Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഇന്ത്യയിലായിരുന്നെങ്കില്‍ ചിലപ്പോള്‍ ഒരിക്കലും കളിക്കാന്‍ സാധിക്കുമായിരുന്നില്ല-ഡിവില്ലിയേഴ്‌സ്

1

കേപ്ടൗണ്‍: ലോക ക്രിക്കറ്റിലെത്തന്നെ ഏറ്റവും അപകടകാരിയായ ബാറ്റ്‌സ്മാന്‍മാരിലൊരാളാണ് ദക്ഷിണാഫ്രിക്കയുടെ എബി ഡിവില്ലിയേഴ്‌സ്. അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചെങ്കിലും ഇന്നും ആരാധക മനസില്‍ വലിയ സ്ഥാനമാണ് എബിഡിക്കുള്ളത്. ഇന്ത്യയെ സ്‌നേഹിക്കുന്ന അദ്ദേഹം ഐപിഎല്ലില്‍ ആര്‍സിബിയുടെ നിര്‍ണ്ണായക താരങ്ങളിലൊരാളായിരുന്നു. ഇത്തവണത്തെ മെഗാ ലേലം നടക്കാനിരിക്കെ തികച്ചും അപ്രതീക്ഷിതമായാണ് എബിഡി വിരമിക്കല്‍ പ്രഖ്യാപിച്ചത്.

മൈതാനത്തിന്റെ എല്ലാ വശത്തേക്കും ഷോട്ട് കളിക്കാന്‍ കെല്‍പ്പുള്ള അദ്ദേഹത്തെ മിസ്റ്റര്‍ 360 എന്നാണ് ആരാധകര്‍ വിളിക്കുന്നത്. ഏകദിനത്തിലെ വേഗ ഫിഫ്റ്റി, സെഞ്ച്വറി, 150 എന്നിങ്ങനെയുള്ള റെക്കോഡുകളെല്ലാം എബിഡിയുടെ പേരിലാണ്. ഇപ്പോഴിതാ ഇന്ത്യയോടുള്ള സ്‌നേഹം തുറന്ന് പറഞ്ഞിരിക്കുകയാണ് എബിഡി. ഇന്ത്യന്‍ താരങ്ങള്‍ സവിശേഷ മികവുള്ളവരാണെന്നും ഇന്ത്യക്കാരനായിരുന്നെങ്കില്‍ ചിലപ്പോള്‍ ഒരിക്കലും കളിക്കാന്‍ തനിക്ക് സാധിക്കുമായിരുന്നില്ലെന്നും അഭിപ്രായപ്പെട്ടിരിക്കുകയാണ് അദ്ദേഹം.

1

' ഐപിഎല്‍ ക്രിക്കറ്റിന്റെ അഭിമാനം എന്തെന്ന് നേരിട്ടനുഭവിച്ചയാളാണ് ഞാന്‍. ഇന്ത്യയിലെ ആരാധകര്‍, ക്രിക്കറ്റ്, കഴിഞ്ഞ 15 വര്‍ഷത്തോളം ഇതെല്ലാം ആസ്വദിച്ചു. ഇന്ത്യയിലെ വളര്‍ച്ച വളരെ കൗതുകകരമാണ്. ഇന്ത്യയിലായിരുന്നെങ്കില്‍ ചിലപ്പോള്‍ ഒരിക്കലും ക്രിക്കറ്റ് കളിക്കാന്‍ സാധിക്കുമായിരുന്നില്ല. ആര്‍ക്ക് അറിയാം. ഇന്ത്യന്‍ ടീമില്‍ അവസരം ലഭിക്കുകയെന്നത് വളരെ പ്രയാസമാണ്. സവിശേഷ പ്രതിഭയുള്ളവരാണ് ഇന്ത്യന്‍ താരങ്ങള്‍'- എബി ഡിവില്ലിയേഴ്‌സ് പറഞ്ഞു.

ഇന്ത്യക്കെതിരേ മികച്ച ബാറ്റിങ് റെക്കോഡുള്ള താരമാണ് എബിഡി. ബൗളര്‍മാരുടെ പേടി സ്വപ്‌നമായ അദ്ദേഹം വിരാട് കോലിയുമായി വലിയ സൗഹൃദം കാത്തുസൂക്ഷിക്കുന്നു. ഐപിഎല്ലിലെ മികച്ച കൂട്ടുകെട്ടെന്ന റെക്കോഡ് കോലി-എബിഡി എന്നിവരുടെ പേരിലാണ്. ഇത്തവണയും എബിഡി ആര്‍സിബിയുടെ ഭാഗമാകുമെന്നും കോലി-എബിഡി കൂട്ടുകെട്ടിന്റെ വെടിക്കെട്ട് കാണാമെന്നും പ്രതീക്ഷിച്ചിരുന്നവരെ നിരാശപ്പെടുത്തിയാണ് അദ്ദേഹം വിരമിക്കല്‍ പ്രഖ്യാപിച്ചത്.

1

ആര്‍സിബിയില്‍ കളിച്ചിരുന്നപ്പോഴുള്ള അനുഭവവും എബിഡി പങ്കുവെച്ചു. ' ആര്‍സിബി എന്നെ സംബന്ധിച്ച് കുടുംബമാണ്. ജീവിതത്തില്‍ വലിയ മാറ്റങ്ങളുണ്ടായ 10-11 വര്‍ഷങ്ങളായിരുന്നു ഇത്. ഏതൊരു കുടുംബത്തിലും ഉള്ളതുപോലെ ഉയര്‍ച്ച താഴ്ച്ചകള്‍ ഉണ്ടായിട്ടുണ്ട്. മനോഹരമായ യാത്രയായിരുന്നു ഇത്. തിരിഞ്ഞുനോക്കുമ്പോള്‍ എന്റെ കരിയറിലെയും ജീവിതത്തിലെയും മനോഹര വര്‍ഷങ്ങളായിരുന്നു ആര്‍സിബിയില്‍ ഉണ്ടായിരുന്നത്'- എബിഡി പറഞ്ഞു. ഇത്തവണത്തെ ഐപിഎല്ലിലെ വലിയ നഷ്ടം തന്നെയാണ് എബിഡിയെന്ന് പറയാം.

184 ഐപിഎല്ലില്‍ നിന്ന് 5162 റണ്‍സാണ് എബിഡി നേടിയത്. മൂന്ന് സെഞ്ച്വറിയും ഇതില്‍ ഉള്‍പ്പെടും. ഐപിഎല്ലിലെ റണ്‍വേട്ടക്കാരില്‍ ആറാം സ്ഥാനക്കാരനാണ് ഡിവില്ലിയേഴ്‌സ്. 114 ടെസ്റ്റില്‍ നിന്ന് 8765 റണ്‍സും 228 ഏകദിനത്തില്‍ നിന്ന് 9577 റണ്‍സും 78 ടി20യില്‍ നിന്ന് 1672 റണ്‍സും ഡിവില്ലിയേഴ്‌സിന്റെ പേരിലുണ്ട്. ദക്ഷിണാഫ്രിക്കയുടെ ക്യാപ്റ്റനും വിക്കറ്റ് കീപ്പറുമെല്ലാമായിരുന്ന എബിഡിക്ക് ഇതുവരെ ഐസിസി കിരീടം നേടാനായിട്ടില്ല.

1

വിരമിച്ച ശേഷം പുതിയ റോളില്‍ എബിഡി ക്രിക്കറ്റിലേക്ക് തിരിച്ചെത്തുമോയെന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്. ആര്‍സിബിക്കൊപ്പം ഉപദേഷ്ടവായി എബിഡിയെ പ്രതീക്ഷിക്കാം. എന്തായാലും ഇന്ത്യയില്‍ വലിയ ആരാധക പിന്തുണയുള്ള ചുരുക്കം ചില താരങ്ങളിലൊരാളാണ് അദ്ദേഹം. അതുകൊണ്ട് തന്നെ ഇന്ത്യയിലെ ആരാധകരെ ഡിവില്ലിയേഴ്‌സും വളരെയധികം സ്‌നേഹിക്കുന്നു.

Story first published: Wednesday, February 9, 2022, 18:42 [IST]
Other articles published on Feb 9, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+