ഇന്ത്യന്‍ ടീമിലെ ഫിനിഷര്‍ റോളില്‍ ചുവടുറപ്പിക്കുന്ന റിങ്കു സിങിനു ശക്തമായ വെല്ലുവിളിയുമായി ഒരു താരം രംഗത്തു വന്നിരിക്കുകയാണ്. ഐപിഎല്ലില്‍ ഗുജറാത്ത് ടൈറ്റന്‍സിനൊപ്പം നേരത്തേ ചില ശ്രദ്ധേയമായ പ്രകടനങ്ങള്‍ നടത്തിയിട്ടുള്ള അഭിനവ് മനോഹറാണ് ഇന്ത്യന്‍ സെലക്ടര്‍മാരുടെ ശ്രദ്ധ പിടിച്ചുപറ്റിയിരിക്കുന്നത്. മഹാരാജ ട്രോഫി ടി20 ടൂര്‍ണമെന്റിലെ ഗംഭീര പ്രകടനത്തോടെ വാര്‍ത്തകളില്‍ നിറയുകയാണ് താരം. അമ്പരപ്പിക്കുന്ന സ്ഥിരതയ്‌ക്കൊപ്പം അഗ്രസീവ് ഇന്നിങ്‌സുകളാണ് ടൂര്‍ണമെന്റിലുടനീളം താരം കളിച്ചത്.
നമ്മ ശിവമോഗ ടീമിനു വേണ്ടി 10 ഇന്നിങ്‌സുകളില്‍ നിന്നും അഭിനവ് വാരിക്കൂട്ടിയത് 507 റണ്‍സാണ്. 52 സിക്‌സറുകള്‍ ഉള്‍പ്പെടെയാണ് ഇതെന്നത് ആരെയും ഞെട്ടിക്കും. ടൂര്‍ണമെന്റിലെ സിക്‌സര്‍ വേട്ടക്കാരില്‍ തലപ്പത്തും അദ്ദേഹം തന്നെയാണ്. പട്ടികയില്‍ രണ്ടാംസ്ഥാനത്തു നില്‍ക്കുന്നയാള്‍ക്കു നേടാനായത് 27 സിക്‌സറുകള്‍ മാത്രമാണ്. കളിച്ച 10 ഇന്നിങ്‌സുകളില്‍ ആറിലും ഫിഫ്റ്റി പ്ലസ് സ്‌കോറുകള്‍ അഭിനവ് നേടുകയും ചെയ്തിട്ടുണ്ട്. ഒറ്റയക്ക സ്‌കോറിനു താരം പുറത്തായത് ഒരേയൊരു മല്‍സരത്തില്‍ മാത്രമാണ്.

ആദ്യത്തെ മല്‍സരത്തില്‍ 29 ബോളില്‍ പുറത്താവാതെ 52 റണ്‍സുമായിട്ടാണ് അഭിനവ് തുടങ്ങിയത്. പിന്നീട് താരത്തിനു തിരിഞ്ഞു നോക്കേണ്ടിയും വന്നിട്ടില്ല. രണ്ടാമത്തെ കളിയില്‍ വെറും 34 ബോളില്‍ പുറത്താവാതെ അഭിനവ് അടിച്ചെടുത്തത് 84 റണ്‍സാണ്. മൂന്നാമത്തെ കളിയില്‍ താരം ക്ലിക്കായില്ല. എട്ടു ബോളില്‍ അഞ്ചു റണ്‍സ് മാത്രമെടുത്ത് മടങ്ങുകയായിരുന്നു. അടുത്ത മല്‍സത്തില്‍ 12 ബോളില്‍ 17 റണ്‍സിനും അഭിനവ് പുറത്തായി.
പക്ഷെ പിന്നീടുള്ള ഒരിന്നിങ്‌സില്‍ പോലും അദ്ദേഹം ബാറ്റിങില്‍ നിരാശപ്പെടുത്തിയിട്ടില്ല. രണ്ടെണ്ണത്തിലൊഴികെ ബാക്കി നാലിലും ഫിഫ്റ്റി പ്ലസ് സ്‌കോറുകള്‍ കുറിക്കുകയും ചെയ്തു. 36 ബോളില്‍ 55 റണ്‍സാണ് അഞ്ചാമത്തെ മല്‍സരത്തില്‍ താരം സ്‌കോര്‍ ചെയ്തത്. അടുത്ത കളിയില്‍ 29 ബോളില്‍ 46 റണ്‍സ് അഭിനവ് സ്‌കോര്‍ ചെയ്തു. തുടര്‍ന്നുള്ള മല്‍സരങ്ങളില്‍ 34 ബോളില്‍ പുറത്താവാതെ 76 റണ്‍സ്, 24 ബോളില്‍ പുറത്താവാതെ 59 റണ്‍സ് എന്നിങ്ങനെയാണ് താരത്തിന്റെ പ്രകടനം.
ബംഗ്ലാദേശുമായുള്ള മൂന്നു മല്‍സരങ്ങളുടെ ടി20 പരമ്പര ഒക്ടോബറില്‍ നടക്കാനിരിക്കെ അഭിനവിന്റെ ഉജ്ജ്വല ഫോം സെലക്ടര്‍മാര്‍ പരിഗണിക്കാന്‍ തന്നെയാണ് സാധ്യത. അജിത് അഗാര്‍ക്കറിനു കീഴിലുള്ള സെലക്ഷന്‍ കമ്മിറ്റി അദ്ദേഹത്തെ ഇന്ത്യന്‍ ടീമിലേക്കു പരിഗണിച്ചേക്കുകയും ചെയ്യും. അഭിനവിന്റെ വരവ് കാരണം പണി കിട്ടിയേക്കുക. റിങ്കുവിനായിരിക്കും. 29 കാരനായ അഭിനവ് ഓള്‍റൗണ്ടര്‍ കൂടിയാണെന്നതാണ് ഇതിനു കാരണം.

ആഭ്യന്തര ക്രിക്കറ്റില്‍ കര്‍ണാടകയുടെ താരമാണ് അദ്ദേഹം. ഇതുവരെ 36 ടി20കളിലായി 28 ഇന്നിങസുകളിലാണ് അഭിനവ് കളിച്ചിട്ടുള്ളത്. ഇവയില്‍ നിന്നും രണ്ടു ഫിഫ്റ്റികളടക്കം 623 റണ്‍സ് നേടുകയും ചെയ്തു. ലിസ്റ്റ് എ ക്രിക്കറ്റില്‍ ഏഴു മല്‍സരങ്ങളില്‍ നിന്നും 149 റണ്‍സാണ് അഭിനവ് സ്‌കോര്‍ ചെയ്തത്. ഒരു ഫിഫ്റ്റിയടക്കമാണിത്
2022 മുതല്‍ ഐപിഎല്ലില്‍ ഗുജറാത്ത് ടൈറ്റന്‍സിന്റെ ഭാഗമാണ് അഭിനവ്. അവര്‍ക്കുവേണ്ടി ഇതിനകം 19 മല്‍സരങ്ങളില്‍ നിന്നും 231 റണ്‍സ് നേടുകയും ചെയ്തു. 43 റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍. കഴിവ് പുറത്തെടുക്കാന്‍ അദ്ദേഹത്തിനു ജിടിയില്‍ മതിയായ അവസരങ്ങള്‍ ലഭിച്ചിട്ടില്ല. കഴിഞ്ഞ സീസണില്‍ വെറും രണ്ടു മല്‍സരങ്ങളിലാണ് അഭിനവിനെ ജിടി ഇറക്കിയത്. 2023ല്‍ ഒമ്പതും 2022ല്‍ എട്ടു മല്‍സരങ്ങളിലാണ് അഭിനവിനെ കളിപ്പിച്ചത്.