ഇന്ത്യയുടെ മുന്‍ ബാറ്റിങ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കര്‍ക്കു കരിയറില്‍ ഏറ്റവുമധികം വെല്ലുവിളി സൃഷ്ച്ച ബൗളര്‍മാരില്‍ ഒരാളായിരുന്നു പാകിസ്താന്റെ മുന്‍ സീം ബൗളിങ് ഓള്‍റൗണ്ടര്‍ അബ്ദുള്‍ റസാഖ്. ഇന്ത്യയും പാകിസ്താനും തമ്മിലുള്ള പോരാട്ടങ്ങളില്‍ സച്ചിന്‍ നേരിടാന്‍ ഏറ്റവുമധികം ബുദ്ധിമുട്ടിയ ബൗളര്‍മാരില്‍ ഒരാളായിരുന്നു അദ്ദേഹം. ഏകദിനത്തില്‍ മാസ്റ്റര്‍ ബ്ലാസ്റ്ററെ ആറു തവണ പുറത്താക്കാന്‍ റസാഖിനായിട്ടുണ്ട്. നേരിടാന്‍ താന്‍ ഏറ്റവുമധിവം ബുദ്ധിമുട്ടിയ ബൗളര്‍മാരില്‍ ഒരാളായിരുന്നു പാക് താരമെന്നു സച്ചിന്‍ പിന്നീട് തുറന്നു പറയുകയും ചെയ്തിരുന്നു.

പാകിസ്താനെതിരേ പല മാച്ച് വിന്നിങ് പ്രകടനങ്ങളും കാഴ്ചവയ്ക്കാന്‍ സച്ചിനു കരിയറില്‍ സാധിച്ചിട്ടുണ്ട്. പക്ഷെ താന്‍ കളിച്ചിരുന്ന കാലഘട്ടത്തില്‍ ഇന്ത്യന്‍ നിരയിലെ ഏറ്റവും അപകടകാരിയായ ബാറ്റര്‍ സച്ചിന്‍ ആയിരുന്നില്ലെന്നാണ് അബ്ദുള്‍ റസാഖ് വെളിപ്പെടുത്തിയിരിക്കുന്നത്. സച്ചിനല്ല മറിച്ച് വീരേന്ദര്‍ സെവാഗായിരുന്നു തങ്ങള്‍ക്കു ഏറ്റവുമധികം ഭീഷണി സൃഷ്ടിച്ചതെന്നു അദ്ദേഹം വ്യക്തമാക്കി. വീരേന്ദര്‍ സെവാഗായിരുന്നു ഏറ്റവുമധികം അപകടം വിതച്ച ബാറ്റര്‍. അതു കഴിഞ്ഞാല്‍ അടുത്തയാള്‍ സച്ചിന്‍ ടെണ്ടുല്‍ക്കറായിരുന്നു.
ഇന്ത്യക്കെതിരേ മല്‍സരങ്ങളുള്ളപ്പോള്‍ സെവാഗിനും സച്ചിനുമെതിരേ ഞങ്ങള്‍ പ്ലാനുകള്‍ തയ്യാറാക്കിയിരുന്നു. ഈ രണ്ടു പേരുടെയും വിക്കറ്റുകള്‍ പെട്ടെന്നു നേടാനായാല്‍ ഞങ്ങള്‍ക്കു മല്‍സരം ജയിക്കാമെന്നായിരുന്നു പറഞ്ഞിരുന്നത്. ഞങ്ങളുടെ ബാറ്റര്‍മാര്‍ സഹീര്‍ ഖാനെതിരേയും പ്ലാന്‍ ചെയ്താണ് കളിക്കാനിറങ്ങിയിരുന്നത്. കുറച്ചു കാലം ഇര്‍ഫാന്‍ പഠാനെതിരേയും ഇങ്ങനെയായിരുന്നു. ഹര്‍ഭജന്‍ സിങായിരുന്നു വെല്ലുവിളിയുയര്‍ത്തിയ മറ്റൊരു ഇന്ത്യന്‍ ബൗളര്‍. ഇവരായിരുന്നു വലിയ മല്‍സരങ്ങളില് കളിക്കുകയും രാജ്യത്തിനുവേണ്ടി ഏറ്റവും നന്നായി പെര്‍ഫോം ചെയ്യകയും ചെയ്തിരുന്നവരെന്നും അബ്ദുള്‍ റസാഖ് വിശദമാക്കി.

ഇന്ത്യയുടെ മധ്യനിരയില്‍ യുവരാജ് സിങ് അന്നുണ്ടായിരുന്നു. വീരേന്ദര്‍ സെവാഗ്, സച്ചിന്‍ ടെണ്ടുല്‍ക്കര്‍, യുവരാജ് എന്നീ മൂന്നു പേര്‍ വമ്പന്‍ താരങ്ങളായിരുന്നു. ഇവരെ കളിയില്‍ പുറത്താക്കിയിരുന്നപ്പോള്‍ അതെ, നമ്മള്‍ ഇന്നു വലിയ വിക്കറ്റുകളാണ് നേടിയിയിരിക്കുന്നതെന്നു ഞങ്ങള്‍ അന്നു പറയുമായിരുന്നു. പാകിസ്താന്‍ ശരിക്കും പ്ലാന്‍ തയ്യാറാക്കി കളിക്കാനിറങ്ങിയിരുന്നത് ഇവര്‍ക്കെതിരേയായിരുന്നു. എങ്ങനെ, എവിടെ ബൗള്‍ ചെയ്യണം? ഫീല്‍ഡ് ക്രമീകരണം എങ്ങനെയായിരിക്കണം? ഈ താരങ്ങള്‍ക്കെതിരേ വ്യത്യസ്ത ബൗളര്‍മാരെ പരീക്ഷിക്കണം തുടങ്ങി പല കാര്യങ്ങളും ഞങ്ങള്‍ ആസൂത്രണം ചെയ്യുമായിരുന്നു. അതേ രീതിയില്‍ തന്നെ ഇന്ത്യയുടെ പ്രധാന ബൗളര്‍മാര്‍ക്കെതിരേയും പ്ലാന്‍ ചെയ്താണ് ബാറ്റര്‍മാര്‍ കളിച്ചിരുന്നതെന്നും അബ്ദുള്‍ റസാഖ് കൂട്ടിച്ചേര്‍ത്തു.
ഏകദിന ഫോര്‍മാറ്റില്‍ പാകിസ്താനെതിരേ ഇന്ത്യക്കു വേണ്ടി ഏറ്റവുമധികം റണ്‍സ് സ്‌കോര്‍ ചെയ്തിട്ടുള്ളത് സച്ചിന്‍ ടെണ്ടുല്‍ക്കറാണ്. 69 ഏകദിങ്ങളില്‍ നിന്നും 2526 റണ്‍സാണ് അദ്ദേഹത്തിന്റെ സമ്പാദ്യം. വീരേന്ദര്‍ സെവാഗാവട്ടെ പാകിസ്താനെതിരേ 31 ഏകദിനങ്ങളില്‍ നിന്നും 1071 റണ്‍സുമെടുത്തിരുന്നു. പക്ഷെ ടെസ്റ്റില്‍ സച്ചിനേക്കാള്‍ കൂടുതല്‍ റണ്‍സ് പാകിസ്താനെതിരേ അടിച്ചെടുത്തത് വീരുവാണ്.
ഒമ്പതു ടെസ്റ്റുകളില്‍ നിന്നും 91.14 എന്ന ഗംഭീര ശരാശരിയില്‍ അദ്ദേഹം വാരിക്കൂട്ടിയത് 1276 റണ്‍സാണ്. സച്ചിന്‍ 18 ടെസ്റ്റുകളില്‍ നിന്നും 1057 റണ്‍സാണ് നേടിയത്.ടെസ്റ്റ് ക്രിക്കറ്റില്‍ ട്രിപ്പിള്‍ സെഞ്ച്വറിയിച്ച ഇന്ത്യയുടെ ആദ്യത്തെ താരമെന്ന റെക്കോര്‍ഡ് വീരേന്ദര്‍ സെവാഗിനു സ്വന്തമാണ്. 2004ല്‍ പാകിസ്താനിലെ മുള്‍ത്താനില്‍ നടന്ന ടെസ്റ്റിലായിരുന്നു അദ്ദേഹത്തിന്റെ ചരിത്രനേട്ടം.