
ഇവരില്‍ കോലിയൊഴികെ ബാക്കിയുള്ള മൂന്നു പേരും ഇപ്പോള്‍ മികച്ച ഫോമിലാണ്. 60നു മുകളില്‍ ശരാശരി സ്മിത്തിനുണ്ട്. വില്ല്യംസണിന്റേത് 53.47മാണ്. റൂട്ടിന്റെ (49.23) ശരാശരി കോലിയേക്കാള്‍ കുറവാണെങ്കിലും കഴിഞ്ഞ വര്‍ഷം അവിശ്വസനീയ ബാറ്റിങായിരുന്നു അദ്ദേഹത്തിന്റേത്. പക്ഷെ ഇന്ത്യന്‍ സൂപ്പര്‍ താരത്തിനു കഴിഞ്ഞ രണ്ടു വര്‍ഷത്തിലേറെയായി ബാറ്റിങിലെ പഴയ മാജിക്ക് നഷ്ടമായിരിക്കുകയാണ്. 2019നു ശേഷം ടെസ്റ്റില്‍ ഒരു സെഞ്ച്വറി പോലും കോലി നേടിയിട്ടില്ല.

ടെസ്റ്റില്‍ വിരാട് കോലിയുടെ ബാറ്റിങ് ശരാശരി 50ല്‍ താഴേക്കു പോവുമെന്ന ഘട്ടത്തിലാണ് ഇപ്പോഴുള്ളത്. ഒരു ഘട്ടത്തില്‍ 55നു മുകളില്‍ വരെ അദ്ദേഹത്തിനു ശരാശരിയുണ്ടായിരുന്നു. ഇതാണ് ഇപ്പോള്‍ 50നും താഴേക്കു കൂപ്പുകുത്തുമെന്ന ആശങ്കയില്‍ നില്‍ക്കുന്നത്. അങ്ങനെ സംഭവിച്ചാല്‍ ഫാബ് ഫോറില്‍ അദ്ദേഹത്തെ ഉള്‍പ്പെടുത്തുന്നത് ചോദ്യം ചെയ്യപ്പെടും. കാരണം 50ന് മുകൡ ശരാശരിയുള്ളവരെയാണ് ഏറ്റവും മികച്ച ബാറ്റര്‍മാരായി വിലയിരുത്തപ്പെടുന്നത്.
നിലവില്‍ 50.35 ആണ് ടെസ്റ്റില്‍ കോലിയുടെ ബാറ്റിങ് ശരാശരി. പക്ഷെ ഈ 50 പോലും ഇപ്പോള്‍ തുലാസില്‍ നില്‍ക്കുകയാണ്. കാരണം അടുത്ത ടെസ്റ്റില്‍ ബാറ്റിങില്‍ ഫ്‌ളോപ്പായാല്‍ ശരാശരി 50ലും താഴെ പോവും.

ശ്രീലങ്കയുമായി മൊഹാലിയില്‍ നടന്ന തൊട്ടുമുമ്പത്തെ ടെസ്റ്റ് വിരാട് കോലിയുടെ കരിയറിലെ 100ാമത്തേത് കൂടിയായിരുന്നു. പക്ഷെ ബാറ്റിങില്‍ വലിയൊരു ഇന്നിങ്‌സ് കാഴ്ചവയ്ക്കാന്‍ അദ്ദേഹത്തിനു ഈ കളിയില്‍ സാധിച്ചില്ല. 45 റണ്‍സിനു കോലി ആദ്യ ഇന്നിങ്‌സില്‍ പുറത്താവുകയായിരുന്നു. രണ്ടാമിന്നിങ്‌സില്‍ ഇന്ത്യ ബാറ്റ് ചെയ്യേണ്ടി വന്നതുമില്ല.
ഇനി ലങ്കയ്‌ക്കെതിരേ പിങ്ക് ബോള്‍ ടെസ്റ്റാണ് അടുത്തതായി ഇന്ത്യ കളിക്കുന്നത്. ശനിയാഴ്ച മുതല്‍ ബെംഗളൂരുവിലാണ് ഈ മല്‍സരം. ഈ ടെസ്റ്റിന്റെ ആദ്യ ഇന്നിങ്‌സിലെ പ്രകടനം കോലിയെ സംബന്ധിച്ച് വളരെ നിര്‍ണായകമായിരിക്കും.

പിങ്ക് ബോള്‍ ടെസ്റ്റിന്റെ ആദ്യ ഇന്നിങ്‌സില്‍ ഏറ്റവും കുറഞ്ഞത് 43 റണ്‍സെങ്കിലും വിരാട് കോലി സ്‌കോര്‍ ചെയ്‌തേ തീരൂ. 43ലും താഴെ റണ്‍സിനു പുറത്തായാല്‍ അദ്ദേഹത്തിന്റെ ബാറ്റിങ് ശരാശരി 50നും താഴേക്കു പോവും. അങ്ങനെ സംഭഴിച്ചാല്‍ ആറു വര്‍ഷങ്ങള്‍ക്കു ശേഷമായിരിക്കും മൂന്നു ഫോര്‍മാറ്റുകളില്‍ ഏതെങ്കിലുമൊന്നില്‍ അദ്ദേഹത്തിന്റെ ശരാശരി 50ലും താഴെയാവുന്നത്. ഇതോടെ ഫാബ് ഫോറിലും കോലിയുടെ സ്ഥാനത്തിനു ഇളക്കം തട്ടിയേക്കും.
കരിയറിലെ 52ാമത്തെ ടെസ്റ്റിലായിരുന്നു കോലിയുടെ ബാറ്റിങ് ശരാശരി ആദ്യമായി 50 കടന്നത്. അതിനു ശേഷം ഒരിക്കല്‍പ്പോലും ഇതു 50നു താഴേക്കു പോയിട്ടുമില്ല. ഉയര്‍ന്ന നിലവാരത്തില്‍ ദീര്‍ഘകാലം ബാറ്റ് ചെയ്ത കോലി ശരാശരി ഉയര്‍ത്തിക്കൊണ്ടിരിക്കുകയായിരുന്നു. പക്ഷെ ഇപ്പോള്‍ വലിയ ഇന്നിങ്‌സുകളുടെ അഭാവം അദ്ദേഹത്തിന്റെ കരിയറിനെ ഉലച്ചിരിക്കുകയാണ്.

കഴിഞ്ഞ 49 ടെസ്റ്റുകള്‍ക്കിടെ ഇതാദ്യമായിട്ടാണ് വിരാട് കോലിയുടെ ബാറ്റിങ് ശരാശരി 50ലും താഴേക്കു പതിക്കുമെന്ന ഘട്ടത്തിലെത്തിയിരിക്കുന്നത്. അദ്ദേഹത്തിന്റെ കരിയറിനെ നമുക്ക് രണ്ടു ഘട്ടങ്ങളായി തിരിക്കാം. 2015 മുതല്‍ 19 വരെയുള്ള സമയം കോലിയുടെ സുവര്‍ണകാലം തന്നെയായിരുന്നു. 2019 നവംബറില്‍ ബംഗ്ലാദേശിനെതിരേ കൊല്‍ക്കത്തയിലെ പിങ്ക് ബോള്‍ ടെസ്റ്റിലായിരുന്നു അദ്ദേഹത്തിന്റെ അവസാനത്തെ സെഞ്ച്വറി.
അതുവരെയുള്ള ടെസ്റ്റ് കരിയറെടുത്താല്‍ 54.97 എന്ന തകര്‍പ്പന്‍ ശരാശരി കോലിക്കുണ്ടായിരുന്നു. പക്ഷെ ആ സെഞ്ച്വറിക്കു ശേഷം കരിയര്‍ ഗ്രാഫ് കുത്തനെ താഴേക്കു പതിക്കുകയായിരുന്നു. ആ സെഞ്ച്വറിക്കു ശേഷം ടെസ്റ്റില്‍ കോലിയുടെ ശരാശരി 28.75 മാത്രമാണ്. എത്ര മാത്രം മോശമാണ് ഇപ്പോള്‍ അദ്ദേഹത്തിന്റെ ബാറ്റിങ് പ്രകടനമെന്നു തെളിയിക്കാന്‍ ഈ ശരാശരി തന്നെ ധാരാളമാണ്.

2016ല്‍ ഇംഗ്ലണ്ടിനെതിരേ മുംബൈയിലെ വാംഖഡെയില്‍ നടന്ന ടെസ്റ്റില്‍ 235 റണ്‍സ് അടിച്ചെടുത്തപ്പോഴായിരുന്നു വിരാട് കോലിയുടെ ശരാശരി 50ന് മുകളിലെത്തിയത്. 2019ല്‍ സൗത്താഫ്രിക്കയ്‌ക്കെതിരേ പൂനെയില്‍ നടന്ന ടെസ്റ്റില്‍ 254 റണ്‍സ് അടിച്ചെടുത്തതോടെ ഇതു കരിയര്‍ ബെസ്റ്റ് ശരാശരിയായ 55.10 കൈവരിക്കാന്‍ കോലിയെ സഹായിച്ചു. പക്ഷെ അതിനു ശേഷം അദ്ദേഹത്തിന്റെ ശരാശരി ഒരിക്കലും മുകളിലേക്കു പോയില്ല. മാത്രമല്ല അതു താഴ്ന്നു കൊണ്ടേയിരിക്കുകയും ചെയ്തു. ഒടുവില്‍ ഇപ്പോള്‍ 101ാം ടെസ്റ്റ് കളിക്കാനൊരുങ്ങുമ്പോള്‍ ശരാശരി 50ലും താഴെ പോവുമെയെന്ന ആശങ്കയിലാണ് ആരാധകര്‍.


Click it and Unblock the Notifications