ഹരാരെ: നിര്‍ണായക മല്‍സരത്തില്‍ വെസ്റ്റ് ഇന്‍ഡീസിനെ തകര്‍ത്ത് അഫ്ഗാനിസ്താന്‍ അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന ഐസിസി ഏകദിന ലോകകപ്പ് പ്രതീക്ഷ നിലനിര്‍ത്തി. ആവേശകരമായ കളിയില്‍ മൂന്നു വിക്കറ്റിവാണ് അഫ്ഗാന്‍ കരീബിയയെ മലര്‍ത്തിയടിച്ചത്. ആദ്യം ബാറ്റ് ചെയ്ത വിന്‍ഡീസിനെ മികച്ച ബൗളിങിലൂടെ വരിഞ്ഞുകെട്ടുകയായിരുന്നു. സൂപ്പര്‍ താരം ക്രിസ് ഗെയ്ല്‍ ഉള്‍പ്പെട്ട വിന്‍ഡീസ് ടീമിന് നിശ്ചിത ഓവറില്‍ എട്ടു വിക്കറ്റിന് 197 റണ്‍സെടുക്കാനേ കഴിഞ്ഞുള്ളൂ.

മറുപടി ബാറ്റിങില്‍ വിന്‍ഡീസ് ഉയര്‍ത്തിയ ശക്തമായ വെല്ലുവിളി അതിജീവിച്ച് 47.4 ഓവറില്‍ ഏഴു വിക്കറ്റ് നഷ്ടത്തില്‍ അഫ്ഗാന്‍ ത്രസിപ്പിക്കുന്ന ജയം കൈക്കലാക്കി. റഹ്മത്ത് ഷായുടെ (68) തകര്‍പ്പന്‍ ഇന്നിങ്‌സാണ് അഫ്ഗാന്റെ വിജയത്തിന് അടിത്തറയിട്ടത്. 109 പന്തുകള്‍ നേരിട്ട താരത്തിന്റെ ഇന്നിങ്‌സില്‍ അഞ്ചു ബൗണ്ടറികളും ഒരു സിക്‌സറുമുള്‍പ്പെട്ടിരുന്നു. മുഹമ്മദ് നബി 31ഉം സമിയുള്ള ഷെന്‍വാരി 27ഉം റണ്‍സെടുത്തു.
നേരത്തേ 43 റണ്‍സെടുത്ത വിക്കറ്റ് കീപ്പര്‍ ഷെയ് ഹോപ്പും 36 റണ്‍സ് നേടിയ മര്‍ലോണ്‍ സാമുവല്‍സും ചേര്‍ന്നാണ് വിന്‍ഡീസിനെ നാണക്കേടില്‍ നിന്നും രക്ഷിച്ചത്. ക്യാപ്റ്റന്‍ ജാസണ്‍ ഹോള്‍ഡര്‍ 28 റണ്‍സെടുത്ത് പുറത്തായി. വെടിക്കെട്ട് താരം ഗെയ്‌ലിനു വെറും ഒരു റണ്‍സെടുക്കാനേ കഴിഞ്ഞുള്ളൂ. മൂന്നു വിക്കറ്റെടുത്ത മുജീബുര്‍ റഹ്മാനും രണ്ടു വിക്കറ്റ് വീഴത്തിയ നബിയുമാണ് വിന്‍ഡീസിനെ വന്‍ സ്‌കോര്‍ നേടുന്നതില്‍ നിന്നും തടഞ്ഞത്.

യോഗ്യതാറൗണ്ടില്‍ അപ്രതീക്ഷിത തിരിച്ചടികളാണ് അഫ്ഗാന് ആദ്യ മല്‍സരങ്ങളില്‍ നേരിട്ടത്. ഇതോടെ ലോകകപ്പിന് ടിക്കറ്റെടുക്കാന്‍ ശേഷിച്ച മൂന്നു കളികളിലും ജയിച്ചേ തീരൂവെന്ന വെല്ലുവിളിയാണ് അഫ്ഗാന്‍ നേരിട്ടത്. വിന്‍ഡീസിനെ വീഴ്ത്തി ആദ്യ കടമ്പ അവര്‍ പിന്നിട്ടുകഴിഞ്ഞു. ഇനി യുഎഇ, അയര്‍ലാന്‍ഡ് എന്നിവരുമായുള്ള മല്‍സരങ്ങളാണ് അഫ്ഗാന് മുന്നിലുള്ളത്.