ക്രിക്കറ്റില്‍ ഒരോവറിലെ ആറു ബോളുകളും സിക്‌സറിലേക്കു പറത്തുകയെന്നത് ഏതൊരു ബാറ്ററെ സംബന്ധിച്ചും വളരെയധികം ബുദ്ധിമുട്ടേറിയ കാര്യമാണ്. വിരലില്‍ എണ്ണാവുന്ന വളരെ ചുരുക്കം പേര്‍ക്കു മാത്രമേ ഓവറിലെ ആറു ബോളുകളും നിലം തൊടീക്കാതെ അതിര്‍ത്തി കടത്താനായിട്ടുള്ളൂ.
ഇന്ത്യയുടെ മുന്‍ ഇതിഹാസ ഓള്‍റൗണ്ടര്‍ യുവരാജ് സിങ്, സൗത്താഫ്രിക്കയുടെ മുന്‍ ഇടിവെട്ട് ഓപ്പണര്‍ ഹെര്‍ഷെല്‍ ഗിബ്‌സ്, വെസ്റ്റ് ഇന്‍ഡീസിന്റെ മുന്‍ സൂപ്പര്‍ ഓള്‍റൗണ്ടര്‍ കരെണ്‍ പൊള്ളാര്‍ഡ്, അമേരിക്കയുടെ ഇന്ത്യന്‍ വംശജനായ ജസ്‌കരണ്‍ മല്‍ഹോത്ര എന്നിവര്‍ മാത്രമാണ് അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഒരോവറില്‍ ആറു സിക്‌സറുകള്‍ പായിച്ച് ചരിത്രത്തില്‍ ഇടം നേടിയത്. ആഭ്യന്തര ക്രിക്കറ്റിലേക്കു വന്നാല്‍ 11 തവണ മാത്രമേ ഒരോവറിലെ എല്ലാ ബോളുകളിലും ഒരു താരം സിക്‌സറുകളടിച്ചിട്ടുള്ളൂ.

എന്നാല്‍ ഒരോവറില്‍ ഏഴു സിക്‌സറുകള്‍ തുടര്‍ച്ചയായി പറത്തിയാല്‍ എങ്ങനെയിരിക്കും. ആറ് അംഗീകൃത ബോളുകള്‍ക്കൊപ്പം ഒരു നോ ബോളും ബൗളര്‍ വഴങ്ങുന്ന സന്ദര്‍ഭങ്ങളില്‍ മാത്രമേ ബാറ്റര്‍ക്കു ഏഴു ബോളുകള്‍ കളിക്കാനുള്ള അവസരം ലഭിക്കുകയുള്ളൂ.
അഫ്ഗാനിസ്താനില്‍ നടന്ന ഒരു ടി20 മല്‍സരത്തില്‍ ഇതു തന്നെ സംഭവിക്കുകയും ചെയ്തിരിക്കുകയാണ്. കാബൂല്‍ പ്രീമിയര്‍ ലീഗിലാണ് 21കാരനായ സെദിഖുള്ള അതല്‍ തുടര്‍ച്ചയായി ഏഴു സിക്‌സറുകളടിച്ച് ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ചിരിക്കുന്നത്.
പക്ഷെ ഇതാദ്യമായിട്ടല്ല ക്രിക്കറ്റില്‍ ഇതു സംഭവിക്കുന്നത്. ഇന്ത്യന്‍ യുവതാരം റുതുരാജ് ഗെയ്ക്വാദ് നേരത്തേ ആഭ്യന്തര ക്രിക്കറ്റില്‍ മഹാരാഷ്ട്രയ്ക്കായി കളിക്കവെ തുടര്‍ച്ചയായി ഏഴു സിക്‌സറുകള്‍ വാരിക്കൂട്ടി ലോക റെക്കോര്‍ഡ് കുറിച്ചിരുന്നു. ഇപ്പോഴിതാ റുതുരാജിനൊപ്പം സെദിഖുള്ളയും എലൈറ്റ് ക്ലബ്ബിലെത്തിയിരിക്കുകയാണ്. കാബൂളില്‍ നടന്ന ഷഹീന്‍ ഹണ്ടേഴ്‌സും അബാസിന്‍ ഡിഫന്‍ഡേഴ്‌സും തമ്മിലുള്ള മല്‍സരത്തിലായിരുന്നു താരത്തിന്റെ തീപ്പൊരി പ്രകടനം.
സെദീഖുള്ള ഒരോവറില്‍ ഏഴു സിക്‌സറുകള്‍ നേടുന്ന വീഡിയോ കാണാം
ഷഹീന്‍ ഹണ്ടേഴ്‌സിന്റെ ക്യാപ്റ്റന്‍ കൂടിയായ സെദിഖുള്ള കിടിലന്‍ സെഞ്ച്വറിയുമായി മുന്നില്‍ നിന്നു പട നയിക്കുകയായിരുന്നു. വെറും 56 ബോളില്‍ താരം വാരിക്കൂട്ടിയത് 118 റണ്‍സാണ്. 19ാം ഓവറില്‍ എതിര്‍ ടീം സ്പിന്നറായ ആമിര്‍ സസായിക്കെതിരേയായിരുന്നു സെദിഖുള്ളയുടെ സിക്‌സര്‍ മഴ.
ആദ്യത്തേത് നോ ബോളായിരുന്നു. സെദീഖുള്ള ഇതു സിക്‌സറിലേക്കു പായിച്ചു. അടുത്ത ബോളില്‍ വൈഡുള്‍പ്പെടെ ബൗളര്‍ വഴങ്ങിയത് അഞ്ചു റണ്‍സ്. തുടര്‍ന്നുള്ള ആറു ബോളുകളിലും സെദീഖുള്ള സിക്‌സര്‍ പറത്തുകയും ചെയ്തു. 48 റണ്‍സാണ് ബൗളര്‍ ഈ ഓവറില്‍ വഴങ്ങിയത്.
അതേസമയം, കഴിഞ്ഞ വര്‍ഷത്തെ വിജയ് ഹസാരെ ട്രോഫി ഏകദിന ടൂര്‍ണമെന്റിലായിരുന്നു റുതുരാജ് ഒരോവറില്‍ ഏഴു സിക്‌സറുകളുമായി ചരിത്രം കുറിച്ചത്. ഉത്തര്‍ പ്രദേശുമായുള്ള മല്‍സരത്തില്‍ ശിവ സിങ് എറിഞ്ഞ ഓവറിലായിരുന്നു മഹാരാഷ്ട്ര നായകന്‍ കൂടിയായ റുതുരാജ് ഏഴു സിക്‌സറുകള്‍ സ്‌കോര്‍ ചെയ്തത്. മല്‍സരത്തില്‍ 159 ബോളില്‍ 220 റണ്‍സും അദ്ദേഹം അടിച്ചെടുത്തിരുന്നു.
സെദീഖുള്ളയുടെ അന്താരാഷ്ട്ര കരിയറെടുക്കുകയാണെങ്കില്‍ അഫ്ഗാനിസ്താനു വേണ്ടി ഒരേയൊരു ടി20യില്‍ മാത്രമേ ഓപ്പണിങ് ബാറ്ററായ താരം കളിച്ചിട്ടുള്ളൂ. ഈ വര്‍ഷം മാര്‍ച്ചില്‍ പാകിസ്താനെതിരേ ഷാര്‍ജയില്‍ നടന്ന ടി20 മല്‍സരത്തിലൂടെയായിരുന്നു അദ്ദേഹത്തിന്റെ അന്താരാഷ്ട്ര ക്രിക്കറ്റിലെ അരങ്ങേറ്റം.
പക്ഷെ സെദീഖുള്ളയ്ക്കു ഈ കളിയില്‍ തിളങ്ങാനായില്ല. 11 റണ്‍സ് മാത്രമെടുത്ത് താരം പുറത്താവുകയായിരുന്നു. ഇപ്പോള്‍ ഒരോവറിലെ ഏഴു സിക്‌സര്‍ പ്രകടനത്തിലൂടെ അന്താരാഷ്ട്ര ക്രിക്കറ്റിലും തന്റെ സമയം തെളിയുമെന്ന പ്രതീക്ഷയിലാണ് സെദീഖുള്ള.