ധോണി വേണ്ട, ക്യാപ്റ്റന്‍ കോലി മതി!!!
അഡിലെയ്ഡ്: ഓസ്‌ട്രേലിയയ്‌ക്കെതിരായ ഒന്നാം ടെസ്റ്റിന് ശേഷം ക്രിക്കറ്റ് വിദഗ്ധരും ആരാധകരും ഇങ്ങനെ പറഞ്ഞുതുടങ്ങിയിട്ടുണ്ട്. ഇന്ത്യയ്ക്ക് ഇപ്പോള്‍ വേണ്ട ക്യാപ്റ്റന്‍ വിരാട് കോലിയാണ്, എം എസ് ധോണിയല്ല. എന്തുകൊണ്ടാണിത് എന്ന് നോക്കൂ. രാഹുല്‍ ദ്രാവിഡ്, അനില്‍ കുംബ്ലെ എന്നീ പ്രതിരോധ ശൈലിക്കാരായ ക്യാപ്റ്റന്‍മാര്‍ക്ക് പിന്നാലെയാണ് ധോണി ഇന്ത്യയുടെ ക്യാപ്റ്റനാകുന്നത്. ഗാംഗുലിയാണ് ധോണിയുടെ ശൈലിയിലുണ്ടായിരുന്ന സമീപകാല ഇന്ത്യന്‍ ക്യാപ്റ്റന്‍.
എന്നാല്‍ ക്യാപ്റ്റന്‍സിയില്‍ അഞ്ച് കൊല്ലം തികച്ച ധോണി മുന്‍ഗാമികളെപ്പോലെ പ്രതിരോധശൈലിയില്‍ എത്തിയതായി കാണാം. പക്വത എന്നൊക്കെ വിളിക്കാമെങ്കിലും കണക്കിലും കളിയിലും ഇന്ത്യയ്ക്ക് ഇതുകൊണ്ട് മെച്ചമൊന്നും ഉണ്ടായില്ല. പ്രത്യേകിച്ച് ഇന്ത്യയ്ക്ക് പുറത്ത്. ഇംഗ്ലണ്ടിലും ദക്ഷിണാഫ്രിക്കയിലും തോറ്റമ്പിയപ്പോള്‍ത്തന്നെ ധോണിയുടെ ക്യാപ്റ്റന്‍സി തെറിക്കേണ്ടതായിരുന്നു.
പകരക്കാരന്‍ ആര് എന്ന ചോദ്യമാണ് അന്ന് ഉയര്‍ന്നത്. അതിനുള്ള മറുപടിയാണ് കോലി അഡിലെയ്ഡില്‍ കണ്ടത്. ധോണിക്ക് മേല്‍ കോലിയെ നിര്‍ത്തുന്ന ഘടകങ്ങള്‍ എന്തൊക്കെ എന്ന് നോക്കൂ.

മുന്നില്‍ നിന്ന് നയിക്കും ക്യാപ്റ്റന്‍
രണ്ട് തകര്‍പ്പന്‍ സെഞ്ചുറികളോടെ അക്ഷരാര്‍ഥത്തില്‍ ഇന്ത്യയെ മുന്നില്‍ നിന്നും നയിച്ചു കോലി. നിര്‍ഭാഗ്യം ഒന്ന് കൊണ്ട് മാത്രമാണ് കോലി അരങ്ങേറ്റ മത്സരം തോറ്റത്. ഇക്കാര്യത്തില്‍ ധോണി കോലിയെക്കാള്‍ കാതങ്ങള്‍ പിന്നിലാണ്. പ്രത്യേകിച്ചും ടെസ്റ്റില്‍.

ഈ ക്യാപ്റ്റന്‍ കൂള്‍ അല്ല
ക്യാപ്റ്റന്‍ കൂള്‍ എന്നാണ് ധോണി അറിയപ്പെടുന്നത്. എന്നാല്‍ അമിതമായ പ്രതിരോധമാണ് ധോണിയുടെ കൂള്‍നെസ്സ്. എന്നാല്‍ കോലി അങ്ങനല്ല. സ്വഭാവം പോലെ തന്നെ കോലിയുടെ കളിയും ചൂടനാണ്. ആക്രമണം സ്വഭാവമാക്കണം, എതിരാളികളോട് ഒരു ദയയും വേണ്ട എന്നൊക്കെയാണ് കോലിയുടെ തത്വങ്ങള്‍.

സമ്മര്‍ദ്ദമില്ല, കൂസലില്ല
ധോണിയുടെ തുടക്കകാലത്തെ ഓര്‍മിപ്പിക്കുന്ന ക്യാപ്റ്റന്‍സിയും കളിയുമാണ് ഇപ്പോള്‍ കോലി കാണിക്കുന്നത്. ആരെയും കൂസാത്ത കളി. ക്യാപ്റ്റനായി അരങ്ങേറ്റം. അതും ഓസ്‌ട്രേലിയയ്‌ക്കെതിരെ, ഓസ്‌ട്രേലിയയില്‍. വേറെയാരെങ്കിലുമായിരുന്നെങ്കില്‍ മുട്ടിടിച്ചേനെ, എന്നാല്‍ കോലി അമ്പരപ്പിച്ചുകളഞ്ഞു.

കോലി, വെല്‍ കണ്‍ട്രോള്‍ഡ്
കാണികളോട് അശ്ലീല ആംഗ്യം കാണിച്ചും എതിര്‍കളിക്കാരോട് കയര്‍ത്തും വാര്‍ത്തയിലെത്തിയ കോലിയല്ല ക്യാപ്റ്റന്‍ കോലി. ശിഖര്‍ ധവാനും വാര്‍ണറും തമ്മില്‍ വാക്കേറ്റം ഉണ്ടായപ്പോള്‍ ആദ്യം ഓടിയെത്തിയത് കോലിയാണ്.

സമനില പോര, ജയം വേണം
ഒരു ദിവസം കൊണ്ട് ഓസ്‌ട്രേലിയയ്‌ക്കെതിരെ 364 എന്ന് കണ്ടാല്‍ ഏത് ക്യാപ്റ്റനും സമനിലയ്ക്ക് വേണ്ടിയേ കളിക്കൂ. എന്നാല്‍ കോലിയും കൂട്ടരും സമനില പോര, ജയിക്കണം എന്ന ആവേശത്തിലാണ് കളിച്ചത്. ഈയൊരു മാറ്റമാണ് ഇപ്പോള്‍ ഇന്ത്യയ്ക്ക് വേണ്ടത്.

റെക്കോര്‍ഡും നല്ലത്
ക്യാപ്റ്റന്‍ സ്ഥാനം കിട്ടിയ ഏകദിന മത്സരങ്ങളില്‍ കോലിയുടെ ക്യാപ്റ്റന്‍സി റെക്കോര്‍ഡ് ധോണിയെക്കാള്‍ നല്ലതാണ്. ക്യാപ്റ്റനാകുമ്പോള്‍ ബാറ്റിംഗ് മോശമാകുക എന്ന 'തെണ്ടുല്‍ക്കര്‍ സിന്‍ഡ്രോമും' കോലിക്ക് ഇത് വരെയില്ല.

ധോണിയുടെ കാലം കഴിഞ്ഞോ
വിദേശത്ത് ഏറ്റവും കൂടുതല്‍ തോല്‍വി എന്ന റെക്കോര്‍ഡുമായാണ് ധോണിയുടെ നില്‍പ്. ടെസ്റ്റില്‍ ക്യാപ്റ്റന്‍സിയും ബാറ്റിംഗും അത്ര പോര. അടുത്ത ലോകകപ്പോടെ ധോണി കളമൊഴിയും എന്ന് കരുതുന്നവരും ഏറെയുണ്ട്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications