അഫ്രീഡിക്ക് അന്ന് ബാറ്റിങും ബൗളിങുമറിയില്ല! എന്നിട്ടും ലോകകപ്പില്‍ ഓപ്പണറാക്കി- രൂക്ഷവിമര്‍ശനം
ലോക ക്രിക്കറ്റിലെ എക്കാലത്തെയും മികച്ച ഓള്‍റൗണ്ടര്‍മാരുടെ നിരയിലാണ് പാകിസ്താന്റെ മുന്‍ ക്യാപ്റ്റനും സൂ്പ്പര്‍ താരവുമായ ഷാഹിദ് അഫ്രീഡിയുടെ സ്ഥാനം. തന്റേതായ ദിവസം ഏതു ബൗളിങ് നിരയെയും പിച്ചിച്ചീന്തുന്ന അദ്ദേഹം മികച്ച സ്പിന്‍ ബൗളിങിലൂടെയും എതിര്‍ നിരയില്‍ നാശം വിതയ്ക്കാറുണ്ട്. എന്നാല്‍ 1999ലെ ഏകദിന ലോകകപ്പിനുള്ള പാകിസ്താന്‍ ടീമില്‍ അഫ്രീഡിയെ ഉള്‍പ്പെടുത്തിയതിനെ ശക്തമായ ഭാഷയില്‍ വിമര്‍ശിച്ചു രംഗത്തു വന്നിരിക്കുകയാണ് മുന്‍ സൂപ്പര്‍ താരം ആമിര്‍ സൊഹൈല്‍. 1998ല്‍ ആറു ടെസ്റ്റുകളിലും 96 മുതല്‍ 98 വരെ 22 ഏകദിങ്ങളിലും പാകിസ്താനെ നയിച്ചിട്ടുള്ള താരം കൂടിയാണ് അദ്ദേഹം.
ടീം മാനേജ്‌മെന്റിന്റെം ഭാഗത്തു നിന്നുണ്ടായ ഏറ്റവും വലിയ പിഴവെന്നാണ് അഫ്രീഡിയെ ലോകകപ്പ് സംഘത്തിലുള്‍പ്പെടുത്തിയതിനെ സൊഹൈല്‍ പരിഹസിച്ചത്. അഫ്രീഡിക്ക് അന്നു ബാറ്റിങും ബൗളിങും അറിയുമായിരുന്നില്ലെന്നും അദ്ദേഹം തുറന്നടിച്ചു.

സ്ഥിരം ഓപ്പണര്‍മാര്‍
1999ലെ ലോകകപ്പില്‍ പാകിസ്താനു സ്ഥിരം ഓപ്പണര്‍മാര്‍ വേണമെന്നതിനെക്കുറിച്ച് 1998ല്‍ താന്‍ ക്യാപ്റ്റനായിരുന്നപ്പോള്‍ സെലക്ടര്‍മാരും താനും ചേര്‍ന്ന് തീരുമാനിച്ചിരുന്നതായി സൊഹൈല്‍ പറയുന്നു. ക്രീസില്‍ പിടിച്ചുനിന്ന് ന്യൂബോളിലെ നേരിടാന്‍ മിടുക്കുള്ളവരായിരിക്കണം ഓപ്പണര്‍മാരെന്നതിനെക്കുറിച്ചും ചര്‍ച്ച നടത്തിയതായി സൊഹൈല്‍ തന്റെ യൂട്യൂബ് ചാനലില്‍ പറഞ്ഞു.
പക്ഷെ ലോകകപ്പില്‍ ഇതു പാലിക്കപ്പെട്ടില്ലെന്നും അഫ്രീഡിയെ ഓപ്പണറാക്കിയത് വലിയ വിഡ്ഢിത്തമായിപ്പോയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

അഫ്രീഡിയെ വച്ച് നടത്തിയ ചൂതാട്ടം
ബൗണ്‍സ് കുറച്ച പിച്ചുകളില്‍ അഫ്രീഡിക്കു ബൗളര്‍മാര്‍ക്കെതിരേ ആധിപത്യം നേടാനും റണ്‍സ് വാരിക്കൂട്ടാനും കഴിയും. എതിര്‍ ടീമിനെ ഇതു തീര്‍ച്ചയായും സമ്മര്‍ദ്ദത്തിലാക്കുകയും ചെയ്യും. എന്നാല്‍ ബൗണ്‍സും വേഗവുമുള്ള പിച്ചുകളില്‍ അഫ്രീഡിയെ ഓപ്പണറാക്കുന്നത് വലിയ ചൂതാട്ടം തന്നെയാണ്.
അദ്ദേഹത്തിന് നന്നായി ബാറ്റ് ചെയ്യാന്‍ മാത്രമല്ല നന്നായി ബൗള്‍ ചെയ്യാനും കഴിയില്ല. വസീം അക്രമിനു പകരം താനായിരുന്നു 99ലെ ലോകകപ്പില്‍ പാക് ക്യാപ്റ്റനെങ്കില്‍ അഫ്രീഡിക്കു പസരം മുഹമ്മദ് യൂസുഫിനെ ഉള്‍പ്പെടുത്തുമായിരുന്നുവെന്നും സൊഹൈല്‍ വ്യക്തമാക്കി.

അഫ്രീഡി വന്‍ ഫ്‌ളോപ്പായി
1999ലെ ലോകകപ്പില്‍ അഫ്രീഡി വന്‍ ഫ്‌ളോപ്പായി മാറിയിരുന്നു. കളിച്ച ഏഴു ഇന്നിങ്‌സുകളില്‍ നിന്നും 13.28 എന്ന മോശം ശരാശരിയില്‍ വെറും 93 റണ്‍സ് മാത്രമാണ് അദ്ദേഹത്തിനു നേടാനായത്.
ഈ ലോകകപ്പില്‍ പാകിസ്താന്‍ ഫൈനല്‍ വരെയെത്തിയിരുന്നെങ്കിലും ഒരു സാധാരണ ടീമിനെപ്പോലെയാണ് അവര്‍ കളിച്ചത്. ടീം മാനേജ്‌മെന്റ് കുറേക്കൂടി ആലോചിച്ച് തീരുമാനമെടുത്തിരുന്നെങ്കില്‍ ഒരുപക്ഷെ പാകിസ്താന്‍ ലോകകപ്പ് തന്നെ നേടുമായിരുന്നുവെന്നും സൊഹൈല്‍ പറഞ്ഞു.

ടീം കോമ്പിനേഷന്‍
99ലെ ലോകകപ്പില്‍ പാകിസ്താന്റെ തോല്‍വിക്കു രണ്ടു കാരണങ്ങളാണ് സൊഹൈല്‍ ചൂണ്ടിക്കാട്ടുന്നത്. ഒന്നാമത്തേത് ടീം കോമ്പിനേഷന്‍ ശരിയായിരുന്നില്ല. രണ്ടാമത്തേത് ഫൈനലില്‍ ടോസിനു ശേഷം ബാറ്റ് ചെയ്യാനുള്ള തീരുമാനമാണെന്നും അദ്ദേഹം പറഞ്ഞു.
ലോകകപ്പിലുടനീളം വെറുമൊരു സാധാരണ ടീമിനെപ്പോലെയാണ് പാകിസ്താന്‍ കളിച്ചത്. ഓരോ മല്‍സരത്തിലും പാകിസ്താന്‍ ബാറ്റിങ് ലൈനപ്പില്‍ മാറ്റും വരുത്തിക്കൊണ്ടിരുന്നത് എന്തിനാണെന്നും സൊഹൈല്‍ ചോദിക്കുന്നു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications