്മദ് ഷമിക്കു പകരമാണ് സിറാജ് ടീമിലെത്തുന്നത്.

ഗില്ലും സിറാജും ടെസ്റ്റില്‍ കളിക്കുന്നത് ഇതാദ്യമായിട്ടാണെങ്കിലും നിശ്ചിത ഓവര്‍ ക്രിക്കറ്റില്‍ നേരത്തേ തന്നെ ഇന്ത്യന്‍ ജഴ്‌സിയണിഞ്ഞിട്ടുണ്ട്. ഗില്‍ മൂന്ന് ഏകദിനങ്ങളില്‍ കളിച്ചപ്പോള്‍ സിറാജ് ഒരു ഏകദിനവും മൂന്നു ടി20യും കളിച്ചു കഴിഞ്ഞു. അപൂര്‍വ്വമായി മാത്രമേ രണ്ടു താരങ്ങള്‍ ടെസ്റ്റില്‍ ഒരുമിച്ച് അരങ്ങേറ്റം കുറിക്കാറുള്ളൂ.
ഇന്ത്യക്കു വേണ്ടി രണ്ടു താരങ്ങള്‍ ഒരുമിച്ച് ടെസ്റ്റില്‍ ഇതിനു മുമ്പ് അരങ്ങേറിയത് 2013ലായിരുന്നു. കൊല്‍ക്കത്തയിലെ ഈഡന്‍ ഗാര്‍ഡന്‍സില്‍ അന്നു വെസ്റ്റ് ഇന്‍ഡീസിനെതിരേ നടന്ന ടെസ്റ്റില്‍ രോഹിത് ശര്‍മയും മുഹമ്മദ് ഷമിയുമായിരുന്നു അരങ്ങേറ്റക്കാര്‍. കന്നി ടെസ്റ്റില്‍ തന്നെ ഇരുവരും മിന്നുന്ന പ്രകടനം കാഴ്ചവയ്ക്കുകയും ചെയ്തു. 71 റണ്‍സിന് നാലു വിക്കറ്റുകള്‍ പിഴുതായിരുന്നു ഷമി ടെസ്റ്റിലേക്കു തന്റെ വരവറിയിച്ചത്. നാലില്‍ മൂന്നു പേരയും ഷമി ബൗള്‍ഡാക്കുകയായിരുന്നു. മര്‍ലോണ്‍ സാമുവല്‍സ്, ദിനേഷ് രാംദിന്‍ തുടങ്ങിയ അപകടകാരികളായ ബാറ്റ്‌സ്മാന്‍മാരും ഇക്കൂട്ടത്തിലുണ്ടായിരുന്നു.

ബൗളിങില്‍ ഷമിയുടെ ഊഴമായിരുന്നെങ്കില്‍ പിന്നീട് ഇന്ത്യന്‍ ബാറ്റിങില്‍ രോഹിത്തും കസറി. ആറാം നമ്പറിലായിരുന്നു ഹിറ്റ്മാന്‍ ബാറ്റ് ചെയ്യാനിറങ്ങിയത്. 301 ബോളുകള്‍ നേരിട്ട രോഹിത് 177 റണ്‍സ് അടിച്ചുകൂട്ടി. 23 ബൗണ്ടറികളും ഒരു സിക്‌സറുമടക്കമായിരുന്നു ഇത്. കന്നി ടെസ്റ്റില്‍ തന്നെ ഡബിള്‍ സെഞ്ച്വറി നേട്ടത്തിലേക്കു കുതിച്ച രോഹിത്തിനെ പക്ഷെ വീരസാമി പെരുമാള്‍ വിക്കറ്റിനു മുന്നില്‍ കുരുക്കുകയായിരുന്നു.
രോഹിത്, ഷമി എന്നിവരെപ്പോലെ ഗില്‍, സിറാജ് എന്നിവരും മെല്‍ബണില്‍ നടക്കാനിരിക്കുന്ന ടെസ്റ്റില്‍ ബാറ്റിങിലും ബൗളിങിലും മിന്നിയാല്‍ ഇന്ത്യക്കു വിജയം കൈക്കലാക്കാന്‍ സാധിക്കും. ആദ്യ ടെസ്റ്റില്‍ പരാജയപ്പെട്ടതിനാല്‍ പരമ്പരയില്‍ ഒപ്പമെത്താന്‍ ഇന്ത്യക്കു മെല്‍ബണില്‍ വിജയിക്കേണ്ടതുണ്ട്. അഡ്‌ലെയ്ഡില്‍ നടന്ന പിങ്ക് ബോള്‍ ടെസ്റ്റില്‍ എട്ടു വിക്കറ്റിന്റെ വന്‍ തോല്‍വിയായിരുന്നു ഇന്ത്യക്കു നേരിട്ടത്.