ഓസ്‌ട്രേലിയന്‍ പര്യടനത്തില്‍ ടീം ഇന്ത്യയെ സംബന്ധിച്ച് ഏറ്റവും വലിയ കണ്ടെത്തലായി മാറിയ താരമായിരുന്നു തമിഴ്‌നാട്ടുകാരനായ പേസര്‍ ടി നടരാജന്‍. ആദ്യം നെറ്റ് ബൗളറായും പിന്നീട് പരിക്കേറ്റ വരുണ്‍ ചക്രവര്‍ത്തിയുടെ പകരനായും ദേശീയ ടീമിലെത്തിയ നടരാജന്‍ ഏകദിന, ടി20 പരമ്പരകളില്‍ ഉജ്ജ്വല ബൗളിങ് കാഴ്ചവച്ചിരുന്നു. രണ്ടു ഫോര്‍മാറ്റിലും താരത്തിന്റെ കന്നി പരമ്പര കൂടിയായിരുന്നു ഇത്. ഇപ്പോഴിതാ ടെസ്റ്റിലും 'നട്ടുവിന്' അരങ്ങേറാന്‍ വഴിയൊരുങ്ങുന്നതായി പുതിയ റിപ്പോര്‍ട്ടുകള്‍.

ഇപ്പോള്‍ നടന്നു കൊണ്ടിരിക്കുന്ന ടെസ്റ്റ് പരമ്പരയിലെ ശേഷിച്ച രണ്ടു ടെസ്റ്റുകളില്‍ നടരാജന്‍ ഇന്ത്യക്കു വേണ്ടി കളിച്ചേക്കുമെന്നാണ് ഒരു ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നത്. ടീമംഗത്തിന്റെ പരിക്ക് തന്നെയാണ് ഇത്തവണയും അദ്ദേഹത്തിനു അനുഗ്രഹമായി മാറിയത്. മെല്‍ബണില്‍ നടന്ന രണ്ടാം ടെസ്റ്റിനിടെ പരിക്കേറ്റ പേസര്‍ ഉമേഷ് യാദവിനു മൂന്നാം ടെസ്റ്റില്‍ കളിക്കാനാവുമോയെന്ന കാര്യം സംശയമില്ല. മൂന്നാംദിനം ബൗള്‍ ചെയ്യവെ പരിക്കേറ്റു പിന്‍മാറിയ ഉമേഷിനു തുടര്‍ന്നു കളിക്കാനായിരുന്നില്ല.
പരിക്ക് അത്ര നിസാരമല്ലെന്നാണ് ലഭിക്കുന്ന സൂചനകള്‍. അങ്ങനെയെങ്കില്‍ മൂന്നാം ടെസ്റ്റ് ഉമേഷിനു നഷ്ടമാവും. പകരക്കാരനായി ടീം മാനേജ്‌മെന്റ് കണ്ടു വച്ചിരിക്കുന്നത് നടരാജനെയാണ്. നെറ്റ്‌സില്‍ സഹതാരങ്ങള്‍ക്കെതിരേ മികച്ച ബൗളിങ് പ്രകടനമാണ് അദ്ദേഹം കാഴ്ചവയ്ക്കുന്നത്. മാത്രമല്ല നേരത്തേ നടന്ന ഏകദിന, ടി20 പരമ്പരകളിലെ പ്രകടനത്തിലൂടെ നടരാജന്‍ മികവ് തെളിയിക്കുകയും ചെയ്തു കഴിഞ്ഞു.
ഉമേഷിന്റെ സ്‌കാനിങ് റിപ്പോര്‍ട്ട് വന്നു കഴിഞ്ഞതായും മൂന്നാം ടെസ്റ്റില്‍ കളിക്കാന്‍ കഴിയില്ലെന്നുമാണ് ടീമുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ ഒരു ദേശീയ മാധ്യമത്തോടു പ്രതികരിച്ചത്. പരമ്പരയിലെ നാലാമത്തെയും അവസാനത്തെയും ടെസ്റ്റില്‍ മാത്രമേ ഉമേഷിനു ടീമില്‍ തിരികെയെത്താന്‍ സാധിക്കുകയുള്ളൂ. ജനുവരി 15ന് തുടങ്ങുന്ന നാലാം ടെസ്റ്റിനു മുമ്പ് അദ്ദേഹത്തിനു ഫിറ്റ്‌നസ് വീണ്ടെടുക്കാനാവുമെന്നാണ് കരുതുന്നത്. പരിമിതമായ ഓപ്ഷനുകള്‍ മാത്രമേ ഇപ്പോള്‍ ടീം മാനേജ്‌മെന്റിനു മുന്നിലുള്ളൂ. അതുകൊണ്ടു തന്നെ ടി നടരാജനെ പകരക്കാരനായി ഉള്‍പ്പെടുത്താന്‍ ടീം മാനേജ്‌മെന്റ് ആവശ്യപ്പെട്ടേക്കുമെന്നും ബന്ധപ്പെട്ട വൃത്തങ്ങള്‍ വെളിപ്പെടുത്തി.

ടെസ്റ്റ് ടീമിന്റെ ഭാഗമല്ലെങ്കിലും നെറ്റ് ബൗളറായി നടരാജന്‍ ഇപ്പോഴും ഇന്ത്യന്‍ സംഘത്തോടൊപ്പം ഓസ്‌ട്രേലിയയിലുണ്ട്. ഈ സീസണിലെ ഐപിഎല്ലില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനു വേണ്ടി നടത്തിയ മിന്നുന്ന പ്രകടനമാണ് അദ്ദേഹത്തിന് ഓസീസ് പര്യടനത്തിനുള്ള സംഘത്തില്‍ ഇടം നേടിക്കൊടുത്തത്. ഓസീസിനെതിരേ ഏകദിന പരമ്പരയിലെ അവസാന മല്‍സരത്തിലൂടെയായിരുന്നു നടരാജന്റെ അരങ്ങേറ്റം. ഇന്ത്യ ജയിച്ച കളിയില്‍ പേസര്‍ 70 റണ്‍സിന് രണ്ടു വിക്കറ്റെടുക്കുകയും ചെയ്തു. ഇതോടെ തുടര്‍ന്നു നടന്ന മൂന്നു മല്‍സരങ്ങളുടെ ടി20 പരമ്പരയിലും നടരാജന്‍ പ്ലെയിങ് ഇലവനില്‍ സ്ഥാനം നിലനിര്‍ത്തി. മൂന്നു കളികളില്‍ നിന്നും 6.92 ഇക്കോണമി റേറ്റില്‍ ആറു വിക്കറ്റുകള്‍ താരം വീഴ്ത്തുകയും ചെയ്തു.