ഡെറാഡൂണ്‍: ടെസ്റ്റ് ക്രിക്കറ്റില്‍ അരങ്ങേറാന്‍ തയ്യാറെടുക്കുന്ന അഫ്ഗാനിസ്താന് ടീമിന് കോച്ച് ഫില്‍ സിമ്മണ്‍സിന്റെ മുന്നറിയിപ്പ്. ടെസ്റ്റ് ക്രിക്കറ്റെന്നത് എത്രത്തോളം കാഠിന്യമേറിയതാണെന്നു ജൂണ്‍ 14 മുതല്‍ നിങ്ങള്‍ ബോധ്യമാവുമെന്ന് അദ്ദേഹം ടീമിനോടു പറഞ്ഞു. ലോക ഒന്നാംനമ്പര്‍ ടീമായ ഇന്ത്യക്കെതിരേയാണ് അഫ്ഗാന്റെ ടെസ്റ്റ് അരങ്ങേറ്റം. ജൂണ്‍ 14 മുതല്‍ ബെംഗളൂരുവിലാണ് ഇന്ത്യ- അഫ്ഗാന് ടെസ്റ്റ് ആരംഭിക്കുന്നത്. ഒരേയൊരു ടെസ്റ്റ് മാത്രമാണ് അഫ്ഗാന്റെ ഇന്ത്യന്‍ പര്യടനത്തിനുള്ളത്.
ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങള്‍ക്കു യോ യോ ടെസ്റ്റ്, ജയിച്ചേ തീരൂ, തോറ്റാല്‍ പടിക്കു പുറത്ത്!!
ഇന്ത്യക്കെതിരായ ടെസ്റ്റിനു മുമ്പ ബംഗ്ലാദേശിനെതിരേ് ട്വന്റി20 പരമ്പരയില്‍ അഫ്ഗാന് കളിക്കുന്നുണ്ട്. കന്നി ടെസ്റ്റിനു മുമ്പ് ഇന്ത്യയില്‍ സന്നാഹ മല്‍സരം കളിക്കുന്നില്ലെന്നത് ടീമിനു തിരിച്ചടിയാവുമോയെന്ന ആശങ്കയിലാണ് സിമ്മണ്‍സ്. ഇക്കാര്യം അദ്ദേഹം സമ്മതിക്കുകയും ചെയ്തു. ലോകത്തിലെ ഏറ്റവും മികച്ച ടീമിനെതിരേ ടെസ്റ്റ് കളിക്കുമ്പോള്‍ തീര്‍ച്ചയായും തയ്യാറെടുപ്പ് അനിവാര്യമാണെന്നും സിമ്മണ്‍സ് പറഞ്ഞു.
ട്വന്റി20, ഏകദിനം, ചതുര്‍ദിന മല്‍സരം എന്നിവയിലെല്ലാം ഇതിനകം കളിച്ചു കഴിഞ്ഞ അഫ്ഗാന് ടെസ്റ്റിലും മികവ് ആവര്‍ത്തിക്കാനാവുമോയെന്നാണ് ക്രിക്കറ്റ് ലോകം ഉറ്റുനോക്കുന്നത്. നിശ്ചിത ഓവര്‍ ക്രിക്കറ്റില്‍ വെസ്റ്റ് ഇന്‍ഡീസ്, ബംഗ്ലാദേശ്, സിംബാബ്വെ എന്നിങ്ങനെ മുന്‍നിരയിലുള്ള ടീമുകളെയെല്ലാം പരാജയപ്പെടുത്താന്‍ അഫ്ഗാന് സാധിച്ചിട്ടുണ്ട്.