ഇന്ത്യയും പാകിസ്താനും തമ്മിലുള്ള രാഷ്ട്രീയ പ്രശ്‌നങ്ങള്‍ ഇന്ത്യ-പാക് ക്രിക്കറ്റ് മത്സരങ്ങളിലും പ്രതിഫലിക്കാറുണ്ട്. അതുകൊണ്ടുതന്നെ രണ്ട് ടീമുകളും തമ്മിലുള്ള പോരാട്ടത്തിന് എന്നും പ്രത്യേക ആവേശമാണ്. ഇപ്പോള്‍ ഐസിസി ടൂര്‍ണമെന്റുകളില്‍ മാത്രമാണ് ഇരു ടീമും മത്സരിക്കാറുള്ളത്. രണ്ട് ടീമിന്റെയും താരങ്ങള്‍ തമ്മില്‍ സൗഹൃദത്തിലാണെങ്കിലും രാഷ്ട്രീയ പ്രശ്‌നങ്ങള്‍ നിലനില്‍ക്കുന്നതിനാല്‍ പരമ്പരകള്‍ സംഭവിക്കാറില്ല.
ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങള്‍ക്ക് ലഭിക്കുന്ന പ്രശസ്തിയും അംഗീകാരവും പ്രതിഫലവും പാക് താരങ്ങള്‍ക്ക് ലഭിക്കുന്നില്ലെന്നതാണ് കൗതുകരമായ വസ്തുത. ചെറിയ തുകയുടെ വ്യത്യാസമല്ല വലിയ വ്യത്യാസം തന്നെ ഇരു ടീമിന്റെയും പ്രതിഫലത്തിലുണ്ട്. ഇപ്പോഴിതാ മുന്‍ പാകിസ്താന്‍ ഓള്‍റൗണ്ടറായ അബ്ദുല്‍ റസാഖ് തന്റെ കരിയറില്‍ ലഭിച്ചിരുന്ന പ്രതിഫലവും അന്നത്തെ ഇന്ത്യന്‍ താരങ്ങള്‍ക്ക് ലഭിച്ചിരുന്ന പ്രതിഫലത്തെക്കുറിച്ചും തുറന്ന് പറഞ്ഞിരിക്കുകയാണ്.
1996ലാണ് പാകിസ്താന്‍ ക്രിക്കറ്റില്‍ റസാഖ് രങ്ങേറ്റം നടത്തുന്നത്. 1999ല്‍ പാകിസ്താന്‍ ടീം നിരവധി മത്സരങ്ങള്‍ കളിച്ചിരുന്നെങ്കിലും 10000 രൂപയായിരുന്നു പ്രതിഫലം. പിന്നീട് പതിയെ പതിയെ ഉയര്‍ന്ന് 25000 രൂപയായി. എന്നാല്‍ ആ സമയത്ത് ഇന്ത്യയുടെ ആഭ്യന്തര താരങ്ങളുടെ പ്രതിഫലം 10000-15000 രൂപയായിരുന്നു. പാക് താരങ്ങള്‍ ആ സമയത്ത് 30 ഏകദിനങ്ങളും 10ല്‍ താഴെ ടെസ്റ്റുമാണ് കളിച്ചിരുന്നത്.
പാകിസ്താന്‍ താരങ്ങള്‍ക്ക് മറ്റൊരു രീതിയിലും വരുമാനമില്ലായിരുന്നു. 2001വരെ പാക് ടീമില്‍ കേന്ദ്ര കരാറില്ലായിരുന്നു. 2003ലാണ് റസാഖ് വിരമിച്ചത്. 50000-60000നിടെയിലായിരുന്നു ഏകദിനത്തിലെ പ്രതിഫലം. ഒരു ലക്ഷമായിരുന്നു ടെസ്റ്റ് കളിച്ചാല്‍ ലഭിച്ചിരുന്നത്. 30000-50000 ആയിരുന്നു ടി20യില്‍ നിന്ന് ലഭിച്ചത്. താന്‍ വിരമിച്ച ശേഷം പാക് താരങ്ങളുടെ പ്രതിഫലത്തില്‍ വലിയ വര്‍ധനവുണ്ടായെന്നും റസാഖ് ചൂണ്ടിക്കാട്ടുന്നു.
പാകിസ്താന്‍ സാമ്പത്തികമായി ഇന്ത്യയെക്കാള്‍ വളരെ പിന്നില്‍ നില്‍ക്കുന്ന രാജ്യമാണ്. ബിസിസി ഐ ലോക ക്രിക്കറ്റിലെ ഏറ്റവും സമ്പന്നരായ ക്രിക്കറ്റ് ബോര്‍ഡുകളിലൊന്നും. ഐപിഎല്ലിലൂടെത്തന്നെ കോടികളുടെ പ്രതിഫലം ബിസിസി ഐക്കും താരങ്ങള്‍ക്കും ലഭിക്കുന്നുണ്ട്. ഐപിഎല്ലിലെ പ്രമുഖരായ ഇന്ത്യന്‍ താരങ്ങളുടെയെല്ലാം പ്രതിഫലം 15 കോടിയോളം വരും. എന്നാല്‍ പാകിസ്താന്‍ സൂപ്പര്‍ ലീഗില്‍ ഒരു കോടിപോലും പ്രതിഫലമായി സൂപ്പര്‍ താരങ്ങള്‍ക്ക് ലഭിക്കുന്നില്ലെന്നതാണ് വസ്തുത.
വിരാട് കോലിയുടെ ആസ്തി കഴിഞ്ഞ ദിവസം 1000 കോടി പിന്നിട്ടത് വലിയ വാര്‍ത്തയായിരുന്നു. 100 കോടി ആസ്തിയുള്ള പാക് താരങ്ങള്‍ പോലും കുറവാണെന്ന് പറയാം. ഇന്ത്യയുടെ ആഭ്യന്തര ക്രിക്കറ്റ് സംവിധാനങ്ങള്‍ മികച്ചതാണ്. അതുകൊണ്ടുതന്നെ ഇവിടെ കളിക്കുന്ന താരങ്ങള്‍ക്ക് പോലും മികച്ച പ്രതിഫലം ലഭിക്കുന്നു. എന്നാല്‍ പാകിസ്താനിലെ ആഭ്യന്തര താരങ്ങള്‍ക്കെല്ലാം വളരെ തുച്ഛമായ പ്രതിഫലമാണ് ലഭിക്കുന്നത്.

റസാഖ് കളിച്ചിരുന്ന സമയത്തെ പാക് ടീമുകള്‍ എല്ലാവരെയും വിറപ്പിക്കുന്നതായിരുന്നു. വസിം അക്രം, വഖാര്‍ യൂനിസ് ഉള്‍പ്പെടെ പല പ്രമുഖരും റസാഖ് ടീമിലെത്തുമ്പോള്‍ പേസ് നിരയിലുണ്ടായിരുന്നു. പിന്നീട് ഷുഹൈബ് അക്തര്‍, മുഹമ്മദ് ഷമി എന്നിവര്‍ ഉള്‍പ്പെടുന്ന പേസ് നിരയോടൊപ്പം തിളങ്ങാനും റസാഖിനായി. സച്ചിനെ ഏഴ് തവണ പുറത്താക്കിയിട്ടുള്ള ബൗളറാണ് റസാഖ്. കഴിഞ്ഞിടെ നേരിടാന്‍ പ്രയാസമുള്ള ബൗളറായി സച്ചിന്‍ പറഞ്ഞ താരങ്ങളിലൊരാള്‍ റസാഖായിരുന്നു.
265 ഏകദിനവും 46 ടെസ്റ്റും 32 ടി20യും 17 വര്‍ഷ കരിയറില്‍ റസാഖ് കളിച്ചു. പാക് ക്രിക്കറ്റിലെ എക്കാലത്തെയും മികച്ച പേസ് ഓള്‍റൗണ്ടര്‍മാരിലൊരാളായിരുന്നു റസാഖെന്ന് പറയാം. അദ്ദേഹം ഒറ്റക്ക് കളിമാറ്റിയ മത്സരങ്ങളമുണ്ട്. നിശബ്ദമായി വന്ന് തന്റെ ജോലി നന്നായി നോക്കിയിരുന്ന താരമായിരുന്നു റസാഖ്. അതുകൊണ്ടുതന്നെ എതിരാളികള്‍ക്കും അദ്ദേഹം പ്രിയപ്പെട്ടവനായിരുന്നു.
ഇത്തവണ ഏഷ്യാ കപ്പിന് പാകിസ്താനാണ് ആതിഥേയത്വം വഹിക്കുന്നത്. ഇന്ത്യ പാകിസ്താനില്‍ കളിക്കില്ലെന്ന ശക്തമായ നിലപാടെടുത്തതോടെ നാല് മത്സരങ്ങള്‍ പാകിസ്താനിലും ശേഷിക്കുന്ന 13 മത്സരങ്ങള്‍ ശ്രീലങ്കയിലുമാണ് നടക്കുന്നത്. ഇന്ത്യയെ ഒഴിവാക്കി ഏഷ്യാ കപ്പ് നടത്താന്‍ പോലും പിസിബി ആലോചിച്ചിരുന്നെങ്കിലും സാമ്പത്തികമായി വലിയ നഷ്ടമുണ്ടാക്കുമെന്നതിനാല്‍ വിട്ടുവീഴ്ചക്ക് തയ്യാറാവുകയായിരുന്നു.