ഇതിഹാസ താരം സുനില്‍ ഗവാസ്‌കറിനു ശേഷം ഇന്ത്യ കണ്ട ഏറ്റവും മികച്ച ടെസ്റ്റ് ഓപ്പണര്‍ വീരേന്ദര്‍ സെവാഗാണെന്നു നായകനും ബിസിസിഐ പ്രസിഡന്റുമായ സൗരവ് ഗാംഗുലി. മധ്യനിര ബാറ്റ്‌സ്മാനായി കരിയര്‍ ആരംഭിച്ച വീരുവിന് ഓപ്പണിങിലേക്കു പ്രൊമോഷന്‍ നല്‍കിയത് ഗാംഗുലി ക്യാപ്റ്റനായപ്പോഴായിരുന്നു.

1999ല്‍ പാകിസ്താനെതിരായ ഏകദിനത്തില്‍ അജയ് ജഡജേയ്ക്കു കീഴില്‍ കളിച്ചാണ് സെവാഗ് അരങ്ങേറിയത്. ആറാം നമ്പറിലായിരുന്നു തുടക്കകാലത്ത് അദ്ദേഹം ബാറ്റ് ചെയ്തിരുന്നത്. എന്നാല്‍ 2002ല്‍ ഇന്ത്യ ഇംഗ്ലണ്ടില്‍ പര്യടനം നടത്തിയപ്പോള്‍ ഓപ്പണറായി ഇറങ്ങാന്‍ അന്നത്തെ ക്യാപ്റ്റനായ ഗാംഗുലി ആവശ്യപ്പെടുകയായിരുന്നു.
സെവാഗ് വളരെ വലിയ താരമായിരുന്നു. പക്ഷെ ആദ്യകാലങ്ങളില്‍ ബാറ്റിങ് ഓര്‍ഡറില്‍ അദ്ദദേഹത്തിന് വേണ്ടത്ര അവസരങ്ങള്‍ ലഭിച്ചില്ല. ഇംഗ്ലണ്ടില്‍ ഇന്ത്യ പര്യടനം നടത്തവെയായിരുന്നു റിസര്‍വ് താരങ്ങളുടെ കൂട്ടത്തില്‍ ഇരുന്നിട്ടു കാര്യമില്ലെന്നും നിനക്ക് ഓപ്പണറായി കളിക്കാമോയെന്നും ഞാന്‍ സെവാഗിനോടു ചോദിച്ചത്.
തുടക്കത്തില്‍ ഇതിനു സെവാഗ് സമ്മതിച്ചില്ല. മുമ്പൊരിക്കലും താന്‍ ഓപ്പണറായി കളിച്ചിട്ടില്ലെന്നും മധ്യനിര ബാറ്റ്‌സ്മാനായി മാത്രമാണ് ഇതുവരെ കളിച്ചിട്ടുള്ളതെന്നും പറഞ്ഞു. ഒടുവില്‍ ഓപ്പണ്‍ ചെയ്യാന്‍ സെവാഗ് സമ്മതം മൂളി. ഇപ്പോള്‍ നോക്കൂ, അവിടെ നിന്നും അദ്ദേഹം എവിടെയത്തി നില്‍ക്കുന്നു. എക്കാലത്തെയും മികച്ച ഓപ്പണര്‍മാരില്‍ ഒരാളായി മാറിയിരിക്കുകയാണ് സെവാഗ്. ഗവാസ്‌കറിനു ശേഷം ടെസ്റ്റില്‍ വീരുവിനേക്കാള്‍ മികച്ചൊരു ഇന്ത്യന്‍ ഓപ്പണറെ താന്‍ കണ്ടിട്ടില്ലെന്നും ഒരു ബംഗ്ലാ മാധ്യത്തോടു ഗാംഗുലി പറഞ്ഞു.

സച്ചിന്‍ ടെണ്ടുല്‍ക്കര്‍ക്കു കീഴില്‍ ഇന്ത്യ ഓസ്‌ട്രേലിയന്‍ പര്യടനത്തില്‍ ദയനീയ പ്രകടനം നടത്തിയ ശേഷമായിരുന്നു ഗാംഗുലി നായകസ്ഥാനമേറ്റെടുക്കുന്നത്. അവസരം ലഭിച്ചപ്പോഴെല്ലാം കഴിവിന്റെ പരമാവധി നല്‍കാനാണ് ശ്രമിച്ചിട്ടുള്ളതെന്നും ക്യാപ്റ്റനായിരുന്നപ്പോഴും ഇതില്‍ മാറ്റമുണ്ടായിട്ടില്ലെന്നും ദാദ പറയുന്നു. സച്ചിന്‍ നായകസ്ഥാനത്തു തുടരാന്‍ താല്‍പ്പര്യമില്ലെന്ന് അറിയിച്ചതു കൊണ്ടു മാത്രമാണ് തനിക്കു അന്നു ക്യാപ്റ്റന്‍സി ലഭിച്ചതെന്നും ദാദ വ്യക്തമാക്കി.
നിങ്ങള്‍ എന്തു ഉത്തരവാദിത്വം നല്‍കിയാലും ഞാന്‍ കഴിവിന്റെ പരമാവധി തിരിച്ചുനല്‍കാന്‍ ശ്രമിക്കും. സച്ചിന്‍ ക്യാപ്റ്റന്‍സിയൊഴിഞ്ഞപ്പോള്‍ എനിക്കായിരിക്കും പകരം ചുമതല ലഭിക്കുകയെന്ന് ഒട്ടും പ്രതീക്ഷിച്ചിരുന്നില്ല. ആ സമയത്തു ഞാനും സച്ചിനും സമപ്രായക്കാരുമായിരുന്നു. സച്ചിനല്ലാതെ മറ്റൊരാള്‍ ഇന്ത്യയുടെ ക്യാപ്റ്റനായി വരുമെന്ന് ആര്‍ക്കും ചിന്തിക്കാന്‍ പോലും സാധിക്കില്ലായിരുന്നു. സച്ചിന് അതു വേണ്ടായിരുന്നു, അതുകൊണ്ട് ഞാന്‍ അതേറ്റെടുക്കുകയും ചെയ്തതായി ഗാംഗുലി കൂട്ടിച്ചേര്‍ത്തു.