സിഡ്‌നി: ലോക ക്രിക്കറ്റില്‍ പേസ് ബൗളിങ്ങുകൊണ്ട് വിസ്മയിപ്പിച്ചവരില്‍ പ്രധാനിയാണ് മുന്‍ ഓസീസ് പേസര്‍ ഷോണ്‍ ടെയ്റ്റ്. അതിവേഗത്തില്‍ പന്തെറിയാന്‍ മിടുക്കുള്ള ടെയ്റ്റ് തുടര്‍ച്ചയായി 150 പ്ലസ് വേഗത്തില്‍ പന്തെറിയുന്നവരില്‍ ഒരാളാണ്. കഴിഞ്ഞിടെ അഫ്ഗാനിസ്ഥാന്‍ ക്രിക്കറ്റ് ടീമിന്റെ ബൗളിങ് പരിശീലകനായും ടെയ്റ്റ് ചുമതലയേറ്റിരുന്നു.
ആധുനിക പേസര്‍മാരിലേക്കെത്തുമ്പോള്‍ 150 പ്ലസ് വേഗത്തില്‍ പന്തെറിയുന്നവര്‍ കുറവാണെന്ന് തന്നെ പറയാം. അപൂര്‍വ്വമായി മാത്രം 150ന് മുകളില്‍ പന്തെറിയുന്നവരാണ് ഇന്നുള്ളത്. ഇന്നത്തെ കാലത്ത് പേസര്‍മാര്‍ക്ക് വളരെ വേഗത്തില്‍ പന്തെറിയാന്‍ സാധിക്കാത്തതിന്റെ കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയിരിക്കുകയാണ് ഷോണ്‍ ടെയ്റ്റ്.

'ഇക്കാര്യത്തെക്കുറിച്ച് ഒരു മണിക്കൂറെങ്കിലും എനിക്ക് സംസാരിക്കാനാവും. എല്ലാവരുടെയും ബൗളിങ് പരിശീലനങ്ങള്‍ ഒരുപോലെയാണ്.അമിത ജോലിഭാരം ബൗളര്‍മാര്‍ക്കുണ്ട്. അവര്‍ അത് ചെയ്യാന്‍ നിര്‍ബന്ധിതരാവുകയാണ്. ഞാന്‍ കളിക്കുന്നതിന് മുമ്പ് ഷുഹൈബ് അക്തര്‍,ബ്രെറ്റ് ലീ എന്നിവരെല്ലാം വളരെ വേഗത്തില്‍ പന്തെറിഞ്ഞിരുന്നു. ഞങ്ങളൊന്നും റോബോട്ടുകളെപ്പോലെയുള്ള പരിശീലനമല്ല നടത്തിയിരുന്നത്. കുറെ പരിശീലനം നടത്തുന്നതിനെക്കാള്‍ നല്ലത് ശരീരത്തിന് എന്താണോ ആവിശ്യം അതിനനുസരിച്ചുള്ള പരിശീലനം നല്‍കുന്നതാണ്'-ഷോണ്‍ ടെയ്റ്റ് പറഞ്ഞു.
നിലവില്‍ ജസ്പ്രീത് ബുംറ,കഗിസോ റബാദ,മിച്ചല്‍ സ്റ്റാര്‍ക്ക്,മാര്‍ക്ക് വുഡ്,ജോഫ്രാ ആര്‍ച്ചര്‍ എന്നിവരൊക്കെയാണ് അതിവേഗ പേസര്‍മാര്‍. എന്നാല്‍ ഇവരുടെയൊക്കെ ബൗളിങ് പരിശോധിച്ചാല്‍ 140-145 ന് ഉള്ളിലുള്ള വേഗമാണ് ശരാശരിയായിട്ടുള്ളത്.മിച്ചല്‍ സ്റ്റാര്‍ക്ക് 150 വേഗത്തില്‍ പന്തെറിയുന്ന താരമാണെങ്കിലും സമീപകാലങ്ങളില്‍ തുടര്‍ച്ചയായി പരിക്കേറ്റത് അദ്ദേഹത്തിന്റെ ബൗളിങ് വേഗത്തെയും ബാധിച്ചിട്ടുണ്ട്. മണിക്കൂറില്‍ 160.4 കിലോമീറ്റര്‍ വേഗതയില്‍ സ്റ്റാര്‍ക്ക് പന്തെറിഞ്ഞിട്ടുണ്ട്.
'ഇന്നത്തെ ബൗളര്‍മാര്‍ക്ക് കൂടുതല്‍ ജോലിഭാരമുണ്ട്. അവരുടെ ശരീരം ഇടവേള ആവിശ്യപ്പെടുന്നു. കളിക്കാര്‍ക്ക് എന്താണോ ചെയ്യാന്‍ ഇഷ്ടപ്പെടുന്നത് അതിനുള്ള അവസരമില്ല. സ്പൂളില്‍ വായിലേക്ക് കോരിക്കൊടുക്കുന്ന രീതി മാറ്റണം. ബൗളര്‍മാര്‍ക്ക് സ്വന്തം ഇഷ്ടത്തിനനുസരിച്ച് പന്തെറിയാനുള്ള അവസരവും ഉണ്ടാക്കണം. അതിവേഗ ബൗളര്‍മാര്‍ ഇന്നത്തെ കാലത്തില്ലെന്നത് വേദനിപ്പിക്കുന്ന കാര്യമാണ്. ഇന്നത്തെ കാലത്തെ ബൗളര്‍മാര്‍ പരിക്കിനെ ഭയക്കുന്നു. വിശ്രമം എടുത്ത് മാറിനിന്നാല്‍ വിമര്‍ശനം കേള്‍ക്കേണ്ടി വരുന്ന സാഹചര്യമാണ് ഇന്നുള്ളത്'-ടെയ്റ്റ് പറഞ്ഞു.
ഓസ്‌ട്രേലിയക്കായി 3 ടെസ്റ്റില്‍ നിന്ന് അഞ്ച് വിക്കറ്റും 35 ഏകദിനത്തില്‍ നിന്ന് 62 വിക്കറ്റും 21 ടി20യില്‍ നിന്ന് 28 വിക്കറ്റുമാണ് ടെയ്റ്റ് വീഴ്ത്തിയിട്ടുള്ളത്. ഓസീസ് ടീമിനൊപ്പം വലിയ കരിയര്‍ ഉണ്ടായില്ലെങ്കിലും ഫ്രാഞ്ചൈസി ക്രിക്കറ്റില്‍ അദ്ദേഹം സജീവമായിരുന്നു.