ഇന്ത്യയുടെ ഏകദിന ചരിത്രത്തിലെ മൂന്ന് അവിസ്മരണീയ നിമിഷങ്ങളേത്? തിരഞ്ഞെടുത്ത് ആകാശ്

മുംബൈ: വെസ്റ്റ് ഇന്‍ഡീസിനെതിരായ ഒന്നാം ഏകദിനത്തിലൂടെ ചരിത്ര നാഴികക്കല്ലാണ് ഇന്ത്യ പിന്നിട്ടത്. 1000 ഏകദിന മത്സരം കളിക്കുന്ന ആദ്യത്തെ ടീമെന്ന ചരിത്ര നേട്ടമാണ് ഇന്ത്യന്‍ ടീം കൈവരിച്ചിരിക്കുന്നത്. ഇക്കാലയളവില്‍ രാജ്യത്തിന് അഭിമാനിക്കാവുന്ന നിരവധി നേട്ടങ്ങള്‍ ഇന്ത്യ ഏകദിനത്തില്‍ സ്വന്തമാക്കിയിട്ടുണ്ട്. രണ്ട് തവണ ഏകദിന ലോകകപ്പ് നേടിയതാണ് അതില്‍ പ്രധാനപ്പെട്ടത്. ചാമ്പ്യന്‍സ് ലീഗ് കിരീടവും മറ്റ് നിരവധി ടൂര്‍ണമെന്റുകളും ഇന്ത്യക്ക് വിജയിക്കാനായിട്ടുണ്ട്.

ലോക ക്രിക്കറ്റിലെ മികച്ച ഏകദിന താരങ്ങളെ പരിഗണിച്ചാല്‍ അതിന്റെ മുന്‍നിരക്കാരിലേറെയും ഇന്ത്യന്‍ താരങ്ങളായിരിക്കുമെന്ന് പറയാം. ആധുനിക ക്രിക്കറ്റ് ലോകത്തെ അടക്കിഭരിക്കുന്നവരിലും ഇന്ത്യന്‍ താരങ്ങള്‍ തന്നെയാണ് മുന്നിലുള്ളത്. ഇന്ത്യയുടെ ഏകദിന ക്രിക്കറ്റിന്റെ ഇതുവരെയുള്ള ചരിത്രത്തിലേക്ക് തിരിഞ്ഞുനോക്കുമ്പോള്‍ ഏറ്റവും അഭിമാനിക്കാവുന്ന മൂന്ന് നിമിഷങ്ങള്‍ ഏതൊക്കെയാണ്? മുന്‍ ഇന്ത്യന്‍ ഓപ്പണറും അവതാരകനുമായ ആകാശ് ചോപ്ര തിരഞ്ഞെടുക്കുന്നു.

1983ലെ ഏകദിന ലോകകപ്പ് ഫൈനല്‍ മത്സരമാണ് ആകാശ് ചോപ്ര ആദ്യം തിരഞ്ഞെടുത്തത്. കപില്‍ ദേവിന്റെ നേതൃത്വത്തിലുള്ള ഇന്ത്യന്‍ ടീം ഏകദിന ലോകകപ്പ് കിരീടം ആദ്യമായി ഇന്ത്യക്ക് നേടിക്കൊടുത്തത് ഏതൊരു ഇന്ത്യന്‍ ആരാധകനും മറക്കാനാവാത്ത സംഭവമാണ്. കരുത്തരായ വെസ്റ്റ് ഇന്‍ഡീസിനെ തോല്‍പ്പിച്ചാണ് ഇന്ത്യ അന്ന് കിരീടം നേടിയത്. അട്ടിമറി വിജയമെന്ന് തന്നെയാണ് ഇന്ത്യയുടെ ഈ ലോകകപ്പ് നേട്ടത്തെ വിശേഷിപ്പിക്കാനാവുക.
ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 183 റണ്‍സെടുത്തപ്പോള്‍ മറുപടിക്കിറങ്ങിയ വെസ്റ്റ് ഇന്‍ഡീസിനെ 140 റണ്‍സിന് ഇന്ത്യ കൂടാരെ കയറ്റുകയായിരുന്നു. 43 റണ്‍സിന് ഇന്ത്യ ലോകകപ്പില്‍ മുത്തമിട്ടപ്പോള്‍ ഇന്ത്യയുടെ മൊഹീന്ദര്‍ അമര്‍നാഥാണ് കളിയിലെ താരമായത്. മൂന്ന് വിക്കറ്റും 26 റണ്‍സുമാണ് അദ്ദേഹം നേടിയത്. കപില്‍ ദേവിന്റെ ഓള്‍റൗണ്ട് പ്രകടനവും ലോകകപ്പില്‍ ശ്രദ്ധേയമായിരുന്നു.

രണ്ടാമതായി ആകാശ് ചോപ്ര തിരഞ്ഞെടുത്തത് 2011ലെ ഏകദിന ലോകകപ്പ് ഫൈനലാണ്. ഇന്ത്യ ശ്രീലങ്കയെ തോല്‍പ്പിച്ചാണ് രണ്ടാം ഏകദിന ലോകകപ്പ് കിരീടം സ്വന്തമാക്കിയത്. ശ്രീലങ്ക മുന്നോട്ടുവെച്ച 275 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ഇന്ത്യ നാല് വിക്കറ്റ് നഷ്ടത്തില്‍ 10 പന്ത് ബാക്കി നിര്‍ത്തി വിജയം സ്വന്തമാക്കുകയായിരുന്നു. എംഎസ് ധോണിയുടെ ക്യാപ്റ്റന്‍സിയിലായിരുന്നു ഇന്ത്യയുടെ കിരീട നേട്ടം. ധോണി സിക്‌സിലൂടെ ഫിനിഷ് ചെയ്തത് ഇന്നും ആരാധക മനസിലുണ്ട്.
യുവരാജ് സിങ് കളം നിറഞ്ഞാടിയ ലോകകപ്പായിരുന്നു ഇത്. പന്തുകൊണ്ടും ബാറ്റുകൊണ്ടും ഒരുപോലെ മിന്നിയ യുവി ടൂര്‍ണമെന്റിലെ താരവുമായി. 362 റണ്‍സും 15 വിക്കറ്റുമാണ് അദ്ദേഹം വീഴ്ത്തിയത്. ഇന്ത്യയുടെ ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും ആവേശകരമായ ഏകദിന മത്സരങ്ങളിലൊന്നാണിതെന്ന് പറയാം. സച്ചിന്‍ ടെണ്ടുല്‍ക്കറെ എടുത്തുയര്‍ത്തി താരങ്ങള്‍ വിജയം ആഘോഷിച്ചത് ആരാധക മനസില്‍ നിന്ന് മായാത്ത ഓര്‍മ തന്നെയാണ്.

മൂന്നാമതായി ആകാശ് തിരഞ്ഞെടുത്തത് 2002ലെ നാറ്റ്‌വെസ്റ്റ് പരമ്പരയിലെ ഫൈനല്‍ മത്സരമാണ്. ഇംഗ്ലണ്ടിനെ രണ്ട് വിക്കറ്റിന് തോല്‍പ്പിച്ചാണ് ഇന്ത്യ അന്ന് പരമ്പര നേടിയത്. ചരിത്ര പ്രാധാന്യമുള്ള ലോര്‍ഡ്‌സില്‍ ഇംഗ്ലണ്ട് മുന്നോട്ടുവെച്ച 326 റണ്‍സ് വിജയലക്ഷ്യത്തെ മറികടക്കാന്‍ ഇന്ത്യക്കായി എന്നതാണ് എടുത്തുപറയേണ്ട കാര്യം. മുഹമ്മദ് കൈഫാണ് (87*) അന്ന് ഇന്ത്യയുടെ ഹീറോയായത്. യുവരാജ് സിങ് (69), സൗരവ് ഗാംഗുലി (60) എന്നിവരും ഇന്ത്യക്കായി തിളങ്ങിയിരുന്നു.

അന്ന് കിരീട നേട്ടത്തിന് പിന്നാലെ ലോര്‍ഡ്‌സിലെ ഗ്യാലറിയിലിരുന്ന് ഗാംഗുലി ജഴ്‌സി ഊരി വിജയം ആഘോഷിച്ചത് എന്നും ആരാധകര്‍ക്ക് മറക്കാനാവാത്ത സംഭവമാണ്. സൗരവ് ഗാംഗുലിയുടെ വീറും ആക്രമണോത്സകതയും ഇന്ത്യന്‍ ടീമിന്റെ പോരാട്ടവീര്യവും ഏറ്റവും കൂടുതല്‍ കണ്ട മത്സരങ്ങളിലൊന്ന് തന്നെയായിരുന്നു ഇത്. ഇന്ത്യന്‍ ആരാധകരുടെ ഫേവറേറ്റ് ലിസ്റ്റില്‍ ഉള്‍പ്പെട്ടിരിക്കുന്ന മത്സരമാണിതെന്ന് തീര്‍ച്ച.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications