Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

കോലി ഇന്ത്യയുടെ മിയാന്‍ദാദ്... ഇരുവരും തമ്മില്‍ സാമ്യം, ചൂണ്ടിക്കാട്ടി മുന്‍ പാക് ഓപ്പണര്‍

കറാച്ചി: ആധുനിക ക്രിക്കറ്റിലെ ഏറ്റവും മികച്ച ബാറ്റ്‌സ്മാനും ഇന്ത്യന്‍ ക്യാപ്റ്റനുമായ വിരാട് കോലിയെ പ്രശംസിച്ച് പാകിസ്താന്റെ മുന്‍ ഓപ്പണര്‍ ആമിര്‍ സൊഹൈല്‍. തന്റെ യൂട്യൂബ് ചാനലിലാണ് കോലിയെ അദ്ദേഹം പുകഴ്ത്തിയത്. പാകിസ്താന്റെ മുന്‍ ഇതിഹാസ താരം ജാവേദ് മിയാന്‍ദാദിനോടാണ് കോലിയെ സൊഹൈല്‍ താരതമ്യം ചെയ്തത്. മഹാന്‍മാരായ താരങ്ങളെക്കുറിച്ച് ചിന്തിക്കുമ്പോള്‍ ഒരു കാര്യമാണ് വളരെ പ്രധാനമായി തോന്നിയിട്ടുള്ളത്. വ്യക്തിപരമായി അവര്‍ കേമന്‍മാരായിരിക്കാം. പക്ഷെ അവരുടെ ഈ മികവ് സ്വന്തം ടീമിനെ സഹായിക്കാറില്ല. പാകിസ്താന്റെ ക്രിക്കറ്റ് ചരിത്രം പരിശോധിച്ചാല്‍ ഇക്കാര്യം വ്യക്തമാവും. ഇക്കൂട്ടത്തില്‍ ആദ്യം മനസ്സിലേക്കു വരുന്ന പേര് ജാവേദ് മിയാന്‍ദാദിന്റേതാണെന്ന് സൊഹൈല്‍ വ്യക്തമാക്കി.

kohli

മിയാന്‍ദാദിന്റെ മഹത്വത്തെക്കുറിച്ച് ഇപ്പോഴും ചര്‍ച്ച ചെയ്യപ്പെടുന്നുണ്ട്. കാരണം സ്വന്തം കഴിവ് കൊണ്ട് പാക് ടീമിനും മുകളില്‍ പോയിരുന്ന താരമാണ് അദ്ദേഹം. മിയാന്‍ദാദിനൊപ്പം മികച്ചൊരു കൂട്ടുകെട്ടില്‍ പങ്കാളിയാവാന്‍ സാധിച്ചാല്‍ നമുക്ക് പലതും പഠിക്കാന്‍ കഴിയും. അത് സ്വന്തം പ്രകടനം മെച്ചപ്പെടുത്താന്‍ പ്രചോദനമാവുകയും ചെയ്യും. ഇതാണ് കോലിയും ഇപ്പോള്‍ ഇന്ത്യക്കു വേണ്ടി ചെയ്തു കൊണ്ടിരിക്കുന്നത്. കോലിക്കു ചുറ്റും നോക്കിയാല്‍ ഒരുപാട് താരങ്ങള്‍ പ്രചോദനമുള്‍ക്കൊണ്ട് പ്രകടനം മെച്ചപ്പെടുത്തിയതായി നമുക്ക് കാണാന്‍ കഴിയും. ഇത് തന്നെയാണ് കോലിയെ മഹാനായ താരമെന്നു വിശേഷിപ്പിക്കാന്‍ കാരണമെന്നും സൊഹൈല്‍ കൂട്ടിച്ചേര്‍ത്തു.

പ്രൊഫഷണല്‍ ജീവിതത്തെയും സ്വകാര്യ ജീവിതത്തെയും രണ്ടായി വേര്‍തിരിക്കാന്‍ കഴിഞ്ഞുവെന്നതാണ് കോലിയുടെ നേട്ടങ്ങള്‍ക്കു പിന്നിലെ പ്രധാനപ്പെട്ട കാരണമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. തുടക്കകാലത്ത് ആക്രമിച്ചു കളിക്കുന്ന, വളരെ അഗ്രസീവായ താരമായിരുന്നു കോലി. ക്രിക്കറ്റിനെ അന്ന് ജീവിതത്തിന്റെ ഭാഗമായി അദ്ദേഹം കാണുകയും ചെയ്തിരുന്നു. എന്നാല്‍ വളരെ പെട്ടെന്നാണ് വ്യക്തി ജീവിതത്തെയും പ്രൊഫഷണല്‍ ജീവിതത്തെയും രണ്ടാക്കിയേ തീരൂവെന്ന് കോലി തിരിച്ചറിഞ്ഞത്. അതു ചെയ്തതോടെ കരിയറില്‍ കൂടുതല്‍ ഉയര്‍ച്ചയുണ്ടാവുകയും ചെയ്തതായി സൊഹൈല്‍ വിശദമാക്കി.

maindad

കോലി ഇതിനകം ടെസ്റ്റില്‍ 7240ഉം ഏകദിനത്തില്‍ 11,867ഉം ടി20യില്‍ 2794ഉം റണ്‍സ് ഇന്ത്യക്കു വേണ്ടി നേടിയിട്ടുണ്ട്. ഏകദിനത്തില്‍ മാത്രം 43 സെഞ്ച്വറികളാണ് അദ്ദേഹത്തിന്റെ സമ്പാദ്യം. ആറെണ്ണം കൂടി നേടിയാല്‍ ഇന്ത്യന്‍ ബാറ്റിങ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കറുടെ 49 സെഞ്ച്വറികളെന്ന ലോക റെക്കോര്‍ഡിനൊപ്പമെത്താന്‍ കോലിക്കു കഴിയും.

Story first published: Monday, June 8, 2020, 15:30 [IST]
Other articles published on Jun 8, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+