ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനു ഇനി നാട്ടിലും പുറത്തുമായി തിരക്കേറിയ മല്‍സര ഷെഡ്യൂളാണ് വരാനിരിക്കുന്നത്. സീനിയര്‍ ടീം മാത്രമല്ല, ഇന്ത്യന്‍ എ ടീമും വരും മാസങ്ങളില്‍ ടെസ്റ്റ്, വൈറ്റ് ബോള്‍ പരമ്പരകളില്‍ കളിക്കാനിരിക്കുകയാണ്. അടുത്ത മാസം 16 മുതല്‍ ഒക്ടോബര്‍ അഞ്ചു വരെ ഓസ്‌ട്രേലിയന്‍ എ ടീം ഇന്ത്യന്‍ പര്യടനത്തിനു എത്തുകയാണ്. ഇന്ത്യന്‍ എ ടീമുമായി രണ്ടു അനൗദ്യോഗിക ടെസ്റ്റുകളും മൂന്നു ഏകദിനങ്ങളും ഓസ്‌ട്രേലിയ കളിക്കും.
രണ്ടു പരമ്പരകളിലും ഇന്ത്യയുടെ ചില സൂപ്പര്‍ താരങ്ങള്‍ കളിച്ചേക്കുമെന്നാണ് വിവരം. ഒക്ടോബറില്‍ ഓസീസുമായി ഇന്ത്യന്‍ സീനിയര്‍ ടീം അവരുടെ നാട്ടില്‍ ഏകദിന പരമ്പര കളിക്കുന്നതിനാല്‍ തയ്യാറെടുപ്പിന്റെ ഭാഗമായി രോഹിത് ശര്‍മയും വിരാട് കോലിയും ഇന്ത്യന്‍ എ ടീമിന്റെ പരമ്പരയില്‍ കളിച്ചേക്കുമെന്നു റിപ്പോര്‍ട്ടുകളുണ്ട്. ടെസ്റ്റ് പരമ്പരയില്‍ ഇന്ത്യന്‍ എ ടീം ലൈനപ്പ് എങ്ങനെയാവുമെന്നു നോക്കാം.

ഓപ്പണര്‍മാര്‍
ഓസ്‌ട്രേലിയന്‍ എ ടീമിനെതിരേ ഇന്ത്യന്‍ എ ടീമിനു വേണ്ടി ഓപ്പണ്‍ ചെയ്‌തേക്കുക അഭിമന്യു ഈശ്വരനും റുതുരാജ് ഗെയ്ക്വാദുമായിരിക്കും. രണ്ടു പേരും സീനിയര്‍ ടീമിനായി റെഡ് ബോള്‍ ക്രിക്കറ്റില്‍ ഇനിയും അരങ്ങേറിയിട്ടില്ല.
ഇംഗ്ലണ്ടിനെതിരേ സമാപിച്ച അഞ്ചു ടെസ്റ്റുകളുടെ പരമ്പരയില്‍ അഭിമന്യു ടീമിന്റെ ഭാഗമായിരുന്നെങ്കിലും കളിക്കാന്‍ അവസരം കിട്ടിയില്ല. ഇനി ഇന്ത്യന്‍ ടീമിന്റെ കുപ്പായത്തില്‍ അതിന്റെ ക്ഷീണം തീര്‍ക്കാനായിരിക്കും അദ്ദേഹത്തിന്റെ ശ്രമം. റുതുരാജാവട്ടെ 2023ലെ വെസ്റ്റ് ഇന്‍ഡീസ് പര്യടനത്തില്‍ ഇന്ത്യന്‍ ടെസ്റ്റ് ടീമിലുണ്ടായിരുന്നു. പക്ഷെ അവസരമില്ലാതെ പുറത്തിരിക്കേണ്ടി വരികയായിരുന്നു.
മധ്യനിര, ബൗളിങ്
ഇന്ത്യന്‍ എ ടീമിന്റെ മധ്യനിരയിലേക്കു വന്നാല്‍ കഴിഞ്ഞ ഇംഗ്ലണ്ട് പര്യടനത്തിലൂടെ അരങ്ങേഖിയ സായ് സുദര്‍ശന്‍ ഇന്ത്യന്‍ എ ടീമിനായി മൂന്നാം നമ്പറില്‍ കളിച്ചേക്കും. വെസ്റ്റ് ഇന്‍ഡീസുമായി ഒക്ടോബറില്‍ സീനിയര്‍ ടീമിനു ടെസ്റ്റ് പരമ്പരയുള്ളതിനാല്‍ അതിനു തയ്യാറെടുക്കാനുളള അവസരമായിരിക്കും ഈ പരമ്പര.
മറുനാടന്‍ മലയാളി താരം കരുണ്‍ നായര്‍, സര്‍ഫറാസ് ഖാന്‍, ഇഷാന്‍ കിഷന്‍, നാരായണ്‍ ജഗദീശന്‍, ദേവ്ദത്ത് പടിക്കല്‍ എന്നിവരായിരിക്കും ടീമിലെ മധ്യനിര ബാറ്റര്‍മാര്‍. ഇംഗ്ലണ്ടുമായുള്ള കഴിഞ്ഞ ടെസ്റ്റ് പരമ്പരയില്‍ കരുണ്‍ കളിച്ചിരുന്നു. പക്ഷെ ബാറ്റിങില്‍ പ്രതീക്ഷിച്ചതു പോലെ ഇംപാക്ടുണ്ടാക്കാനായില്ല. ഒരേയൊരു ഫിഫ്റ്റി മാത്രമേ അദ്ദേഹം നേടിയുള്ളൂ.
തന്റെ ഫോം വീണ്ടെടുക്കാന്‍ കരുണിനു ലഭിക്കുന്ന നല്ല അവസരമായിരികക്കും ഓസീസ് എ ടീമുമായുള്ള പരമ്പര. ഇംഗ്ലണ്ടില്‍ തഴയപ്പെട്ട സര്‍ഫറാസിനു സെലക്ടര്‍മാരുടെ ശ്രദ്ധ പിടിച്ചുപറ്റാനും ടെസ്റ്റ് ടീമിലേക്കു മടങ്ങിയെത്താനുമുള്ള അവസരവും കൂടിയാവുമിത്.

ഇഷാന്‍ കിഷന്‍ ടീമിലുണ്ടാവുമോയെന്നതു ഉറപ്പായിട്ടില്ല. പരിക്കേറ്റ് വിശ്രമിക്കുന്ന അദ്ദേഹം ഫിറ്റ്‌നസ് വീണ്ടെടുത്താല്‍ ടീമിലേക്കു മടങ്ങിയെത്തും. ടെസ്റ്റ് കരിയര്‍ വീണ്ടെടുക്കാന്‍ ഇഷാനു മുന്നിലുള്ള മികച്ചൊരു അവസരമാണിത്. അതു പാഴാക്കാന്‍ അദ്ദേഹം തയ്യാറായേക്കില്ല.
ഓള്‍റൗണ്ടര്‍മാരായി ഇന്ത്യന്‍ ടീമിലുണ്ടാവുക ശര്‍ദ്ദുല്‍ ടാക്കൂറും തനുഷ് കോട്ടിനുമായിരിക്കും. കൂടാതെ മാനവ് സുത്താറിനെയും ഹര്‍ഷ് ദുബെയെയും ടീമില്‍ പ്രതീക്ഷിക്കാം. ബൗളിങ് നിരയെടുത്താല്‍ പരിചയ സമ്പന്നനായ മുഹമ്മദ് ഷമിക്കൊപ്പം ഖലീല്‍ അഹമ്മദ്, അന്‍ഷുല്‍ കാംബോജ് എന്നിവരുമുണ്ടാവും.
ഓസ്ട്രേലിയ എയ്ക്കെതിരായ ഇന്ത്യന്‍ എ ടെസ്റ്റ് ടീം
അഭിമന്യു ഈശ്വരന്‍ (ക്യാപ്റ്റന്‍), റുതുരാജ് ഗെയ്ക്വാദ്, സായ് സുദര്‍ശന്‍, കരുണ്‍ നായര്‍, സര്‍ഫറാസ് ഖാന്‍, ദേവ്ദത്ത് പടിക്കല്‍, ഇഷാന്‍ കിഷന്‍ (വിക്കറ്റ് കീപ്പര്‍), നാരായണ്‍ ജഗദീശന്‍ (വിക്കറ്റ് കീപ്പര്‍), ഷര്‍ദുല്‍ ടാക്കൂര്‍, മാനവ് സുത്താര്‍, അന്‍ഷുല്‍ കംബോജ്, മുഹമ്മദ് ഷമി, തനുഷ് കോട്ടിയാന്‍, ഖലീല്‍ അഹമ്മദ്, ഹര്‍ഷ് ദുബെ.