ഷാര്‍ജ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ വീണ്ടും ചിരവൈരി പോരാട്ടം. ആരാധക പിന്തുണയിലും താരപ്രഭയിലും ഏറ്റവും ഉയര്‍ന്നു നില്‍ക്കുന്ന രണ്ട് ടീമുകളായ മുംബൈ ഇന്ത്യന്‍സും ചെന്നൈ സൂപ്പര്‍ കിങ്‌സും നേര്‍ക്കുനേര്‍ എത്തുമ്പോള്‍ ആവേശം വാനോളം. ഉദ്ഘാടന മത്സരത്തില്‍ തങ്ങളെ പരാജയപ്പെടുത്തിയ സിഎസ്‌കെയോട് കണക്കുതീര്‍ക്കാന്‍ മുംബൈ ഇറങ്ങുമ്പോള്‍ നിലനില്‍പ്പിനായുള്ള പോരാട്ടത്തിനാണ് സിഎസ്‌കെ തയ്യാറെടുക്കുന്നത്. നിലവിലെ ഫോമും സാധ്യതകളും പരിശോധിക്കുമ്പോള്‍ വിജയ സാധ്യതയില്‍ മുന്‍തൂക്കം മുംബൈക്ക് തന്നെയാണ്. ഐപിഎല്ലിലെ എല്‍ക്ലാസിക്കോ എന്ന് വിശേഷിപ്പിക്കാവുന്ന മുംബൈ-സിഎസ്‌കെ പോരാട്ടത്തിന് മുമ്പ് തന്റെ വിലയിരുത്തല്‍ വ്യക്തമാക്കിയിരിക്കുകയാണ് ആകാശ് ചോപ്ര.
'സിഎസ്‌കെയ്ക്ക് ഇന്ന് ജീവന്‍മരണ പോരാട്ടമാണ്. ഭാവി അവരുടെ കൈകളിലല്ല. ഇനിയുള്ള നാല് മത്സരങ്ങള്‍ ജയിച്ചാലും നെറ്റ് റണ്‍റേറ്റ് അവരെ ബാധിക്കും. നാല് മത്സരങ്ങളിലും ജയിക്കണമെങ്കില്‍ ഇന്ന് അവര്‍ക്ക് മുംബൈയെ തോല്‍പ്പിക്കേണ്ടതുണ്ട്. ജഗദീശനെ സിഎസ്‌കെ ടീമില്‍ ഉള്‍പ്പെടുത്തണമെന്നാണ് എന്റെ അഭിപ്രായം. കളിച്ച ഒരു മത്സരത്തില്‍ തിളങ്ങാന്‍ അവന് സാധിച്ചിരുന്നു. ഇപ്പോഴും ഞാന്‍ പറയുന്നു കേദാറിന് പകരക്കാരനായി ഒരു പേസ് ബൗളറെ സിഎസ്‌കെ പരിഗണിക്കണം. ഇനിയെങ്കിലും മാറ്റങ്ങള്‍ക്ക് സിഎസ്‌കെ തയ്യാറാവണം'-ആകാശ് പറഞ്ഞു.

ഇത്തവണയും പതിവ് പോലെ സീനിയര്‍ താരങ്ങളുടെ നിരയുമായി ഇറങ്ങിയ സിഎസ്‌കെയ്ക്ക് പിഴച്ചു. ഫഫ് ഡുപ്ലെസിസ്, ഷെയ്ന്‍ വാട്‌സണ്‍, അമ്പാട്ടി റായിഡു, എംഎസ് ധോണി, കേദാര്‍ ജാദവ് തുടങ്ങിയവരെല്ലാം ബാറ്റിങ്ങില്‍ തിളങ്ങാതിരുന്നതോടെ സിഎസ്‌കെ നാണക്കേടിലേക്ക് കൂപ്പുകുത്തി. ഇത്തവണ ഏറെക്കുറെ പ്ലേ ഓഫ് സാധ്യത അവസാനിച്ചതിനാല്‍ത്തന്നെ ഇതുവരെ കളിച്ച എല്ലാ സീസണിലും പ്ലേ ഓഫില്‍ കടന്ന ഏക ടീമെന്ന റെക്കോഡും സിഎസ്‌കെയ്ക്ക് നഷ്ടമാകും. നിലവിലെ സിഎസ്‌കെയുടെ ഫോം വിലയിരുത്തുമ്പോള്‍ മുംബൈ അവര്‍ക്ക് മുന്നില്‍ വന്‍മരമാണ്. എല്ലാ താരങ്ങളും ഫോമിലാണെന്നതാണ് മുംബൈയുടെ പ്രത്യേകത. ടോപ് ഓഡര്‍ തകര്‍ന്നാലും മധ്യനിരയില്‍ രക്ഷാപ്രവര്‍ത്തനം നടത്താന്‍ ഹര്‍ദികും ക്രുണാലും പൊള്ളാര്‍ഡുമുണ്ട്. എന്നാല്‍ രോഹിത് ശര്‍മക്ക് പരിക്കേറ്റുവെന്ന വാര്‍ത്തകളും പുറത്തുവരുന്നുണ്ട്.
'കൃത്യമായി അറിയില്ലെങ്കിലും രോഹിത് ശര്‍മ പരിക്കിന്റെ പിടിയിലാണെന്ന് റിപ്പോര്‍ട്ടുകളും അഭ്യൂഹങ്ങളും പുറത്തുവരുന്നുണ്ട്. രോഹിത് കളിക്കാന്‍ ഫിറ്റാണോ എന്ന അഭ്യൂഹത്തെ ആളിക്കത്തിക്കാന്‍ ഉദ്ദേശിക്കുന്നില്ല. എല്ലാവരും ഫിറ്റാണെങ്കില്‍ മുംബൈ ഇന്ത്യന്‍സ് നിരയില്‍ മാറ്റങ്ങള്‍ സാധ്യതയില്ല. അവസാന മത്സരത്തിലെ രണ്ട് സൂപ്പര്‍ ഓവറുകള്‍ക്കൊടുവിലെ തോല്‍വി അവരെ സഹായിച്ചിരിക്കാനാണ് സാധ്യത. പരിക്കിന്റെ പിന്നാലെ പോകാതെ നിലവിലെ ഫോമിന്റെയും പ്രകടനത്തിന്റെയും അടിസ്ഥാനത്തിലാണ് ഞാന്‍ സംസാരിക്കുന്നത്. നേരത്തെയായിരുന്നെങ്കില്‍ ബൂംറ-ധോണി പോരാട്ടമെന്ന് വിശേഷിപ്പിക്കാമായിരുന്നെങ്കിലും ഇപ്പോള്‍ അത് സാധ്യമല്ല. ഇന്ന് മുംബൈ ജയിക്കുമെന്നാണ് വിലയിരുത്തുന്നത്'-ആകാശ് ചോപ്ര കൂട്ടിച്ചേര്‍ത്തു.