BPL 2022: 'അധോലോക നായകനാണോ?', ഗ്രൗണ്ടില്‍ നിന്ന് സിഗരറ്റ് വലിച്ച് ഷഹ്‌സാദ്, വിമര്‍ശനം ശക്തം

ധാക്ക: ബംഗ്ലാദേശ് പ്രീമിയര്‍ ലീഗ് ടൂര്‍ണമെന്റിനായി ധാക്കയിലാണ് അഫ്ഗാനിസ്ഥാന്റെ പ്രധാന താരങ്ങളെല്ലാമുള്ളത്. ഇന്നലെ മിനിസ്റ്റര്‍ ധാക്ക-കോമില്ല വിക്ടോറിയന്‍സ് മത്സരം ആരംഭിക്കാനിരിക്കെ മൈതാനത്ത് നിന്ന് സിഗരറ്റ് വലിച്ച് വിവാദത്തിലായിരിക്കുകയാണ് അഫ്ഗാന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാനായ മുഹമ്മദ് ഷഹ്‌സാദ്. സഹതാരങ്ങളോടൊപ്പം മത്സരത്തിന് മുമ്പ് മൈതാനത്തിറങ്ങിയ സമയത്താണ് ഷഹ്‌സാദ് സിഗരറ്റ് വലിച്ചത്. കായിക താരങ്ങള്‍ക്ക് സമൂഹത്തില്‍ വലിയ സ്വാധീനം ചെലുത്താനാവുമെന്നതില്‍ പൊതു സമൂഹത്തിന് മുന്നില്‍ പരമാവധി നന്നായി പെരുമാറാനാണ് ഇവര്‍ ശ്രമിക്കാറ്. എന്നാല്‍ ഷഹ്‌സാദിന്റെ പ്രവര്‍ത്തി ബിപിഎല്ലിനും അഫ്ഗാന്‍ ക്രിക്കറ്റിനും വലിയ നാണക്കേടായിരിക്കുകയാണ്.

മത്സരം നടക്കാനിരിക്കുന്ന മൈതാനത്തിലേക്ക് പരസ്യമായി സിഗരറ്റും കൈയില്‍ പിടിച്ച് വരികയും വലിക്കുകയും ചെയ്തത് ഗുരുതര അച്ചടക്ക ലംഘനമായിത്തന്നെ വേണം കരുതാന്‍. ഷഹ്‌സാദ് സിഗരറ്റ് വലിക്കുന്ന ചിത്രം ഇതിനോടകം വൈറലായിക്കഴിഞ്ഞു. മുജീബുര്‍ റഹ്‌മാനടക്കമുള്ള സഹതാരങ്ങള്‍ കാഴ്ചക്കാരായി നില്‍ക്കുമ്പോഴാണ് അധോലോക നായകന്മാരെപ്പോലെ മാസ് ലുക്കില്‍ ഷഹ്‌സാദിന്റെ സിഗരറ്റ് വലി. ചിത്രം വൈറലായതോടെ വലിയ വിമര്‍ശനമാണ് താരത്തിനെതിരേ ഉയരുന്നത്.
ടൂര്‍ണമെന്റില്‍ നിന്ന് വിലക്കണമെന്നും അധോലോക രാജാവാണെന്നാണോ വിചാരം എന്നൊക്കെയുള്ള നിരവധി വിമര്‍ശന പ്രതികരണങ്ങളാണ് സാമൂഹ്യ മാധ്യമങ്ങളിലൂടെ ഉയരുന്നത്. മഴയെത്തുടര്‍ന്ന് ബംഗ്ലാദേശ് പ്രീമിയര്‍ ലീഗിലെ മത്സരം നടന്നില്ല. ഇതോടെയാണ് താരങ്ങള്‍ മൈതാനത്തിലേക്കെത്തിയത്. 35കാരനായ ഷഹ്‌സാദ് കരീം ജനത്, ഫസ് ലാക്ക് ഫറൂഖി എന്നിവരോടൊപ്പമാണ് മൈതാനത്തിലേക്കെത്തിയത്. എന്നാല്‍ ആരെയും മൈന്റ് ചെയ്യാതെ ഷഹ്‌സാദ് സിഗരറ്റ് വലിക്കുകയായിരുന്നു. ടൂര്‍ണമെന്റിന്റെ സംഘാടകരും മാധ്യമങ്ങളുമെല്ലാം മൈതാനത്തിലുള്ളപ്പോഴാണ് ഷഹ്‌സാദില്‍ നിന്ന് ഇത്തരമൊരു പ്രവര്‍ത്തി ഉണ്ടായതെന്നതാണ് എടുത്തുപറയേണ്ട കാര്യം.

മൈതാനത്ത് നിന്ന് ഷഹ്‌സാദ് സിഗരറ്റ് വലിച്ചത് ഒരിക്കലും അംഗീകരിച്ച് നല്‍കാനാവാത്ത കാര്യമാണെന്ന് ബിസിബിയുടെ മാച്ച് റഫറി പ്രതികരിച്ചു. ധാക്ക ടീമിന്റെ ഡ്രസിങ് റൂമില്‍ പരിശീലകന്‍ മിസാനൂര്‍ റഹ്‌മാനും ഓപ്പണര്‍ തമിം ഇക്ബാലും ഷഹ്‌സാദിന്റെ പ്രവര്‍ത്തിയെ വിമര്‍ശിച്ചു. മൈതാനത്തിന്റെ ഉള്ളിലോ ഡ്രസിങ് റൂമിലോ സിഗരറ്റ് വലിക്കുന്നത് ശക്തമായി വിലക്കിയിട്ടുള്ളതിനാല്‍ ഗുരുതര വീഴ്ചയാണ് ഷഹ്‌സാദില്‍ നിന്ന് ഉണ്ടായതെന്നതാണ് ബിസിബിയുടെ ചീഫ് മാച്ച് റഫറി റൊക്കിബുല്‍ ഹസന്‍ പറഞ്ഞു. അംഗീകരിക്കാന്‍ കഴിയാത്ത സംഭവമാണ് ഉണ്ടായിരിക്കുന്നതെന്നും മത്സരത്തിന്റെ അന്തസിന് ചേരുന്ന പ്രവര്‍ത്തിയല്ലാത്തതിനാല്‍ താരത്തിന് ഒരു ഡീമെറിറ്റ് പോയിന്റ് നല്‍കുമെന്നും മാച്ച് റഫറി പറഞ്ഞു.

തന്റെ തെറ്റ് ഷഹ്‌സാദ് തുറന്ന് സമ്മതിച്ചിട്ടുണ്ട്. എന്തായാലും ക്രിക്കറ്റ് മൈതാനങ്ങളില്‍ പൊതുവേ സംഭവിക്കാത്ത കാര്യമാണിത്. കായിക താരങ്ങള്‍ക്ക് ഉയര്‍ന്ന കായിക ക്ഷമത വേണ്ടത് വളരെ പ്രധാനപ്പെട്ട കാര്യമാണ്. അതുകൊണ്ട് തന്നെ ഒട്ടുമിക്ക താരങ്ങളും ലഹരിയില്‍ നിന്ന് വിട്ടുനില്‍ക്കാനാണ് ശ്രമിക്കാറ്. ലഹരി ഉപയോഗിക്കുന്ന താരങ്ങള്‍ത്തന്നെ രഹസ്യമായി സ്വകാര്യ നിമിഷങ്ങളിലാവും ഇത്തരം കാര്യങ്ങള്‍ ചെയ്യുക. എന്നാല്‍ ഇത്തരത്തില്‍ എല്ലാ നിയമങ്ങള്‍ക്കും മാന്യതകള്‍ക്കും വില നല്‍കാത്ത രീതിയിലുള്ള ഷഹ്‌സാദിന്റെ പ്രവര്‍ത്തിക്കെതിരേ മാതൃകാപരമായ നടപടി തന്നെ വേണമെന്നാണ് ആരാധകര്‍ സാമൂഹ്യ മാധ്യമങ്ങളിലൂടെ ആവിശ്യപ്പെടുന്നത്.

സീനിയര്‍ താരമായ ഷഹ്‌സാദ് അഫ്ഗാന്‍ ക്രിക്കറ്റ് ടീമില്‍ നിന്ന് പേരെടുത്ത താരങ്ങളിലൊരാളാണ്. വലിയ ഷോട്ടുകള്‍ കളിക്കാന്‍ മിടുക്കനായ താരം കൂടുതലും ഓപ്പണറെന്ന നിലയിലാണ് കളിക്കുന്നത്. അഫ്ഗാന്‍ ക്രിക്കറ്റ് ടീമില്‍ നിന്ന് ഒരിടക്ക് മാറ്റിനിര്‍ത്തപ്പെട്ടിരുന്നെങ്കിലും പിന്നീട് അദ്ദേഹം തിരിച്ചെത്തുകയായിരുന്നു. ബിപിഎല്‍, പിഎസ്എല്‍, സിപിഎല്‍ തുടങ്ങിയ ഫ്രാഞ്ചൈസി ക്രിക്കറ്റുകളിലെല്ലാം അദ്ദേഹം സജീവമാണ്. എന്നാല്‍ ഐപിഎല്ലില്‍ ഇതുവരെ അവസരം ലഭിച്ചിട്ടില്ല. അഫ്ഗാനായി 69 ടി20യില്‍ നിന്ന് 1961 റണ്‍സാണ് അദ്ദേഹം നേടിയിട്ടുള്ളത്. ഇതില്‍ ഒരു സെഞ്ച്വറിയും 11 അര്‍ധ സെഞ്ച്വറിയും ഉള്‍പ്പെടും. രണ്ട് ടെസ്റ്റില്‍ നിന്ന് 69 റണ്‍സും 84 ഏകദിനത്തില്‍ നിന്ന് 2721 റണ്‍സും അദ്ദേഹം നേടിയിട്ടുണ്ട്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications