ബേ ഓവല്‍: ടെസ്റ്റ് ക്രിക്കറ്റില്‍ ചരിത്രത്തിലാദ്യമായി ന്യൂസിലാന്‍ഡ് ടീം ഒന്നാം റാങ്കിന് അവകാശികളായി. പാകിസ്താനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ 101 റണ്‍സിന്റെ വിജയം കൊയ്തതോടെയാണ് ന്യൂസിലാന്‍ഡ് ചരിത്ര നേട്ടം കൊയ്തത്. 373 റണ്‍സിന്റെ വിജയലക്ഷ്യം തേടിയിറങ്ങിയ പാകിസ്താന്‍ അവസാനദിനം 271 റണ്‍സിനു കൂടാരം കയറുകയായിരുന്നു. ഈ വിജയത്തോടെ രണ്ടു ടെസ്റ്റുകളുടെ പരമ്പരയില്‍ കിവീസ് 1-0ന് മുന്നിലെത്തുകയും ചെയ്തു.

ഈ വര്‍ഷം കളിച്ച എല്ലാ ടെസ്റ്റുകളിലും വിജയിക്കാന്‍ ന്യൂസിലാന്‍ഡിനായിട്ടുണ്ട്. നാട്ടില്‍ നടന്ന പരമ്പരയില്‍ ഇന്ത്യയെ 2-0ന് തൂത്തുവാരിക്കൊണ്ടായിരുന്നു കിവികളുടെ തുടക്കം. ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ അപരാജിത കുതിപ്പ് കൂടിയായിരുന്നു ഇതോടെ അവസാനിച്ചത്. ഇന്ത്യക്കെതിരായ പരമ്പര നേട്ടത്തിനു ശേഷം വെസ്റ്റ് ഇന്‍ഡീസിനെയും ഇതേ മാര്‍ജിനില്‍ തന്നെ കിവികള്‍ കെട്ടുകെട്ടിച്ചു. അവരുടെ മൂന്നാമത്തെ എതിരാളികളാണ് പാകിസ്താന്‍. ആദ്യ ടെസ്റ്റ് ജയിച്ച കിവീസ് 100 ശതമാനം വിജയമെന്ന റെക്കോര്‍ഡ് കാത്തുസൂക്ഷിക്കുകയും ചെയ്തു.

ക്യാപ്റ്റന്റെ ഇന്നിങ്‌സ് കളിച്ച കെയ്ന്‍ വില്ല്യംസണാണ് പാകിസ്താനെതിരായ ടെസ്റ്റില്‍ കിവികളുടെ വിജയശില്‍പ്പി. മാന്‍ ഓഫ് ദി മാച്ചായി തിരഞ്ഞെടുക്കപ്പെട്ടതും അദ്ദേഹമായിരുന്നു. ആദ്യ ഇന്നിങ്‌സില്‍ വില്ല്യംസണ്‍ നേടിയ 129 റണ്‍സാണ് ടെസ്റ്റില്‍ കിവികള്‍ക്കു മുന്‍തൂക്കം നേടിക്കൊടുത്തത്. 297 ബോളുകള്‍ നേരിട്ട അദ്ദേഹം 12 ബൗണ്ടറികളും ഒരു സിക്‌സറും പായിച്ചു. സ്‌കോര്‍ ന്യൂസിലാന്‍ഡ് 431, അഞ്ചിന് 180 ഡിക്ലയേര്‍ഡ്. പാകിസ്താന്‍ 239, 271.
രണ്ടാമിന്നിങ്‌സില്‍ 373 റണ്‍സിന്റെ വിജയലക്ഷ്യത്തിലേക്കു ബാറ്റ് വീശിയ പാക്പടയെ മികച്ച ബൗളിങിലൂടെ കിവീസ് 300നുള്ളില്‍ എറിഞ്ഞൊതുക്കുകയായിരുന്നു. ഫവാദ് ആലം (102), ക്യാപ്റ്റന്‍ മുഹമ്മദ് റിസ്വാന്‍ (60) എന്നിവര്‍ മാത്രമാണ് പൊരുതി നോക്കിയത്. അസ്ഹര്‍ അലി 38 റണ്‍സെുത്തു. മറ്റുള്ളവരില്‍ നിന്നും കാര്യമായ സംഭാവന ലഭിച്ചില്ല. പാകിസ്താന്റെ രണ്ട് ഓപ്പണര്‍മാരും ഡെക്കായി മടങ്ങിയിരുന്നു. പാക് സ്‌കോര്‍ ബോര്‍ഡില്‍ അക്കൗണ്ട് തുറക്കുമ്പോഴേക്കും ഷാന്‍ മസൂദും ആബിദ് അലിയും പവലിയനിലേക്കു മടങ്ങിയിരുന്നു. ന്യൂസിലാന്‍ഡിനു വേണ്ടി ടിം സോത്തി, ട്രെന്റ് ബോള്‍ട്ട്, കൈല്‍ ജാമിസണ്‍, നീല്‍ വാഗ്നര്‍, മിച്ചെല്‍ സാന്റ്‌നര്‍ എന്നിവര്‍ രണ്ടു വിക്കറ്റ് വീതം വീഴ്ത്തി. ക്യാപ്റ്റന്‍ വില്ല്യംസണ്‍ രണ്ടോവറില്‍ ഒരു മെയ്ഡനടക്കം ഒരു റണ്‍സ് മാത്രം വിട്ടുകൊടുത്തെങ്കിലും വിക്കറ്റ് ലഭിച്ചില്ല.