കാബൂള്‍: അഫ്ഗാനിസ്താന്‍ ക്രിക്കറ്റ് താരം നജീബ് തരാകായ് റോഡപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് കോമയില്‍ കഴിയുന്നതായി റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞ 22 മണിക്കൂറുകളായി അബോധാവസ്ഥയില്‍ തുടരുന്ന താരത്തിനു വേണ്ടിയുള്ള പ്രാര്‍ഥനയിലാണ് ക്രിക്കറ്റ് ലോകം. അഫ്ഗാനിസ്താന്‍ ക്രിക്കറ്റ് ബോര്‍ഡിന്റെ മുന്‍ മീഡിയ മാനേജര്‍ ഇബ്രാഹിം മൊമന്ദാണ് ട്വിറ്ററിലൂടെ ഇക്കാര്യം അറിയിച്ചത്.

ജലാല്‍ബാദ് നഗരത്തില്‍ വച്ചാണ് 29 കാരനായ താരത്തിനു അപകരടം സംഭവിച്ചത്. നജീബിനെ കാര്‍ ഇടിക്കുകയായിരുന്നുവെന്നും തുടര്‍ന്നു ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നുവെന്നുമാണ് വിവരം. തലയ്ക്കു സാരമായി പരിക്കേറ്റ താരം അതിനു ശേഷം ബോധം വീണ്ടെടുത്തിട്ടില്ല.
നിലവിലെ മോശം സാഹചര്യം പരിഗണിക്കുമ്പോള്‍ നജീബിനെ കാബൂളിലെ ഏതെങ്കിലും മികച്ച ആശുപത്രിയിലേക്കോ, രാജ്യത്തിനു പുറത്തുള്ള മറ്റേതെങ്കിലും ആശുപത്രിയിലേക്കു മാറ്റണമെന്ന് ക്രിക്കറ്റ് പ്രേമികള്‍ ആവശ്യപ്പെട്ടു കൊണ്ടിരിക്കുകയാണ്. അഫ്ഗാന്‍ ദേശീയ ടീമിനു വേണ്ടി 12 ടി20 മല്‍സരങ്ങളിലും ഒരു ഏകദിനത്തിലും നജീബ് കളിച്ചിട്ടുണ്ട്. ടി20യില്‍ 21 ശരാശരിയില്‍ 258 റണ്‍സും താരം നേടി.