
മികച്ച സീസണായിരിക്കും
ആര്‍സിബിയെ സംബന്ധിച്ചു ഐപിഎല്ലില്‍ ഇതു മികച്ച സീസണായിരിക്കും. നായകന്‍ കോലിക്കും ആരാധകര്‍ക്കും സന്തോഷിക്കാന്‍ വക നല്‍കുന്ന പ്രകടനം ടീമില്‍ നിന്നും പ്രതീക്ഷിക്കാം. അവരുടെ ബൗളിങ് മുന്‍ സീസണുകളേക്കാള്‍ മികച്ചതായി മാറിയിട്ടുണ്ട്. ബാറ്റിങിലും ആര്‍സിബിയില്‍ നല്ല പ്രകടനം ഇത്തവണയുണ്ടാവുമെന്നും ചോപ്ര ചൂണ്ടിക്കാട്ടി.

ആദ്യ നാലു സ്ഥാനം
ഐപിഎല്ലില്‍ മുന്‍ സീസണുകളില്‍ പലപ്പോഴും അവസാന സ്ഥാനക്കാരെന്ന നാണക്കേട് ഒഴിവാക്കാനാണ് ആര്‍സിബി ശ്രമിച്ചിട്ടുള്ളതെങ്കില്‍ ഇത്തവണ ചിത്രം മാറും. പോയിന്റ് പട്ടികയില്‍ ആദ്യത്തെ നാലു സ്ഥാനങ്ങളിലേക്കായിരിക്കും ആര്‍സിബി വെല്ലുവിളിയുയര്‍ത്തുകയെന്നും ചോപ്ര പറയുന്നു.
സീസണിന്റെ തുടക്കം മുതല്‍ തന്നെ ആര്‍സിബി ഐപിഎല്‍ പോയിന്റ് പട്ടികയില്‍ മധ്യത്തില്‍ തന്നെ കാണും. ആദ്യ നാലു സ്ഥാനങ്ങളില്‍ ഫിനിഷ് ചെയത് പ്ലേഓഫിലേക്കു യോഗ്യത നേടാന്‍ അവര്‍ തീര്‍ച്ചയായും എതിരാളികള്‍ക്കു വെല്ലുവിളിയാവുമെന്നും ചോപ്ര അഭിപ്രായപ്പെട്ടു. മല്‍സരത്തില്‍ ഉചിതമായ പ്ലെയിങ് ഇലവനെ ആര്‍സിബി തിരഞ്ഞെടുക്കുകയാണെങ്കില്‍ യുഎഇയില്‍ അവര്‍ ബഹുദൂരം മുന്നോട്ടു പോവുമെന്നും ചോപ്ര കൂട്ടിച്ചേര്‍ത്തു.

കോലി മികച്ച പ്രകടനം നടത്തും
ക്യാപ്റ്റന്‍ കോലി ബാറ്റിങില്‍ ആര്‍സിബിക്കു വേണ്ടി മികച്ച പ്രകടനം കാഴ്ചവയ്ക്കുമെന്നും ചോപ്ര അഭിപ്രായപ്പെട്ടു. 2016ലെ സീസണ്‍ പോലെയൊരു അവിസ്മരണീയ പ്രകടനമാണ് കോലിയില്‍ നിന്നും എല്ലാവരും ആഗ്രഹിക്കുന്നത്. എന്നാല്‍ അതുപോലെയൊരു പ്രകടനം ആവര്‍ത്തിക്കുക ബുദ്ധിമുട്ടാണ്. ഒരു സീസണില്‍ നാലു സെഞ്ച്വറികളടക്കം 900ത്തില്‍ അധികം റണ്‍സെടുക്കുകയെന്നത് ഏറെക്കുറെ അസാധ്യമാണെന്നും ചോപ്ര വ്യക്തമാക്കി.
2016ലെ നിലവാരത്തിലേക്കു കോലി ഉയരില്ല. പക്ഷെ ബാറ്റ്‌സ്മാനെന്ന നിലയില്‍ അദ്ദേഹം മികച്ച പ്രകടനം നടത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഒരുപാട് കാലം ക്രിക്കറ്റ് കളിക്കാത്തതിനാല്‍ തന്നെ റണ്ണെടുക്കാനുള്ള ദാഹത്തോടെയായിരിക്കും കോലി ഐപിഎല്ലില്‍ കളിക്കുക. ബൗളര്‍മാരെ ഇത് അസ്വസ്ഥരാക്കുമെന്നും ചോപ്ര വിശദമാക്കി.


Click it and Unblock the Notifications












