ലണ്ടന്‍: ഇംഗ്ലണ്ട് ക്രിക്കറ്റ് ടീമിന്റെ ബാസ് ബോള്‍ സ്‌റ്റൈല്‍ ഇതിനോടകം ഹിറ്റായിക്കഴിഞ്ഞു. ടെസ്റ്റിലും വെടിക്കെട്ട് ബാറ്റിങ് നടത്തി വിസ്മയിപ്പിക്കുന്ന ബാസ് ബോള്‍ ശൈലിയില്‍ ഇംഗ്ലണ്ട് മനോഹരമായി കളിക്കുന്നുമുണ്ട്. ഒന്നാം ആഷസ് ടെസ്റ്റില്‍ ബാസ് ബോള്‍ ശൈലിയില്‍ കളിച്ച ഇംഗ്ലണ്ടിനെ ഓസീസ് തകര്‍ത്തതോടെ വീണ്ടും ബാസ് ബോള്‍ ചര്‍ച്ചയാവുകയാണ്. മുന്‍ ന്യൂസീലന്‍ഡ് നായകനും വെടിക്കെട്ട് ബാറ്റ്‌സ്മാനുമായ ബ്രണ്ടന്‍ മക്കല്ലം സൃഷ്ടിച്ച ശൈലിയെന്നാണ് ബാസ് ബോള്‍ ശൈലി അറിയപ്പെടുന്നത്.
എതിരാളികളെ ആക്രമിച്ച് സമ്മര്‍ദ്ദത്തിലാക്കുകയെന്ന ഈ രീതി അത്ര എളുപ്പത്തില്‍ കളിക്കാനാവുന്നതല്ല. ഇപ്പോഴിതാ ബാസ് ബോള്‍ ക്രിക്കറ്റും എംഎസ് ധോണിയുടെ ശൈലിയും ഒന്നാണെന്ന് അഭിപ്രായപ്പെട്ട് രംഗത്തെത്തിയിരിക്കുകയാണ് മുന്‍ ദക്ഷിണാഫ്രിക്കന്‍ സൂപ്പര്‍ എബി ഡിവില്ലിയേഴ്‌സ്. രണ്ടും തമ്മിലുള്ള സാമ്യതകളും എബിഡി ചൂണ്ടിക്കാട്ടിയിരിക്കുകയാണ്. ട്വിറ്ററിലൂടെയാണ് എബിഡി വിശദമായി താരതമ്യം ചെയ്തത്. 'ഇംഗ്ലണ്ടിന്റെ ശൈലിയെ ചിലര്‍ ബാസ് ബോളെന്ന് വിളിക്കുന്നു.
ഞാന്‍ ചിന്തിക്കുന്നത് ഇത് ബുദ്ധിപരമായ ക്രിക്കറ്റാണെന്നതാണ്. മികച്ച ടീമുകള്‍ സാഹചര്യത്തിനനുസരിച്ച് കളിക്കുകയും വിജയ നിലയിലേക്കെത്തിക്കുകയും ചെയ്യും. റിവേഴ്‌സ് സ്വീപ് കളിക്കുന്നതും ഡിക്ലയര്‍ ചെയ്യുന്നതുമെല്ലാം ഈ ശൈലിയിലെ ധീരമായ തീരുമാനങ്ങളാണ്. ഈഗോയില്ലാതെ കളിക്കുന്നുവെന്നതാണ് ഇപ്പോഴത്തെ ഇംഗ്ലണ്ട് ടീമില്‍ കാണാനാവുന്നത്. ഇതേ പോലെയാണ് എംഎസ് ധോണിയും സംഘവും ഐപിഎല്ലില്‍ കളിക്കുന്നത്'- ഡിവില്ലിയേഴ്‌സ് പറഞ്ഞു.
ബാസ് ബോള്‍ ശൈലിയില്‍ കളിക്കുമ്പോള്‍ ആക്രമണോത്സകതയ്ക്ക് വലിയ പ്രാധാന്യമുണ്ട്. എന്നാല്‍ എതിരാളികളെ സമ്മര്‍ദ്ദത്തിലാക്കുകയെന്നതാണ് ഈ തന്ത്രത്തിന്റെ പ്രധാന ഉദ്ദേശം. എതിരാളികളെ സമ്മര്‍ദ്ദത്തിലാക്കി കുടുക്കുകയെന്നത് എളുപ്പമുള്ള കാര്യമല്ല. എന്നാല്‍ ഇംഗ്ലണ്ടിന് അത് സാധിക്കുന്നു. അതിനുള്ള ടീം കരുത്ത് ഇംഗ്ലണ്ടിന് അവകാശപ്പെടാം. എംഎസ് ധോണി ഇന്ത്യയുടെ നായകനായിരുന്നപ്പോഴും ഐപിഎല്ലില്‍ നയിക്കുമ്പോഴും ഉപയോഗിക്കുന്നത് ഇതേ തന്ത്രമാണ്.

ഓരോ താരത്തിന്റെയും കരുത്തും ദൗര്‍ബല്യവും കൃത്യമായി മനസിലാക്കാന്‍ ധോണിക്ക് സാധിക്കുന്നു. എതിര്‍ താരത്തിന്റെ ദൗര്‍ബല്യം മനസിലാക്കുകയും അതിനനുസരിച്ച് തന്ത്രം മെനയുകയെന്നതും വളരെ പ്രധാനപ്പെട്ടതാണ്. ധോണി അവസാന ഐപിഎല്ലിലും ഈ തന്ത്രം ഫലപ്രദമായി നടപ്പിലാക്കുന്നതാണ് കണ്ടത്. ഏത് ശൈലിയില്‍ കളിക്കുന്നു എന്നതിലുപരിയായി എതിരാളിയുടെ കരുത്തിനനുസരിച്ച് തന്ത്രം മെനയുകയെന്നതാണ് പ്രധാനപ്പെട്ട കാര്യം.
എന്നാല്‍ ബാസ് ബോള്‍ ശൈലിയില്‍ ഒന്നാം ആഷസ് ടെസ്റ്റ് കളിച്ച ഇംഗ്ലണ്ടിന് ഓസീസിനോട് തോല്‍ക്കേണ്ടി വന്നു. ആവേശകരമായ മത്സരത്തില്‍ രണ്ട് വിക്കറ്റിനാണ് ഇംഗ്ലണ്ടിനെ ഓസീസ് തോല്‍പ്പിച്ചത്. ഇംഗ്ലണ്ട് മുന്നോട്ടുവെച്ച 281 റണ്‍സ് വിജയലക്ഷ്യം സന്ദര്‍ശകരായ ഓസീസ് മറികടക്കുകയായിരുന്നു. ഓസീസ് നായകന്‍ പാറ്റ് കമ്മിന്‍സിന്റെ (44*) തകര്‍പ്പന്‍ പോരാട്ടമാണ് വിജയത്തിലേക്കെത്തിച്ചത്. ആദ്യ ഇന്നിങ്‌സില്‍ സെഞ്ച്വറിയും രണ്ടാം ഇന്നിങ്‌സില്‍ ഫിഫ്റ്റിയും നേടി ഉസ്മാന്‍ ഖ്വാജ ഓസീസ് ജയത്തില്‍ നിര്‍ണ്ണായകമായി.
ഒന്നാം ഇന്നിങ്‌സില്‍ 393 റണ്‍സിന് ഇംഗ്ലണ്ട് ഡിക്ലയര്‍ ചെയ്തിരുന്നു. ജോ റൂട്ട് സെഞ്ച്വറിയോടെ ക്രീസില്‍ നില്‍ക്കുമ്പോഴാണ് ഇംഗ്ലണ്ട് നായകന്‍ ബെന്‍ സ്റ്റോക്‌സ് ഡിക്ലയര്‍ ചെയ്തത്. അമിത ആത്മവിശ്വാസം കാട്ടിയ സ്‌റ്റോക്‌സിന് പിഴച്ചു. മറുപടിക്കിറങ്ങിയ ഓസ്‌ട്രേലിയ ഒന്നാം ഇന്നിങ്‌സില്‍ 386 റണ്‍സടിച്ചതോടെ കളി മാറി. ഉസ്മാന്‍ ഖ്വാജയുടെ 141 റണ്‍സ് പ്രകടനമാണ് ഇംഗ്ലണ്ടിന്റെ കണക്കുകൂട്ടല്‍ തെറ്റിച്ചത്. രണ്ടാം ഇന്നിങ്‌സില്‍ 273 റണ്‍സിന് ഇംഗ്ലണ്ടിന് കൂടാരം കയറേണ്ടി വന്നതും തിരിച്ചടിയായി.
ബാസ് ബോള്‍ ശൈലി ഇംഗ്ലണ്ടിന് അനുയോജ്യമായതാണെങ്കിലും ഒന്നാം ടെസ്റ്റിലെ തോല്‍വി ചോദിച്ചുവാങ്ങിയതാണെന്ന് പറയാം. ശേഷിക്കുന്ന മത്സരങ്ങളിലൂടെ ശക്തമായ തിരിച്ചുവരവാണ് ഇംഗ്ലണ്ട് പ്രതീക്ഷിക്കുന്നത്. ബാസ് ബോള്‍ ശൈലിയിലൂടെ തകര്‍പ്പന്‍ തിരിച്ചുവരവ് നടത്താന്‍ ഇംഗ്ലണ്ടിന് സാധിക്കുമോയെന്നത് കണ്ടറിയാം.